കണ്ണൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കരുത്തരെ മത്സരത്തിനിറക്കി മുന്നണികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും മത്സരത്തിനിറങ്ങുമ്പോള്‍ മത്സരം ശക്തമാകുമെന്നുറപ്പാണ്.
1977ല്‍ മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന 12 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമാണ് ഇവിടെ സിപിഎം ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ ജയിപ്പിക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിലപാടാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, ധര്‍മ്മടം, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, ധര്‍മ്മടം, തളിപ്പറമ്പ്, മട്ടന്നൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. ഇതില്‍ ധര്‍മ്മടം നിയോജക മണ്ഡലത്തെ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പ് നിയോജക മണ്ഡലത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് പ്രതിനിധീകരിക്കുന്നതെന്നും പ്രത്യേകതയാണ്. കണ്ണൂരിലേത് പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും അഭിമാനപ്പോരാട്ടം കൂടിയാണ്.
1977ല്‍ കണ്ണൂര്‍ മണ്ഡലം പുനര്‍നിര്‍ണയിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐയിലെ സി.കെ. ചന്ദ്രപ്പന് വിജയിച്ചു. 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (യു) സ്ഥാനാര്‍ത്ഥി കെ. കുഞ്ഞമ്പു വിജയിച്ചു. പിന്നീട് 1984 മുതല്‍ 98 വരെ മണ്ഡലം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 1999ല്‍ എ.പി. അബ്ദുള്ളക്കുട്ടിയിലൂടെയാണ് മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2004ലും അബ്ദുള്ളക്കുട്ടി വിജയിച്ചു. 2009ല്‍ കെ. സുധാകരനിലൂടെ യുഡിഎഫ് ജയിച്ചപ്പോള്‍ 2014 ല്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിച്ച് എല്‍ഡിഎഫ് മണ്ഡലം തിരികെ പിടിച്ചു. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് 94,599 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ പി.കെ. ശ്രീമതിയെ തോല്പിച്ചു.
ഇടത് വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സി. രഘുനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എന്‍ഡിഎ പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്തിക്കഴിഞ്ഞു. എല്‍ഡിഎഫിലും യുഡിഎഫിലും നിരവധി സ്ഥാനമോഹികള്‍ സ്ഥാനാര്ത്ഥിക്കുപ്പായമിട്ട് കളത്തിലിറങ്ങിയപ്പോള്‍ സമവായമെന്ന നിലയിലാണ് എം.വി. ജയരാജനും കെ. സുധാകരനും സ്ഥാനാര്‍ത്ഥികളായത്. മറ്റ് ലോക്സഭാമണ്ഡലങ്ങളില് നിന്ന് വ്യത്യസ്തമായി നേരത്തെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകാറുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലാണ് എന്‍ഡിഎ ശ്രദ്ധയൂന്നുന്നത്.
എംപിയെന്ന നിലയില്‍ കെ. സുധാകരന്റെ പരാജയവും സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ചര്‍ച്ചാ വിഷയമാവുക. കെ. സുധാകരന് കെപിസിസി പ്രസിഡന്റായതോടെ മണ്ഡലത്തിലെ സന്ദര്‍ശനം തന്നെ അപൂര്‍വമായിരുന്നു. ഇടത് വലത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും എന്‍ഡിഎയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതും ഈ ഘടകങ്ങള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: