പ്രൊഫ. ചിറ്റൂര്‍ നാരായണന്‍
നമ്പൂതിരിപ്പാട്
പൂന്താനം വേദാധികാരമില്ലാത്ത ഇല്ലമായിരുന്നു. പൂര്‍വജന്മത്തിലെ ഉദാത്തമായ അറിവു കണക്കാക്കുമ്പോള്‍ വ്യുല്‍പ്പത്തിയും നന്നേ കുറവ്. പക്ഷേ സച്ചിദാനന്ദ മൂര്‍ത്തിയായ ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം സദാ നുകര്‍ന്നുകൊണ്ട് ആനന്ദിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. ”ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍” വ്യാകരണം, മീമാംസ എന്നിവ പഠിക്കേണ്ടതില്ലല്ലോ.
പൂന്താനത്തിന്റെ വാത്സല്യഭാജനമായ ഏകപുത്രന്‍ മര്‍മഭേദകമായ അത്യാഹിതത്തില്‍ മരിച്ചപ്പോള്‍ ഗുരുവായൂരപ്പനെ ശരണംപ്രാപിച്ച കഥ പ്രസിദ്ധമാണല്ലോ. ജ്ഞാനപ്പാന രചിച്ച്, പണ്ഡിതാഗ്രേസരനായ മേല്‍പ്പുത്തൂരിനെപ്പോലും അതിശയിപ്പിച്ച ഐതിഹ്യവും മലയാളികള്‍ക്ക് സുപരിചിതം തന്നെ.
പൂന്താനത്തെക്കുറിച്ച് പ്രസിദ്ധമായ മറ്റൊരു കഥ കൂടിയുണ്ട്. ഒരിക്കല്‍ പൂന്താനത്തിന് അതികഠിനമായ വസൂരിരോഗം പിടിപെട്ടു. അക്കാലത്ത് വസൂരി ബാധിച്ചാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു. പൂന്താനം അസഹ്യമായ വേദനകൊണ്ടു പിടയുമ്പോള്‍, പരദേവതയായ തിരുമാന്ധാംകുന്നു ഭഗവതി പ്രത്യക്ഷപ്പെട്ടുവത്രേ. നേരിയ നീരസത്തോടെ ദേവി പറഞ്ഞു:
”പൂന്താനം ഗുരുവായൂരപ്പന്റെ ഒരുത്തമഭക്തനായിരിക്കുന്നു. ഭഗവാന്‍ ശരിക്കും പ്രസാദിച്ചിട്ടുണ്ട്. വളരെ നന്നായി. പക്ഷേ, എന്നെ മറന്നുവല്ലേ? പരദേവതയെ ഉപാസിച്ചേ തീരൂ. അതു സ്വധര്‍മമാണ്. പരദേവതയെ സേവിക്കാത്തതുകൊണ്ടാണ് ഈ രോഗം പിടിപെട്ടത്. ഒരു കാര്യം ചെയ്യൂ. പൂന്താനം കവിത ചൊല്ലി ഗുരുവായൂരപ്പനെ പ്രീതിപ്പെടുത്തിയല്ലോ. എന്നെ കീര്‍ത്തിച്ചുകൊണ്ടും കവിതയെഴുതൂ. എല്ലാം ശുഭമാകും. രോഗം പെട്ടെന്നു മാറും.”
ഭക്തി നിറഞ്ഞുകവിയുന്ന ഹൃദയത്തോടെ പൂന്താനം തിരുമാന്ധാംകുന്നു ഭഗവതിയുടെ കേശാദിപാദം വര്‍ണിച്ചുകൊണ്ട് കവിത രചിച്ചു. ‘ഘനസംഘം’ എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗാനം സോപാനസംഗീതമായി ഉപയോഗിക്കുന്ന വിശിഷ്ട കൃതിയാണ്. മധുരോദാത്തമായ ആ ഗാനംകൊണ്ടു സംപ്രീതയായ ദേവി പെട്ടെന്ന് രോഗം ശമിപ്പിച്ചുവെന്നാണ് ഐതിഹ്യം.
പൂര്‍വജന്മ കര്‍മഫലം അനുഭവിക്കാതെ തരമില്ലല്ലോ. ഗുരുവായൂരില്‍വച്ച് പൂന്താനത്തിന് അസുഖകരമായ ഒരു അനുഭവമുണ്ടായത്രേ. ക്ഷേത്രത്തില്‍, വലിയമ്പലത്തില്‍ വച്ച്, ബ്രാഹ്മണര്‍ക്ക് സദ്യകൊടുക്കുന്ന പതിവുണ്ടായിരുന്നു. മാന്യസ്ഥാനത്ത്, അതായത് ആദ്യത്തെ ഇലയ്‌ക്കരുകില്‍, ബ്രാഹ്മണ്യവും വേദാധികാരവും തികഞ്ഞ നമ്പൂതിരി വേണമെന്നതും ചിട്ടയായിരുന്നു. ഭക്തോത്തമനായ പൂന്താനം അവിടെയിരുന്നപ്പോള്‍ ചില യാഥാസ്ഥിതികര്‍ അദ്ദേഹത്തോടു കയര്‍ത്തുവത്രേ. ഇനി ഗുരുവായൂരില്‍ സ്ഥിരമായി താമസിക്കേണ്ട എന്ന് ഭഗവാന്‍ തന്നെ നിര്‍ദ്ദേശിച്ചുവെന്നും കഥയുണ്ട്. ‘ഓത്തില്ലാത്ത’ ബ്രാഹ്മണനായി ജനിച്ചതുകൊണ്ടു സംഭവിച്ച അപമാനം!
പൂന്താനത്തിന് കൂടല്ലൂര്‍ മനയുമായി വല്ലാത്ത ആത്മബന്ധമായിരുന്നു. ഭക്തിമൂലം ദിവ്യമായ ഉള്‍ക്കാഴ്ച ലഭിച്ച അദ്ദേഹം പൂര്‍വജന്മത്തെക്കുറിച്ച് ബോധവാനായിരുന്നുവത്രേ. പൂന്താനവുമായുള്ള പ്രത്യേക ബന്ധം അറിഞ്ഞിരുന്ന കൂടല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍ അദ്ദേഹത്തോട് വലിയ മമത പ്രദര്‍ശിപ്പിച്ചിരുന്നു. ഏതായാലും അദ്ദേഹം കൂടല്ലൂരില്‍ ഇടയ്‌ക്കിടയ്‌ക്ക് പോകാറുണ്ടായിരുന്നു.
ഒരിക്കല്‍ പൂന്താനം അവിടെ ചെന്നപ്പോള്‍ നമ്പൂതിരിപ്പാടന്മാര്‍ അദ്ദേഹത്തെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. അതൊരു പതിവായിരുന്നതിനാല്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു. അന്ന് ഒരു വിശേഷദിവസമായിരുന്നതിനാല്‍ കുറെ അതിഥികളുണ്ടായിരുന്നു-യാഗാദികര്‍മങ്ങള്‍ ചെയ്ത സോമയാജിമാരും അക്കിത്തിരിപ്പാടന്മാരും. പൂന്താനത്തിനെ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് ആദരിച്ച് മാന്യസ്ഥാനത്തുതന്നെയിരുത്തി.
വിശിഷ്ടരായ അഗ്നിഹോത്രിമാര്‍ ഊണുകഴിക്കാനിരിക്കുമ്പോള്‍ വേദാധികാരമില്ലാത്ത ഒരാളെ ആദ്യത്തെ ഇലയ്‌ക്കിരുത്തുകയോ? വല്ലാത്ത അപമാനം. വിദ്വാന്മാരുടെ കേന്ദ്രമായ കൂടല്ലൂര്‍ മനയിലാണ് ഇതു സംഭവിച്ചിരിക്കുന്നത്. ഊണു കഴിക്കാതെ എഴുന്നേറ്റുപോയാലോ? കൂടല്ലൂര്‍ മനയില്‍ വച്ച് അപ്രകാരം ചെയ്താല്‍ അതു സാഹസമാകും. വല്ലാത്ത നീരസം തോന്നിയെങ്കിലും അഗ്നിഹോത്രിമാര്‍ ഭക്ഷണം കഴിച്ചു. പണ്ഡിതനായ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് ഉള്ളില്‍ ഊറിയൂറിച്ചിരിച്ചു. പരേതനായ കൂടല്ലൂര്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ആത്മാവും കുസൃതിച്ചിരിയോടെ അതു വീക്ഷിച്ചിരിക്കണം.
എല്ലാവരുടെയും ഊണുകഴിഞ്ഞപ്പോഴും മദ്ധ്യാഹ്നമായിരുന്നില്ല. കുറച്ചുനേരം പൂന്താനം ഭാഗവതം വായിക്കണമെന്ന് നമ്പൂതിരിപ്പാട് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. ഭഗവാനെ പാടിപ്പുകഴ്‌ത്താന്‍ സദാസന്നദ്ധനായിരുന്ന പൂന്താനം നമ്പൂതിരി ക്ഷണം സസന്തോഷം സ്വീകരിച്ചു. അഗ്നിഹോത്രിമാര്‍ക്ക് നീരസം തോന്നി. ഇയാളുടെ കൂടെയിരുന്ന് ഊണുകഴിച്ചാല്‍ പോരാ, ഭാഗവതപാരായണം കേള്‍ക്കുകയും വേണമെന്നോ? നല്ല ശിക്ഷ. കൂടല്ലൂര്‍ മനയിലിരുന്ന് ഭാഗവതം വായിച്ച് അര്‍ത്ഥം പറയാനുള്ള വ്യൂല്‍പ്പത്തിയൊന്നും ഇയാള്‍ക്കില്ലല്ലോ. വേദജ്ഞന്മാര്‍ക്ക് പുരാണപാരായണത്തോട് ഭക്തി കുറവാണുതാനും. അതുകേള്‍ക്കുന്നതിനേക്കാള്‍ ഭേദം അല്‍പ്പം കുംഭകര്‍ണസേവയാണ്. പക്ഷേ, നമ്പൂതിരിപ്പാട് നിര്‍ബന്ധിച്ചാല്‍ അനുസരിക്കാതിരിക്കാന്‍ വയ്യ.
പൂന്താനം വായന തുടങ്ങി വിഭക്തി കുറവുതന്നെ. (പൂന്താനം ഒരിക്കല്‍ ‘പത്മനാഭോ അമരപ്രഭുഃ’ എന്നതിനു പകരം ‘പത്മനാഭോ മരപ്രഭുഃ’ എന്നു ചൊല്ലിയെന്ന് പരിഹസിക്കാറുണ്ട്.) പക്ഷേ, ഭക്തിനിര്‍ഭരമാണ്. ഹൃദയസ്പൃക്കാണ്. കുസൃതിക്കുട്ടനായ ഉണ്ണികൃഷ്ണനെ മടിയില്‍ കിടത്തി താലോലിക്കുന്ന പ്രതീതി. മധുരമധുരം! അല്‍പ്പനേരം കഴിഞ്ഞപ്പോഴേക്കും ശ്രോതാക്കള്‍ ഒരുതരം ആനന്ദലഹരിയില്‍ സ്വയം മറന്ന് ഇരിപ്പായി.
ഇത് ഭാഗവതപാരായണമല്ല; ഭക്തിനിര്‍ഭരമായ മുരളീനാദമാണ്. അമ്പാടിയിലെ ലോകപാലകന്റെ ബാലലീലകള്‍ മനസ്സിന്റെ കണ്ണാടിയില്‍ തെളിഞ്ഞുവരുന്നു. എന്തൊരു അവാച്യമായ ആനന്ദം! സമയം ലാസ്യനൃത്തം ചവുട്ടി.
”സന്ധ്യാവന്ദനത്തിനു സമയമായി. വായനനിറുത്തട്ടേ?” പൂന്താനം ബ്രഹ്മദത്തന്‍ നമ്പൂതിരി ചോദിച്ചു.
ങേ? എന്താ ഇത്? ഉച്ചയ്‌ക്കു മുന്‍പു തുടങ്ങിയ വായനയാണ്. ഇപ്പോള്‍ സായംസന്ധ്യയായിരിക്കുന്നു. ആറേഴു മണിക്കൂര്‍ പോയതറിഞ്ഞതേയില്ല. വല്ലാത്ത ലഹരി.
”സന്ധ്യയാകാറായീന്ന് അറിഞ്ഞില്ല.” ഒരു സോമയാജിപ്പാട് പറഞ്ഞു. ”പൂന്താനത്തിന്റെ വായന എത്ര കേട്ടാലും മുഷിയില്ല. ഓ, വല്ലാത്ത വശ്യഭക്തി. ഭക്തിരസം നിറഞ്ഞൊഴുകുകയാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം നല്ലോണം കിട്ടിയിട്ടുണ്ട്.”
”ശരിയാണ്. ഭഗവാന്റെ കൃപ എന്നേ പറയാന്‍ പറ്റൂ. വായന അതിഗംഭീരം തന്നെയാണ്. പിന്നെ ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റി. ഓത്തില്ലാത്ത പൂന്താനം മാന്യസ്ഥാനത്തിരുന്ന് ഉണ്ടപ്പോള്‍ വല്ലാതെ മുഷിഞ്ഞു. ആ ഗര്‍വ് വിഡ്ഢിത്തമാണെന്ന് ബോധ്യമായി. പൂന്താനം ഗുരുവായൂരപ്പന്റെ സ്വന്തം ആളാണ്. എവിടെ ചെന്നാലും മാന്യസ്ഥാനത്തിന് അര്‍ഹതയുണ്ട്.”
”ശരിയാണ്. പൂന്താനം ദിവ്യനാണ്.” മറ്റൊരു സോമയാജി പിന്താങ്ങി.
കൂടല്ലൂര്‍ നമ്പൂതിരിപ്പാട് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.
പൂന്താനം ബ്രഹ്മദത്തന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളില്‍ വിലയം പ്രാപിച്ചുവെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക