തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമ വാര്‍ത്തക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് വിവരാവകാശ രേഖ. കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഇ ഡി അറസ്റ്റ് ചെയ്ത പി. സതീഷ്കുമാറുമായി ഇ.പി. ജയരാജന് അടുത്ത ബന്ധമുണ്ടെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സതീഷ്കുമാറിന്റെ ഡ്രൈവറെന്ന് അവകാശപ്പെട്ട് ചാനലില്‍ പ്രത്യക്ഷപ്പെട്ട ഒരാള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സതീശനുമായി ഇ.പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കി.
സിപിഎം നേതാവ് വിദേശത്ത് സതീശനുമായി ചോര്‍ന്ന് ബിസിനസ് നടത്തുണ്ടെന്നും ആരോപിച്ചു. ഇതിനെ തുടര്‍ന്ന് വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഇ.പി. ജയരാജന് അറിയിച്ചിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ചാനല്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന് വിശദീകരിച്ചു. സിപിഎം ഉന്നത നേതാവിന്റെ വാദത്തെ തള്ളുന്നതാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാകുന്നത്.
തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്ത്തകന് അഡ്വ.കെ. പ്രമോദാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അപകീര്‍ത്തികരമായ വാര്‍ത്തയ്ക്കെതിരെ ഇ.പി. ജയരാജന് കേസ് കൊടുത്തിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം. പരാതിയിന്മേല് എന്ത് നടപടി സ്വീകരിച്ചുവെന്നും, പരാതിയില്‍ കഴമ്പില്ലന്ന് കണ്ട് തീര്പ്പാക്കിയിട്ടുണ്ടൊയെന്നും ചോദ്യമുണ്ടായിരുന്നു.
ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പി എം. എസ്. സന്തോഷ് ആണ് മറുപടി നല്‍കിയിരിക്കുന്നത്.
എന്നാല്‍ വിവരാവകാശരേഖയിലെ വസ്തുതകള്‍ തെറ്റാണെന്ന് ഇ.പി. ജയരാജന് ജന്മഭൂമിയോട് പറഞ്ഞു. ഡിജിപിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പരാതി നകിയിട്ടുണ്ടെന്നും അതിന്മല് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയിന്മേല് തുടര്‍നടപടി ഉടനെ ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: