ഉപ, നി എന്നീ രണ്ട് ഉപസര്ഗങ്ങളോടു കൂടിയ സദ് ധാതുവില്‍നിന്നാണ് ഉപനിഷത്ത് എന്ന ശബ്ദം ഉണ്ടാകുന്നത്. സദ് ധാതുവിന് പ്രാപിക്കല്‍, നശിപ്പിക്കല്‍, ക്ഷീണിപ്പിക്കല്‍ എന്നീ മൂന്ന് അര്‍ത്ഥങ്ങളാണുള്ളത്. ഈ മൂന്ന് അര്‍ത്ഥങ്ങളും ഈശാവാസ്യത്തിന് യോജിക്കുന്നവയാണ്.
ഇത് ജീവനെ അതിന്റെ പരമമായ ഗതിയെ പ്രാപിപ്പിക്കും.
ഇത് ജനനമരണങ്ങള്‍ നല്കുന്ന സംസാരചക്രത്തെ ജീവനില്‍ നശിപ്പിക്കും.
ഈ ജന്മം കൊണ്ട് പരമമായ ലക്ഷ്യത്തെ പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പഠനം ഒരു നഷ്ടമാകില്ല. അത് പിന്നെയും പിന്നെയും ജനിക്കുവാനുള്ള ജീവന്റെ വാസനകളെ ക്ഷീണിപ്പിച്ചുകൊണ്ടിരിക്കും.
ഇതിന് പുറമേ സമീപത്തില്‍ ഇരുത്തി പറഞ്ഞുതരുന്നത് എന്നൊരര്‍ത്ഥം കൂടി ഉപനിഷത്തിന് പറയുന്നുണ്ട്. അതായത് പ്രപഞ്ചസ്രഷ്ടാവായ ഈശ്വരന് തന്റെ സമീപത്ത് ഇരുത്തി പറഞ്ഞു തരുന്നതാണ് ഈ രഹസ്യം. എന്ന് പറഞ്ഞാല്‍ തത്ത്വത്തെ സാക്ഷാത്കരിച്ച് തത്ത്വമായിതീര്ന്ന ഒരു ഹൃദയം, സമരസപ്പെടുവാന്‍ കഴിയുന്ന, തൊട്ടടുത്തുള്ള മറ്റൊരു ഹൃദയത്തിലേക്ക്, അതിന്റെ വിശേഷമായ സ്പന്ദനത്തെ അനുപ്രവേശിപ്പിക്കുമ്പോള് സംഭവിക്കുന്നതാണ് ഈ ദര്‍ശനം അഥവാ ഈ ജ്ഞാനം. അതായത്, സത്യം ഗ്രഹിച്ച ഗുരു തന്റെ പ്രിയ ശിഷ്യനിലേക്ക് പകരുന്നതാണ് ഉപനിഷത്ത്. ഇത് വേദങ്ങളുടെ അവസാനമായാണ് കാണുന്നത്. വെളിവാക്കപ്പെട്ട അറിവിനെ ഗ്രന്ഥരൂപത്തിലാക്കിയപ്പോള്‍ വ്യാസദേവന് സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നീ നിലകളിലാണ് ഓരോ വേദത്തേയും ചിട്ടപ്പെടുത്തിയത്. അങ്ങനെ അവസാനമായി വരുന്നതിനാലും, ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിയപ്പെട്ടതായി തീരുമോ, അതിനെ യാതൊരു മറവുമില്ലാതെ വെളിപ്പെടുത്തുന്നതിനാലും ഇതിനെ വേദാന്തം (അറിവിന്റെ അവസാനം) എന്നും പറയുന്നു.
യജുര്‍വേദത്തിലെ വാജസനേയിശാഖ എന്ന് അറിയപ്പെടുന്ന ശുക്ലയജുര്‍വേദ സംഹിതയില്‍ രണ്ട് കാണ്ഡങ്ങളിലായി നാല്പത് അദ്ധ്യായങ്ങളാണുള്ളത്. ഇതില്‍ മുപ്പത്തൊമ്പത് അദ്ധ്യായങ്ങളിലും യജ്ഞകര്‍മ്മങ്ങളെ കുറിച്ചാണ് പറയുന്നത്. കര്‍മ്മങ്ങള്‍ക്ക് ഇത് നല്കുന്ന പ്രധാന്യം കൊണ്ട് ഇതിനെ കര്മ്മകാണ്ഡമെന്നാണ് വിളിക്കുന്നത്. അവശേഷിക്കുന്ന ഒരു അദ്ധ്യായത്തില്‍, അതിനെ ഒഴിവാക്കി ജ്ഞാനത്തെ മാത്രമായി അവതരിപ്പിച്ചിരിക്കുന്നു. 18 ശ്ലോകങ്ങളുള്ള ഇതിനെയാണ് ജ്ഞാനകാണ്ഡമെന്നും, ഈശാവാസ്യോപനിഷത്തെന്നും പറയുന്നത്.
ഈ ഉപനിഷത്തിനെ ഭഗവദ്ഗീതയുടെ സംക്ഷിപ്തരൂപമായി വേണം നാം കാണുവാന്‍. എന്തെന്നാല്‍ ഇതിലൂടെ ഈശ്വരന് വെളിവാക്കുന്ന ജീവിതരഹസ്യങ്ങള്‍ മുഴുവന്‍ ഭഗവദ്ഗീതയില്‍ വിസ്തരിച്ച് നമുക്ക് കാണുവാന്‍ കഴിയും. അതായത് സര്വഉപനിഷത്തുക്കളുടേയും സത്തയെ 18 അദ്ധ്യായങ്ങളിലായി ഗീതയില്‍ അവതരിപ്പിച്ചത് തന്നെയാണ്, 18 ശ്ലോകങ്ങളായി ഇവിടെ ചുരുക്കി പറഞ്ഞിരിക്കുന്നത്. ഇതിന്റെ ആധികാരികത ഗീതയിലെ നാലാം അദ്ധ്യായത്തില്‍ നമുക്ക് കാണുവാന്‍ കഴിയും, അവിടെ ‘ഞാന്‍ ഈ അവ്യയ ജ്ഞാനത്തെ സൂര്യന് ഉപദേശിച്ചു’ എന്ന് ഭഗവാന് തന്നെയും പറയുന്നുണ്ട്. (ഉപനിഷത്തിന്റെയും ഗീതയുടെയും കാലം അളക്കുന്നവര്‍ക്ക് ഇത് ദഹിക്കില്ല. പക്ഷെ അത് കാലത്തിലൂടെ, അവര്‍ കാലാതിവര്‍ത്തിയായ ഈശ്വരതത്വത്തെ ണുകയും അന്വേഷിക്കുകയും ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ്). സൂര്യന് നല് കപ്പെട്ട ആ ജ്ഞാനത്തെയാണ് അദ്ദേഹം യാജ്ഞവാല്ക്യ മഹര്‍ഷിക്ക് നല്‍കിയത്. അതേ ജ്ഞാനമായതിനാലാണ് ഇതിലെ ഓരോ ശ്ലോകത്തിലും സൂര്യന്റെ സാമിപ്യം നമുക്ക് അറിയുവാനും കഴിയുന്നത്. അങ്ങനെ ഈ ഉപനിഷത്ത് ഗീതയുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു. അതിനാല്‍ ഗീതയോടും സൂര്യനോടും ചേര്‍ന്ന് നിന്ന് വേണം ഇതിനെ മനസ്സിലാക്കുവാന്‍.
കാലചക്രം തിരിഞ്ഞ് കലികാലം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുകയാണ്. തത്ത്വത്തെ ഗ്രഹിക്കുവാനുള്ള ഉള്‍ക്കാഴ്ചയും നമുക്ക് നഷ്ടമായി വരുന്നു. എന്തിനെ തള്ളണം, എന്തിനെ കൊള്ളണം എന്നറിയാതെ മനുഷ്യന് ഇരുട്ടിലാണ്. എങ്ങും മഹാന്ധകാരം. ഇപ്പോള്‍ വേദത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധയോടെ സ്മരിക്കാം. മനുഷ്യന് കണ്ണുകളായി തീര്‍ന്നത് ആദിത്യനാണ്. ആ സൂര്യന് തന്നെ നമ്മുടെ ഉള്‍ക്കണ്ണിനെയും തുറപ്പിക്കട്ടെ.
ഊര്‍ജം വിന്യസിച്ച് സൂര്യനാല്‍ സൃഷ്ടി ക്കപ്പെട്ട ഈ ലോകത്തെ നിലനിര്‍ത്തുന്നതും ഊര്‍ജസ്രോതസ്സായ അവിടുന്ന് തന്നെ യാണ്. അതുപോലെ എല്ലാത്തിനും അകത്തും പുറത്തുമായി നിന്ന് പ്രകാശിക്കുന്ന ആത്മജ്യോതിസ്സായ സൂര്യന് മാത്രമേ, ശ്ലോകരൂപത്തിലുള്ള ഇതിലെ മന്ത്രങ്ങളെ ശരിയായി വെളിവാക്കുവാനും സാധിക്കൂ. അന്തര്യാമിയായ അദ്ദേഹത്തിന്റെ കാരുണ്യത്തിനായി കാണപ്പെടുന്ന ഈ മഹാജ്യോതിസ്സിനെ; ഈ സൂര്യബിംബത്തെ നമുക്ക് ആത്മദേവന്റെ വിഗ്രഹമായി, വിശേഷേണ ഗ്രഹിച്ച് ആദ്യം വണങ്ങാം. സൂര്യദേവനോടുള്ള ഈ വണക്കത്തിന്റെ പൊരുള്‍ ഉപനിഷത്പഠനത്തിന്റെ അവസാനമേ നമുക്ക് മനസ്സിലാകൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: