തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് ഉടൻ ഉണ്ടാകില്ല. സെർവർ തകരാറുകൾ പൂർണമായും പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിംഗ് നടക്കുക. കൂടാതെ റേഷൻ വിതരണത്തിന് തടസമില്ലെന്നും പൂർണമായി നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. സെർവർ തകരാറുകൾ പരിഹരിച്ചതിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ മസ്റ്ററിംഗ് നടത്താനാണ് പദ്ധതിയിടുന്നത്. ഇത് വിജയകരമായാൽ തുടർന്നുള്ള ദിവസങ്ങളിൽ റേഷൻ വിതരണത്തിനൊപ്പം മസ്റ്ററിംഗും നടത്തും.
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ഈ മാസം 31-നുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതേ തുടർന്ന് മാർച്ച് 15,16,17 തീയതികളിൽ സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും നിർത്തി വച്ച് മസ്റ്ററിംഗ് നടത്താൻ സംസ്ഥാന ഭക്ഷ്യ വകുപ്പ് സജ്ജീകരണങ്ങൾ നടത്തി. എന്നാൽ ഇ-പോസ് മെഷീനുകളിൽ നേരിട്ട സെർവർ തകരാറിനെ തുടർന്ന് മസ്റ്ററിംഗ് താത്കാലികമായി നിർത്തി വയ്‌ക്കുകയായിരുന്നു.
ഇ-പോസ് മെഷീനിലെ തകരാർ പരിഹരിക്കുന്നതിന് സമയമെടുക്കുമെന്ന് ഹൈദരാബാദ് എൻഐസിയും സംസ്ഥാന ഐടി മിഷനും സർക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിസന്ധി പൂർണമായും പരിഹരിച്ച ശേഷം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: