Categories: Vasthu

വാസ്തുവിജ്ഞാനം: പരമപവിത്രമായ ഈശാനകോണ്‍

Published by

രു വീടിനെ സംബന്ധിച്ച് ഗ്രഹങ്ങളും അഷ്ടദിക്കുകളും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. അഷ്ടദിക്കുകളെക്കുറിച്ച് പ്രതിപാദിച്ചതില്‍ എട്ടാമത്തേതാണ് വടക്കുകിഴക്കു ഭാഗമായ ഈശാനകോണ്‍. ഈശാനന്‍ അഥവാ ഈശ്വരന്‍ (ശിവന്‍) ആണ് ഈ ദിക്കിന്റെ ദേവന്‍. അഷ്ടദിക്കുകളില്‍ ഏറ്റവും വിശുദ്ധമായ ദിക്ക് ഇതാണ്. മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്ക് തുറസായി ഇരിക്കേണ്ടതും ഭാരമേറിയ സാധനങ്ങള്‍ ഇവിടെ വയ്‌ക്കാന്‍ പാടില്ലാത്തതുമാണ്. വാസ്തുദേവന്റെ തലവരുന്ന ഭാഗമാണിത്. മനുഷ്യകുല ത്തിന് സമ്പത്തും സന്തോഷവും നല്‍കുന്ന ദേവനാണ് ഈശാനന്‍. മനുഷ്യര്‍ക്കു ദീര്‍ഘായുസ്സ് നല്‍കുവാന്‍ ഇൗശാനന് ശേഷിയുള്ളതുകൊണ്ട് മൃത്യുഞ്ജയന്‍ എന്നും സംബോധന ചെയ്യാറുണ്ട്. കിഴക്കുവടക്ക് മൂലയായ ഈ ഭാഗത്തു പൂജാമുറി വരുന്നതു ശോഭനമാണ്. കൂടാതെ അവിടുത്തെ മുറിയില്‍ പ്രായമായവര്‍ കിടക്കുന്നത് അവരുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും കാരണമാകും. അന്തരീക്ഷത്തില്‍നിന്നും പ്രാപഞ്ചിക ഊര്‍ജത്തെ സ്വീകരിക്കുവാനുള്ള വ്യോമതന്തു (ആന്റിന) പോലെ ഈ ദിക്ക് പ്രവര്‍ത്തിക്കുന്നു.

വാസ്തുവിലെ മണ്ണിന്റെ ലക്ഷണം
1. പുറ്റുള്ള മണ്ണ്
2.ധാരാളം മാളങ്ങള്‍, അല്ലെങ്കില്‍ പോട് ഉള്ള പൊള്ളയായ ഭൂമി
മണ്ണിനു ദുര്‍ഗന്ധം, ധാരാളം കരിക്കട്ട, തലമുടി, അസ്ഥിഖണ്ഡങ്ങള്‍, പഴകിയ പുരാതന വിഗ്രഹങ്ങള്‍, പുരാവസ്തുക്കള്‍, പുഴുക്കള്‍ ഇവ കണ്ടാല്‍ അതേപടി വാസത്തിന് എടുക്കുന്നത് നന്നല്ല.

ഭൂമിയുടെ (പറമ്പ്) സ്വഭാവവും വീടുവച്ചാലുള്ള ഫലവും

ഭൂസ്വഭാവമനുസരിച്ച് എട്ടുവിധമായി ആചാര്യന്മാര്‍ തരംതിരിച്ചിരിക്കുന്നു.

ഗോവീഥി: കിഴക്ക് താഴ്ന്ന് പടിഞ്ഞാറ് ഉയര്‍ന്ന ഭൂമി. ഏറ്റവും ഉത്തമമായ ലക്ഷണമൊത്ത ഇത്തരം ഭൂമിയില്‍ ഭവനം പണിഞ്ഞാല്‍ സര്‍വവിധ ഐശ്വര്യങ്ങളോടെ ജീവിക്കാം.

ജലവീഥി : കിഴക്ക് ദിക്ക് ഉയര്‍ന്ന് പടിഞ്ഞാറ് താഴ്ന്ന ഭൂമിയാണ് ജലവീഥിയായി പരിഗണിക്കുന്നത്. ഇത്തരം ഭൂമിയില്‍ പത്തു വര്‍ഷത്തേക്കു മാത്രമേ ഐശ്വര്യം ലഭിക്കൂ. ദാരിദ്ര്യം, സന്താനക്ലേശം, വിപത്തുകള്‍ ഇവ അനുഭവിക്കേണ്ടിവരാം.

അഗ്നിവീഥി: തെക്കുകിഴക്ക് ദിക്കിനെ അഗ്നികോണ്‍ എന്നും വടക്കുപടിഞ്ഞാറ് ദിക്കിനെ വായുകോണ്‍ എന്നും പറയുന്നു. അഗ്നികോണ്‍ താണ് വായുകോണ്‍ ഉയര്‍ന്ന ഭൂമിയെ അഗ്നിവീഥി എന്നു വിളിക്കും. ഇതില്‍ വീടുപണിതാല്‍ വെറും പന്ത്രണ്ടു വര്‍ഷക്കാലമേ ഐശ്വര്യം ലഭിക്കൂ. പില്‍ക്കാലത്ത് ദാരിദ്ര്യം, അഗ്നി ദോഷം ഇവ വന്നു ഭവിക്കാം.

കാലവീഥി: തെക്കു താണ് വടക്കു ദിക്കുയര്‍ന്ന ഭൂമിയാണ് കാലവീഥി അഥവാ അന്തകവീഥി. വളരെ ദോഷകരമായ ഈ ഭൂമിയില്‍ കേവലം മൂന്നു വര്‍ഷക്കാലത്തേക്കു മാത്രമേ സമാധാനം നില നില്‍ക്കൂ. ഈ ഭൂമിയില്‍ അപമൃത്യു, ധനനഷ്ടം, ദുസ്വഭാവങ്ങള്‍ ഇവ അനുഭവത്തില്‍ വരാം.

ഗജവീഥി : വടക്കുദിക്ക്താണ് തെക്കുദിക്ക് ഉയര്‍ന്നതാണ് ഗജ വീഥി. ഇത് ഉത്തമമാണ്. ഗജവീഥിയില്‍ വീടു പണിതു താമസിക്കുന്നവര്‍ക്ക് അറുപതു വര്‍ഷക്കാലം അഭിവൃദ്ധിയുണ്ടാകും.

ഭൂതവീഥി : തെക്കുപടിഞ്ഞാറ് കോണിനെ നിരൃതികോണ്‍ (കന്നിമൂല) എന്നു പറയും. വടക്കുകിഴക്ക് ദിക്കിനെ ഈശാനകോണ്‍
എന്നുപറയും. ഈശാനകോണ്‍ ഉയര്‍ന്ന ഭൂമിയില്‍ താമസിച്ചാല്‍ ആറുവര്‍ഷത്തേക്കു മാത്രമേ സുഖം ലഭിക്കൂ. അതു കഴിഞ്ഞാല്‍ കഷ്ടത ബാധിക്കും.

ധാന്യവീഥി: നിരൃതികോണ്‍ ഉയര്‍ന്ന് ഈശാനകോണ്‍ താഴ്ന്ന ഭൂമിയാണ് ധാന്യവീഥി. ഏറ്റവും ഉത്തമമായ ഈ ഭൂമിയില്‍ വസിച്ചാല്‍ നൂറു വര്‍ഷം വിവിധ ധനധാന്യസമൃദ്ധിയോടെ, കീര്‍ത്തിയോടെ ജീവിക്കും.

സര്‍പ്പവീഥി: വായുകോണ്‍ (വടക്കുപടിഞ്ഞാറ്) താഴ്ന്ന് അഗ്നി കോണ്‍ ഉയര്‍ന്ന ഭൂമിയെ സര്‍പ്പവീഥി എന്നു വിളിക്കും. ഇതില്‍ വീടുപണിത് താമസിച്ചാല്‍ സന്താനക്ലേശം ഫലം.

നാഗപൃഷ്ഠഭൂമിയില്‍ വീടുപണിയരുത്

കിഴക്കുപടിഞ്ഞാറ് നീളത്തിലും തെക്കുവടക്ക് വീതി കുറഞ്ഞും പാമ്പിന്റെ വാലുപോലെ നീണ്ടഭൂമിയില്‍ വീടു പണിയു ന്നത് വളരെ ദോഷമാണ്. സന്താനദോഷം, ഭാര്യഹാനി, ദുര്‍മരണം എന്നിവയ്‌ക്കു സാധ്യതയുണ്ട്. തെക്കുവടക്ക് നീളത്തിലുള്ള ഭൂമിയില്‍ വീടു പണിയുന്നത് വളരെ ഐശ്വര്യപ്രദമാണ്.

മുറത്തിന്റെ ആകൃതിയിലുള്ള ഭൂമിയില്‍ വീടു പണിയരുത്. ഗൃഹവാസികള്‍വാതരോഗികളായിമാറും. കുംഭാകൃതിയിലുള്ള ഭൂമിയും വീടു പണിക്കെടുക്കരുത്.

നടുഭാഗം താഴ്ന്ന ഭൂമിയില്‍ വീടുവച്ചാല്‍ യാത്രാശീലന്മാരായി മാറും. നടുഭാഗം വളരെ ഉയര്‍ന്നിരുന്നാല്‍ പത്തുവര്‍ഷത്തിനുശേഷം നാനാവിധ വിപത്തുകളാല്‍ നാശം സംഭവിക്കും.

വാസ്തുവില്‍ ഭൂമിദോഷങ്ങള്‍ ഒഴിവാക്കുന്ന രീതി

ജനസംഖ്യാ വര്‍ധനവും പാര്‍പ്പിട ഭൂമിയുടെ ലഭ്യതക്കുറവും പരിഗണിക്കുമ്പോള്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ലഭ്യമാകുന്ന ഒരു തുണ്ട് ഭൂമിയില്‍ വീടു വയ്‌ക്കുകയേ നിര്‍വാഹമുള്ളു. ഭൂമിവില സ്വര്‍ണതുല്യം ഉയരുമ്പോള്‍ മനുഷ്യന് ഒരു അഞ്ചു സെന്റ് ഭൂമി തരപ്പെടുത്തി അതിലൊരു സ്വപ്‌നഭവനം എന്നതുതന്നെ ഒരായുസ്സിലെ വലിയൊരു അഭിലാഷമാണ്. ശാസ്ത്രം വാസ്തുവിന്റെ നാനാഗുണദോഷങ്ങള്‍ പറയുമ്പോഴും ഉള്ള പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ ഒരു മുറിയെങ്കിലും ശരാശരി വാസ്തുദോഷങ്ങള്‍ ഒഴിവാക്കി പണിയാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍ നമുക്കു ലഭിക്കുന്ന ഏതുതരം ഭൂമിയെയും വാസ്തുദോഷങ്ങള്‍ പരിഹരിച്ചു വീടു വയ്‌ക്കാന്‍ യോഗ്യമാക്കിതീര്‍ക്കാം.

വീടുവയ്‌ക്കുന്ന ഭൂമി ഒരുക്കേണ്ടത് ഇങ്ങനെ:

ഏതുതരം ഭൂമിയായാലും വാസ്തുപരമായി വാസയോഗ്യ മാക്കി മാറ്റാനാവും. ഒന്നാമതായി നാം ചിന്തിക്കേണ്ട ഒരു സത്യം ഇതാണ്. നൂറു ശതമാനം വാസ്തുപരമായി അന്യൂനമായ ഒരു വീടുവയ്‌ക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഗൃഹാന്തരീക്ഷത്തിന് ഒരു അന്‍പത് ശതമാനംവരെ വാസ്തുതത്വങ്ങള്‍ ശരിയായിരുന്നാല്‍ മതി. ഒരു ക്ഷേത്രത്തിനാണെങ്കില്‍ നൂറു ശതമാനം വാസ്തുപരമായ മികവ് ഉറപ്പാക്കണം. കാരണം അത്ര പരിശുദ്ധമായ ശുഭചൈതന്യം (പോസിറ്റീവ് എനര്‍ജി) നിറഞ്ഞിരുന്നാലേ ദേവചൈതന്യം നിലനില്‍ക്കൂ. മനുഷ്യനായാല്‍ മത്സ്യമാംസങ്ങള്‍ ഉപയോഗിക്കുകയും, സ്ത്രീകള്‍ അശുദ്ധി ആകുകയും, അശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു ഗൃഹാന്തരീക്ഷത്തിലാണ് ജീവിക്കേണ്ടത്. അവിടെ ശുഭചൈതന്യം പോലെ തന്നെ അല്‍പ്പാല്‍പ്പം അശുഭചൈതന്യവും (നെഗറ്റീവ് എനര്‍ജിയും) ആകാം. വാസ്തുതുപരമായ പ്രയോഗപരിചയത്തില്‍ നിന്നു ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്.
(തുടരും)

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക