ഓം സ്ഥാപകയാ ച ധര്‍മ്മസ്യ
സര്‍വധര്‍മ്മസ്വരൂപിണേ
അവതാരവരിഷ്ഠായ
രാമകൃഷ്ണായ തേ നമഃ
പാശ്ചാത്യരുടെ ആധിപത്യം ഭാരതത്തിലെ രാഷ്‌ട്രീയത്തിലും വിദ്യാഭ്യാസത്തിലും കൊടികൊണ്ടിരുന്ന കാലം. യുവാക്കള്‍ പടിഞ്ഞാറന്‍ ഭൗതികതയിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും ആകര്‍ഷിക്കപ്പെട്ട് ആര്‍ഷസംസ്‌കാരത്തെ അവഗണിച്ചിരുന്ന കാലഘട്ടം. അനാദികാലം മുതല്‍ പ്രകാശധാരയായി നിലനിന്നിരുന്ന നമ്മുടെ സനാതന ഹൈന്ദവദര്‍ശനങ്ങളെ ഉദ്ധരിച്ച് നയിക്കേണ്ട അവസ്ഥ. ഈ ആപത്‌സന്ധിയില്‍ പ്രേമത്തിന്റെയും പരിശുദ്ധിയുടെയും സത്യധര്‍മ്മങ്ങളുടെയും പ്രതീകമായി ഉദിച്ച അവതാരവരിഷ്ഠനായിരുന്നു ശ്രീരാമകൃഷ്ണദേവന്‍. ഗദാധരനെന്നായിരുന്നു ആദ്യനാമം.
കാളിദേവിയെ പ്രത്യക്ഷത്തില്‍ കാണാന്‍ തീവ്രമായ ഇച്ഛ ഉണ്ടായിരുന്ന ശ്രീരാമകൃഷ്ണന് അസാധാരണമായ കഠിന സാധനകള്‍ അനുഷ്ഠിച്ചതിന്റെ ഫലമായി ദേവീദര്‍ശനം ലഭിച്ചു. ഭക്തിപാരവശ്യത്തില്‍ ഉന്മത്തനായി മാറിയപ്പോള്‍ അദ്ദേഹത്തിന് ചിത്തഭ്രമമാണെന്ന കിംവദന്തി പരന്നു. വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങള്‍ മനസ്സിലാക്കിയ ശ്രീരാമകൃഷ്ണന്‍ തനിക്കുള്ള പെണ്‍കുട്ടി ജയറാംവാടിയില്‍ രാമചന്ദ്രമുഖോപാദ്ധ്യായന്റെ വീട്ടില്‍ ഉണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഭാവിയിലെ പരിപാവനമായ ഒരു ബന്ധത്തിന്റെ തുടക്കമായി. അഞ്ചുവയസ്സുകാരിയായ ശാരദാമണിയും 23 വയസ്സായ ശ്രീരാമകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നു. പ്രായപൂര്‍ത്തിയാകുന്നതുവരെ ശാരദാമണി ജയറാംവാടിയില്‍ തന്നെ വസിച്ചു.
ദക്ഷിണേശ്വരം കാളീക്ഷേത്രത്തില്‍ എത്തിയ ശ്രീരാമകൃഷ്ണന്റെ ഈശ്വരഭക്തിയുടെ ഉന്മാദ ചേഷ്ടകള്‍ കണ്ട് പലരും പരാതിപ്പെട്ടെങ്കിലും ക്ഷേത്രമേധാവിയായ രാസമണിദേവിക്കും മരുമകന്‍ മഥുരനാഥബാബുവിനും അദ്ദേഹത്തിന്റെ ദിവ്യത്വം ഇതിനകം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ ഇരിക്കവെ ആണ് അവിടെ എത്തിയ സംന്യാസിനി ഭൈരവി ബ്രാഹ്മിണി അദ്ദേഹത്തെ ഈശ്വരാവതാരം എന്ന് പ്രഖ്യാപിച്ചത്. ഭാരതത്തിന്റെ ആത്മീയതയ്‌ക്ക് ഉണര്‍വ് ഉണ്ടായി. ‘പൂവ് വിടര്‍ന്നാല്‍ വണ്ടുകള്‍ സ്വയം എത്തിച്ചേരും’ എന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നതുപോലെ ഭക്തര്‍ കരുണാമയനായ ശ്രീരാമകൃഷ്ണന്റെ സന്നിധിയിലേക്ക് വരാന്‍ തുടങ്ങി. സഞ്ചരിക്കുന്ന സംന്യാസിയായ ജടാധാരി അവിടെവന്ന് താമസിക്കുകയും പോകുമ്പോള്‍ താന്‍ കൊണ്ടു നടന്നിരുന്ന ശ്രീരാമന്റെ ബാലവിഗ്രഹമായ രാമലാലനെ ശ്രീരാമകൃഷ്ണന് നല്‍കുകയും ചെയ്തു. രാമലാലനോട് ശ്രീരാമകൃഷ്ണന് വാത്സല്യഭാവമായിരുന്നു. ശ്രീകൃഷ്ണനോടുള്ള ഗോപികമാരുടെ നിര്‍മ്മല മധുരഭക്തിഭാവവും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. വിഭിന്ന ഭക്തിഭാവ സാധനകളിലൂടെ അദ്ദേഹം കടന്നുപോയിരുന്നു.
സമയമാകുമ്പോള്‍ ഗുരുതന്നെ ശിഷ്യന്റെ അടുത്ത് എത്തും എന്നതിന് ഉദാഹരണമായിട്ടെന്നോണം തോതാപുരി എന്ന യോഗിവര്യന്‍ ദക്ഷിണേശ്വരത്ത് എത്തി. പുസ്തകപാണ്ഡിത്യത്തിനോട് ഒരു താത്പര്യവും ഇല്ലാതിരുന്ന ശ്രീരാമകൃഷ്ണന്‍, തന്റെ കാളിമാതാവിന്റെ ഇച്ഛയനുസരിച്ച്, തോതാപുരിയില്‍ നിന്ന് വേദാന്തം അഭ്യസിക്കുകയും സംന്യാസം വരിക്കുകയും ചെയ്തു. തന്റെ ശിഷ്യന്‍ മൂന്നു ദിവസം തുടര്‍ച്ചയായി നിര്‍വികല്പ സമാധിയില്‍ ഇരിക്കുന്നതു കണ്ട് ഗുരു തോതാപുരി അത്ഭുതപ്പെട്ടു. 40 വര്‍ഷത്തെ തപസ്സുകൊണ്ടു മാത്രമാണ് തോതാപുരിക്ക് ആ നിലയില്‍ എത്താന്‍ കഴിഞ്ഞത്. ദേവീ ഉപാസനയില്‍ വിശ്വാസം ഇല്ലാതിരുന്ന തോതാപുരിക്ക് കാളിമാതാവ് ബ്രഹ്മം തന്നെയാണ് എന്ന അനുഭവവും അവിടെവച്ച് ഉണ്ടായി. അതില്‍ സന്തോഷിച്ച് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുഃ ‘ബ്രഹ്മവും ശക്തിയും വ്യത്യസ്തമല്ല-അഗ്നിയും അതിന്റെ ദാഹകശക്തിയും പോലെ’. ശിഷ്യന്‍ ഗുരുവിന്റെ ആദരവിനു പാത്രമായി.
1868 ആദ്യം മഥുര ബാബുവും കൂട്ടരും ഒരുമിച്ച് നടത്തിയ തീര്‍ത്ഥയാത്രയില്‍ വാരാണാസിയിലെ മണികര്‍ണികയില്‍ വെച്ച് ശ്രീരാമകൃഷ്ണന് ദിവ്യദൃഷ്ടിയിലൂടെ ഓരോ ജീവനും ശ്രീപരമേശ്വരനും പാര്‍വതീദേവിയും മുക്തി നല്‍കുന്ന ദൃശ്യം അനുഭവിക്കാന്‍ കഴിഞ്ഞു. ശ്രീകൃഷ്ണസ്പര്‍ശം കൊണ്ട് പാവനമായ വൃന്ദാവനത്തില്‍ എത്തിയപ്പോള്‍ പ്രേമം കൊണ്ട് മതിമറന്നു. ഗോപികമാരുടേതായ മധുരഭാവ ഭക്തിയില്‍ ആമഗ്നനായി. വൃന്ദാവനത്തില്‍ നിന്ന് ഒരു പിടി പുണ്യമണ്ണ് കൊണ്ടുവന്ന് തന്റെ പഞ്ചവടിയില്‍ നിക്ഷേപിച്ച് വൃന്ദാവനം പോലെ പവിത്രമാക്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: