ഭാരതീയ ചിത്ര സാധന സംഘടിപ്പിക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവലില്‍ സിനിമ എന്നത് വിനോദോപാധിക്കുള്ള മാദ്ധ്യമം മാത്രമല്ല; ഭാരതത്തിന്റെ തനത് സാംസ്കാരികത പ്രചരിപ്പിക്കാനുള്ള ഒരു വേദികൂടിയാണ്. സിനിമയെന്ന ശക്തമായ മാദ്ധ്യമത്തിലൂടെ ഭാരതീയതയുടെ അന്തഃസത്ത പ്രചരിപ്പിക്കാനും നമ്മുടെ സര്‍ഗാത്മകതയും സംസ്കാരിക പൈതൃകവും അതിന്റെ ആഴവും പരപ്പും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഇതോടൊപ്പം വിശിഷ്ടവ്യക്തിത്വങ്ങളുടെ സാന്നിധ്യവും മാസ്റ്റര്‍ ക്ലാസ്സുകളും ഓപ്പണ്‍ ഫോറവും കലാസാംസ്കാരിക പരിപാടികളും ഈ ചലച്ചിത്രോത്സവത്തെ ശ്രദ്ധേയമാക്കുന്നു.
ഭാരതീയമായ സിനിമയെന്ന ആശയത്തിലേക്ക് ആസ്വാദനത്തിലൂടെയും കാഴ്ചകളിലൂടെയും ആഴ്ന്നിറങ്ങാന്‍ ഉത്സുകരായ വിദ്യാര്‍ത്ഥികളടക്കമുള്ള യുവജനതയും, ഒപ്പം പ്രൊഫഷണല്‍ ഫിലിം മേക്കേഴ്സും ഒരുപോലെ ഒത്തുചേരുന്നു ഈ മേളയില്‍.
രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍നിന്ന് 663 ചലച്ചിത്രങ്ങളാണ് ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിനായി ഇത്തവണ ലഭിച്ചത്. അതില്‍ നിന്നും സൂക്ഷ്മമായി തെരഞ്ഞെടുത്ത 133 ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ചില്‍ഡ്രന്‍സ് ഫിലിം, ക്യാമ്പസ് ഡോക്യുമെന്ററി (പ്രൊഫെഷണല്‍, നോണ്‍ പ്രൊഫെഷണല്‍), ക്യാമ്പസ് ഷോര്‍ട്ട്ഫിലിം (പ്രൊഫെഷണല്‍, നോണ്‍ പ്രൊഫെഷണല്‍) എന്നീ വിഭാഗങ്ങളിലായിട്ടാണ് പ്രദര്‍ശനം നടന്നത്. മികച്ച ഷോര്‍ട്ട്ഫിലിമിനും മികച്ച ഡോക്യുമെന്ററിക്കും ഒരു ലക്ഷം രൂപ വീതമുള്ള കാഷ്പ്രൈസ് അടക്കം പത്തുലക്ഷം രൂപയുടെ പ്രൈസ് മണിയാണ് മേളയില്‍ സമ്മാനം നേടുന്നവര്‍ക്ക് നല്‍കിയത്.
ചലച്ചിത്രോത്സവം അവിസ്മരണീയമായ അനുഭവമാക്കി മാറ്റാനുള്ള എല്ലാ ക്രമീകരണങ്ങളും പഞ്ച്കുളയില്‍ ചെയ്തിരുന്നു.
ഭാരതത്തിന് യുഗാബ്ദങ്ങള്‍ നീളുന്ന മഹത്തായ കലാപരമ്പര്യമുണ്ട്. ലോകത്തില്‍ ചലനചിത്രം ഉടലെടുത്തതിന് പിന്നാലെ, ഭാരതത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ 1913-ല്‍ ദാദസാഹെബ് ഫാല്‍ക്കെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘രാജ ഹരിശ്ചന്ദ്ര’യില്‍ നിന്നാണ് മുഴുനീള കഥാചിത്രത്തിന്റെ പിറവിയെങ്കിലും ക്രമേണ ഭാരതീയതയില്‍ നിന്നകന്ന് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഐക്യത്തിന് വിരുദ്ധമായ കാര്യങ്ങളെ പ്രചരിപ്പിക്കുകയാണ് ശക്തമായ ഈ മാദ്ധ്യമത്തിലൂടെ ചെയ്തത്. രാജ്യത്തിന്റെ യഥാര്‍ത്ഥ സംസ്കാരത്തിന്റെയും സാമൂഹിക വ്യവസ്ഥയുടെയും കുടുംബ മൂല്യങ്ങളുടെയും അഭാവമാണ് പുറത്തിറങ്ങിയ ബഹു ഭൂരിഭാഗം ചലച്ചിത്രങ്ങളിലും നിറഞ്ഞുനിന്നത്. ഈ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ ചിത്രസാധന ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്.
രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഈ മേള 2016-ല്‍ മദ്ധ്യപ്രദേശിലെ ഇന്തോറിലാണ് ആദ്യമായി സംഘടിപ്പിച്ചത്. തുടര്‍ന്ന് 2018, 2020, 2022 വര്‍ഷങ്ങളില്‍ യഥാക്രമം ദല്‍ഹി, അംദാവാദ്, ഭോപ്പാല്‍ എന്നിവിടങ്ങളിലും ചലച്ചിത്രമേളകള്‍ സംഘടിപ്പിച്ചു. നിരവധി ചലച്ചിത്രാസ്വാദന ശില്‍പ്പശാലകളും ഭാരതീയ ചിത്രസാധന സംഘടിപ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തോടും ദേശീയതയോടും ആഭിമുഖ്യമുള്ള രാജ്യത്തെ പ്രമുഖരായ നിരവധി ചലച്ചിത്രകാരന്മാര് മേളയിലും ശില്‍പ്പശാലകളിലും പങ്കെടുത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
വിനോദമോ അജണ്ടയോ?
സ്ത്രീ ശാക്തീകരണം, തൊഴില്‍, പരസ്പര ഐക്യം, ഭാവിഭാരതം, വനവാസി സമൂഹം, ഗ്രാമീണ വികസനം, വസുധൈവ കുടുംബകം, ധൈര്യശാലികളായ കുട്ടികള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിലെ നവീകരണം, ധാര്‍മികമായ വിദ്യാഭ്യാസം തുടങ്ങി ഭാരതീയ സമൂഹത്തെയും അതിന്റെ വൈവിധ്യങ്ങളെയും കുറിച്ച് മനസിലാക്കാന്‍ കഴിയുന്ന വിഷയങ്ങളാണ് ഇത്തവണ ചലച്ചിത്രങ്ങള്‍ക്ക് വിഷയമായി നല്‍കിയിരുന്നത്.
പഞ്ച്കുളയിലെ റെഡ് ബിഷപ് റിസോര്‍ട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ നയിച്ച മാസ്റ്റര്‍ ക്ലാസ്സുകളും ഓപ്പണ്‍ ഫോറവും ഉണ്ടായിരുന്നു. കൂടാതെ സംഗീത സന്ധ്യ അടക്കമുള്ള കലാ സാംസ്കാരിക പരിപാടികളും നടന്നു. അന്യംനിന്ന് പോകുന്ന ബയോസ്കോപ് പ്രദര്‍ശനം, പാവകളി തുടങ്ങിയവയും മേളക്കെത്തിയവര്‍ക്ക് കൗതുകം പകര്‍ന്നു.
ഫെസ്റ്റിവലിലെ ആദ്യ മാസ്റ്റര്‍ക്ലാസ്സ് ഇന്ത്യന്‍ സിനിമ വിനോദമാണോ അജണ്ടയാണോ എന്ന വിഷയത്തിലായിരുന്നു. പ്രശസ്ത നടനും സംവിധായകനുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, സാംസ്കാരിക പ്രവര്ത്തകന് സന്ദീപ് ഭൂട്ടോടിയ, ഗായകന് കനയ്യ മിത്തല്‍ എന്നിവരുമായി ഈ വിഷയം ചര്‍ച്ച ചെയ്തത് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അനന്ത് വിജയ് ആയിരുന്നു.
സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്വാധീനം ചെലുത്തുമെങ്കിലും സാമൂഹിക മാറ്റത്തിന് കാരണമാകുമെന്ന ആശയത്തെ നിരാകരിക്കുകയായിരുന്നു ഡോ.ചന്ദ്രപ്രകാശ് ദ്വിവേദി. തന്റെ പ്രശസ്തമായ ‘ചാണക്യ’ സീരിയല്‍ ഒരു അജണ്ടയും മനസ്സില്‍ വെച്ചല്ല നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചാണക്യന് അജണ്ടയായല്ല. ഭാരതചരിത്രത്തിലെ ഒരേട് എന്നതിനാലാണ് നിര്‍മിച്ചതെന്ന് ഡോ. ദ്വിവേദി പറഞ്ഞു. ”സിനിമകള്‍ക്ക് ഒരേയൊരു അജണ്ട മാത്രമേയുള്ളൂ. എങ്ങനെ സിനിമ വിജയിപ്പിക്കാം.”
എന്നാല്‍ ആസൂത്രിതമായി അജണ്ട നിശ്ചയിച്ച് സിനിമകള്‍ ഒരുക്കുന്നുണ്ടെന്ന് കനയ്യ മിത്തല്‍ പറഞ്ഞു. സിനിമയും സംസ്കാരവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിഷയങ്ങള്‍ ഈ മാസ്റ്റര്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തു. ചലച്ചിത്ര രചന, സംവിധാനം, ഛായാഗ്രഹണം, അഭിനയം, ചിത്രസന്നിവേശം തുടങ്ങിയ വിഷയങ്ങളും പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. പല ചലച്ചിത്രങ്ങളും കണ്ട ശേഷമുള്ള ഹിന്ദുസമാജത്തിന്റെ സഹിഷ്ണുതയാണ് ഒരു കുഴപ്പവും ഉണ്ടാക്കാത്തത്. രചനയുടെ ഉത്തരം രചന തന്നെയാവണം. എതിര്‍ക്കേണ്ടത് എതിര്‍ക്കപ്പെടണം. ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
കഥ മുതല്‍ സിനിമ വരെ
സിനിമ സമൂഹത്തെയും വ്യക്തിയെയും എല്ലാ വിധത്തിലും ബാധിക്കുമെന്നും, അതിനാല്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ വിഷയം തിരഞ്ഞെടുക്കുന്നത് ഗൗരവത്തോടെ വേണമെന്നും, അത് അര്‍ത്ഥപൂര്‍ണ്ണവും ആരോഗ്യകരവും ആയിരിക്കണമെന്നും മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.
സിനിമകളുടെ പ്രാധാന്യം കണക്കിലെടുത്ത് 2022-ല്‍ ‘ഹരിയാന ചലച്ചിത്ര-വിനോദ നയം’ രൂപീകരിച്ചിട്ടുണ്ടെന്നും ഒരു വലിയ ഫിലിം സിറ്റിയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
ഭഗവാന് എല്ലാവരേയും സര്ഗ്ഗശേഷിയുള്ളവരായാണ് ഭൂമിയിലേക്ക് അയക്കുന്നതെന്ന് കശ്മീര്‍ ഫയല്‍സ്, വാക്സിന് വാര് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി പറഞ്ഞു. ആഗ്രഹത്തോടൊപ്പം ഭാവനയും ചേരുമ്പോള്‍ ചലച്ചിത്രം പിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കഥ മുതല്‍ സിനിമ വരെ’ എന്ന വിഷയത്തില്‍ മാസ്റ്റര്കഌസ്സ് നയിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സിനിമാക്കാര് വ്യത്യസ്ത ജീവിതങ്ങളുള്ള ഇന്ത്യയിലേക്കു നോക്കാതെ വിദേശത്തേക്കു നോക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമകള്‍ സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് അകന്നു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിലായി സിനിമകള്‍. ഇടതുപക്ഷ-വിദേശ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ആളുകള്‍ സിനിമ ചെയ്തപ്പോള്‍ അത് ഭാരതീയ സമൂഹത്തില്‍ നിന്നും ചരിത്രത്തില്‍നിന്നും അകന്ന് നിന്നു. യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും കഥയില്‍ നിന്നും അപ്രത്യക്ഷമായി. മുന്‍പ് സിനിമയ്ക്ക് കഥ എഴുതുന്നത് ഇടതുപക്ഷക്കാരന് ആണെങ്കിലും യുക്തിവാദി ആണെങ്കിലും ഈശ്വരനെയും ഭക്തിയെയും ദേശത്തെയും ധര്‍മ്മത്തെയും തൊട്ടുകളിക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല. തലമുറ മാറ്റത്തോടെ അതും സംഭവിക്കുന്നു.
യഥാര്‍ത്ഥ കഥ പറയാതിരിക്കുന്നതും കുറ്റകരമാണ്. യുവാക്കള്‍ തങ്ങളുടെ എഴുത്തും ചിന്തകളും സമൂഹമാദ്ധ്യമങ്ങളില്‍ തുറന്നു പറയണം. ജനിച്ച മണ്ണില്‍ കാല് ചവുട്ടിനിന്നു കഥ ഉണ്ടാക്കാണം. നമ്മുടെ സംസ്കാരത്തിന്റെ വില മനസ്സിലാക്കണം. കഥ കണ്ണാടിയാവണം, ആളുകളില്‍ ഇറങ്ങിച്ചെല്ലണം. ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉറക്കെ വിളിച്ചുപറയുകയും കാണിച്ചുകൊടുക്കുകയും വേണം. ഭാരതം ലോകനേതാവാകണമെങ്കില് ഇത് അത്യാവശ്യമാണ്. വിവേക് രഞ്ജന്‍ അഗ്നിഹോത്രി പറഞ്ഞു.
ഭാരതത്തിന്റെ ആത്മീയത വിശദീകരിക്കാന്‍ പറ്റിയ ഏറ്റവും ഫലപ്രദമായ മാദ്ധ്യമമാണ് സിനിമയെന്ന് പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനും ആര്‍എസ്എസ് സഹസര്‍കാര്യവാഹുമായ ഡോ. മന്മോഹന് വൈദ്യ അഭിപ്രായപ്പെട്ടു. ‘ഇന്ത്യന്‍ സിനിമയിലെ ഭാരതീയത’ എന്ന വിഷയത്തിലുള്ള മാസ്റ്റര്‍ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭാരതത്തില്‍ ആത്മീയ പാരമ്പര്യമുള്ള ഒരു സമൂഹം ഉണ്ടായിരുന്നത് കൊണ്ടാണ് വിദേശ അധിനിവേശം ഉണ്ടായിട്ടും സമൂഹം പരാജയപ്പെടാതിരുന്നത്. ഭാരതത്തിന്റെ സഹിഷ്ണുത പ്രാധാന്യമുള്ളതാണ്. എല്ലാവരെയും ഒരുപോലെ കാണുന്നവരാണ് നമ്മള്.
ഒരു മതത്തിന് മാത്രമായി ഒരു പ്രത്യേകതയില്ല. എല്ലാവരെയും സ്വീകരിക്കുന്ന നാം എല്ലാവരുടെയും സുഖമാണ് കാംക്ഷിക്കുന്നത്.
വൈവിദ്ധ്യത്തെ ആഘോഷിക്കുന്ന സംസ്കാരമുള്ള നമുക്ക് മതം ഉപാസനയും ധര്‍മ്മവുമാണ്. നമ്മുടേത് ആത്മീയമായ ജനാധിപത്യമാണ്. ചലച്ചിത്രം കലയാണ്. അത് സത്യവും ശിവവും സുന്ദരവുമാണ്.
അജണ്ടയല്ല സിനിമ. അത് സത്യത്തെ അടിസ്ഥാനമാക്കിയാവണം. അതില്‍ ശിവത്വം വേണം. സുന്ദരവുമാവണം. ഇതെല്ലാം വീട്ടില്‍ നിന്നുതന്നെ പഠിക്കണം, പരമ്പരാഗത പഠനവും പ്രധാനമാണ്. ഭാരതത്തേയും ഭാരതീയതയേയും മനസ്സിലാക്കി ഹ്രസ്വ സിനിമകള്‍ നിര്‍മിക്കുകയാണ് വേണ്ടത്. ഭാരതത്തിന്റെ ആദ്ധ്യാത്മികതയെ നന്നായറിഞ്ഞ് എല്ലാ കലകളുടേയും കലയായ സിനിമകളുണ്ടാക്കുക” ഡോ. മന്മോഹന് വൈദ്യ പറഞ്ഞു.
കണ്‍വെട്ടത്ത് കഥാതന്തു
വിനോദത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ബോളിവുഡ് ചെയ്തതെന്ന് കേരളസ്റ്റോറി, ബസ്തര്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്രങ്ങളുടെ സംവിധായകന് സുദീപ്തോ സെന്‍ പറഞ്ഞു. ‘സ്വപ്നം കാണാനാഗ്രഹിക്കുന്നവര്‍ക്ക് സ്വപ്നം വില്ക്കുന്നുവെന്ന് പറയുന്നത് തന്നെ പ്രേക്ഷകനെ അപമാനിക്കലാണ്.
കേരളസ്റ്റോറിയിലൂടെ സത്യം വിളിച്ചു പറയുകയാണ് ചെയ്തത്. കേരള സ്റ്റോറി വേണമെങ്കില്‍ കച്ചവടസിനിമക്കാര്‍ ചെയ്യുന്നപോലെ ബാലന്‍സിങ്ങ് ആക്കാമായിരുന്നു, ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് പറയാമായിരുന്നു.
എന്നാല്‍ സത്യം പറയാന്‍ തന്നെ തീരുമാനിച്ചു. സത്യം പറയുമ്പോള്‍ ചിലര്‍ക്ക് വേദനിക്കും. ബസ്തര്‍ എന്ന തന്റെ പുതിയ സിനിമ’-1967 മുതല്‍ 2005 വരെ നീളുന്ന മാവോയിസ്റ്റ് ക്രൂരതയുടെ സത്യസന്ധമായ ചിത്രീകരണമാണെന്നും, മാവോയിസ്റ്റുകളുടെ യഥാര്‍ത്ഥ മുഖം ഇതിലൂടെ അനാവരണം ചെയ്യപ്പെടുമെന്നും സുദീപ്തോ സെന്‍ പറഞ്ഞു.
കുടുംബത്തിന്റെ ഭാഗമായ മഹിളകള്‍ക്കുള്ള സിനിമകളും ഗ്രാമത്തിന്റെ കഥകളും ഉണ്ടാവണമെന്നും എല്ലാ കഥകളും രാമത്വത്തിലും ഭാരതീയ വിചാരത്തിലും ഊന്നിനിന്ന് വേണമെന്നും പ്രതിനിധികളുമായുള്ള സംവാദത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ദൂരദര്ശന് ഒരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങേണ്ടതിന്റെ ആവശ്യകതയും ചിലര്‍ ഉന്നയിച്ചു. സംവിധാനം ചെയ്യാന്‍ ഒരു പരിശീലനവും ആവശ്യമില്ലെന്നും, എന്താണോ പറയാനുള്ളത് അത് ആര്‍ജ്ജവത്തോടെ പറയാന്‍ തുനിഞ്ഞാല്‍ വഴി തുറന്നുവരുമെന്നും പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ വിപുല്‍ ഷാ പറഞ്ഞു. ”കേരള സ്റ്റോറിയുമായി സുദീപ്തോ വന്ന് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. ഭാര്യയോടാണ് അഭിപ്രായം ചോദിച്ചത്. ചിലപ്പോള്‍ ഇന്‍ഡസ്ട്രി ബ്ലാക്ക് ഔട്ട് ചെയ്യും. സത്യമാണെങ്കില്‍ നിര്‍മ്മിക്കണമെന്ന് ഭാര്യയാണ് പറഞ്ഞത്.” കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് കൂടിയായ വിപുല്‍ ഷാ പറഞ്ഞു. ”നിരവധി ഭീഷണി ഉണ്ടായിരുന്നു. അതെല്ലാം അവഗണിച്ചു. പോലീസ് പ്രൊട്ടക്ഷന്‍ വേണ്ട എന്ന് തീരുമാനിച്ചു. ഭാരതദേശത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം” വിപുല്‍ ഷാ പറഞ്ഞു.
പ്രാദേശികമായ കഥാതന്തു ആഗോള പ്രശസ്തി നേടുന്ന കാലമാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ചലച്ചിത്രമേളയുടെ സമാപനചടങ്ങില്‍ പറഞ്ഞു. ആര്‍ആര്‍ആര്‍ എന്ന സിനിമയും നാട്ടു നാട്ടു പാട്ടും പ്രശസ്തമായത് ഉത്തമോദാഹരണമാണെന്നും ചുറ്റിലും നോക്കിയാല്‍ കണ്‍വെട്ടത്തുതന്നെ കഥാതന്തു ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകപ്രശസ്തി നേടുന്ന കണ്ടന്റ് കോണ്ടിനന്റ് ആകും ഇന്ത്യ. എന്നാല്‍ കഥ പറയുമ്പോള്‍ സെല്‍ഫ് സര്ട്ടിഫിക്കേഷന് വേണമെന്ന് അദ്ദേഹം പറഞ്ഞു-എന്തൊക്കെ പറയാം എന്തൊക്കെ കാണിക്കാം എന്നതിനെക്കുറിച്ച് ധാരണ വേണം. ഒടിടിയിലും മറ്റും വരുന്ന അശ്ലീല സംഭാഷണങ്ങളേയും മറ്റും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഭാരതീയമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കഥ പറയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡില്‍ സിബിഎഫ്സി ഫെലിസിറ്റേഷന്‍ ഓഫീസ് തുറക്കുമെന്നും, ഫിലിം സെര്‍ട്ടിഫിക്കേഷനില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. അതുപോലെ പത്ര-മാഗസിന് രജിസ്ട്രേഷനുള്ള കടമ്പകള്‍ ഒഴിവാക്കി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭാരതീയ ചിത്രസാധന
പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുന്ന 133 ചലച്ചിത്രങ്ങളില്‍ ദ ഡാന്‍സിങ്ങ് ഗേള്‍, ബര്‍സ എന്നീ രണ്ടു മലയാള ചിത്രങ്ങളും ഉണ്ടായിരുന്നു. ‘ബര്‍സ’യിലെ അഭിനയത്തിന് അശ്വതി രാംദാസ്, ക്യാമ്പസ് (പ്രൊഫഷണല്‍) ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്പവും അടങ്ങിയ പുരസ്കാരമാണ് അശ്വതി രാംദാസിന് ലഭിച്ചത്. ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യുണിക്കേഷന് മുന്‍ വൈസ് ചാന്‍സലറും ഹരിയാന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അധ്യക്ഷനുമായിരുന്ന പ്രൊഫ. ബ്രിജ് കിഷിര് കുത്യാല ചെയര്‍മാനും നിര്‍മ്മാതാവും സംവിധായകനുമായ അതുല്‍ ഗാംഗ്വര് സെക്രട്ടറിയും സംസ്കാര്‍ ഭാരതിയുടെ ദേശീയ കാര്യകാരിണി അംഗമായ അനുപം ഭട്ട്നാഗര്‍ ട്രഷററുമായ ഭരണസമിതിയാണ് ഭാരതീയ ചിത്ര സാധനയെ നയിക്കുന്നത്. ഭാരതീയ ചിത്ര സാധനയുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ രാകേഷ് മിത്തല്‍ അടക്കമുള്ള ട്രസ്റ്റികളും ഇതിന്റെ ഭാഗമാണ്. സുഭാഷ് ഘായ്, ഹേമ മാലിനി, വിവേക് അഗ്നിഹോത്രി, പ്രിയദര്ശന്, മധുര് ഭണ്ഡാര്‍ക്കര്‍ തുടങ്ങിചലച്ചിത്രലോകത്തെ പ്രശസ്തര്‍ ഉപദേശക സമിതി അംഗങ്ങളാണ്.
വിവിധ വിഷയങ്ങളിലുള്ള ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിനോദിപ്പിക്കുന്നതിനൊപ്പം പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് സംഘടനാ മികവില്‍ മുന്നിട്ടുനില്ക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ നിര്‍വ്വഹിച്ചത്. ഭാരതീയ സിനിമയുടെ മഹത്തായ പൈതൃകം ആഘോഷിക്കാന്‍ വീണ്ടും ഒത്തുകൂടാമെന്ന പ്രതിജ്ഞയോടെയാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രതിനിധികളും പഞ്ച്കുളയോട് യാത്ര പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: