പ്രതിപദം മുതലുള്ള തിഥികളില്‍ പതിനൊന്നാമത്തേതാണ് ഏകാദശി. വിഷ്ണുപ്രീതിയ്‌ക്കും പാപശാന്തിക്കുമായി അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. മാസത്തില്‍ രണ്ട് ഏകാദശിയുണ്ട്. ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ഓരോ ഏകാദശി വീതം. സൂര്യോദയത്തില്‍ ദശമീ സംബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി സംബന്ധമുള്ളതിന് ആനന്ദപക്ഷ ഏകാദശി എന്നും പറയുന്നു. ഇവ തന്നെ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. പിതൃപക്ഷം, ദേവപക്ഷം എന്നിങ്ങനെ. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതല്‍ ദിനാരംഭവും ആനന്ദപക്ഷ ഏകാദശിക്ക് അരുണോദയം (സൂര്യോദയത്തിന് നാലു നാഴിക മുമ്പ്) മുതല്‍ ദിനാരംഭവുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ആനന്ദപക്ഷ ഏകാദശിയെടുക്കുന്നവര്‍ അരുണോദയത്തില്‍ ഏകാദശിക്ക് ദശമി സ്പര്‍ശം വന്നാല്‍ ആ ദിവസം വ്രതം അനുഷ്ഠിക്കുകയില്ല. പിറ്റേ ദിവസമാണ് വ്രതമനുഷ്ഠിക്കുക. പൈതൃകക്രിയകള്‍ക്ക് ദശമീസംബന്ധമുള്ള ഏകാദശിയും മുമുക്ഷുക്കള്‍ക്ക് ദ്വാദശിസംബന്ധമുള്ള ഏകാദശിയും വിധിക്കപ്പെട്ടിരിക്കുന്നു.
ഏകാദശി വ്രതാനുഷ്ഠാനത്തിന് പൊതുവേ സ്വീകരിക്കുന്ന വിധി താഴെക്കൊടുക്കുന്നു. ദശമിദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. വെറുംതറയില്‍ വേണം ശയിക്കാന്‍. തനിച്ചാവണം ഉറങ്ങേണ്ടത്. ഏകാദശി ദിവസം രാവിലെ സ്‌നാനാദികര്‍മങ്ങള്‍ക്കു ശേഷം വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുക. അന്നേ ദിവസം പൂര്‍ണമായും വിഷ്ണു ക്ഷേത്ര ത്തില്‍ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നത് ഉത്തമമാണ്. ഊണുറക്കങ്ങള്‍ ആ ദിവസം തീര്‍ത്തും നിഷിദ്ധമാണ്. തുളസീതീര്‍ത്ഥം സേവിക്കാം. ഏകാദശിതിഥിയുടെ അന്ത്യപാദവും ദ്വാദശിയുടെ ആദ്യപാദവും ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജലപാനം കൂടി ഒഴിവാക്കി വ്രതമനുഷ്ഠിക്കാറുണ്ട്. തൈലം, താംബൂലചര്‍വണം തുടങ്ങിയവ ഒഴിവാക്കുകയും മനഃശുദ്ധിയും ശരീരശുദ്ധിയും വാഗ്ശുദ്ധിയും പാലിക്കുകയും വേണം. മൗനവ്രതവും നല്ലതാണ്. ദ്വാദശിദിനത്തില്‍ കുളിച്ച് വിഷ്ണു പൂജ ചെയ്യണം. ബ്രാഹ്മണര്‍ക്ക് ദാനം, ഭോജനം തുടങ്ങിയവയും നല്‍കുന്നത് ഉത്തമമെന്നു കരുതുന്നു. അതിനു ശേഷമാണ് പാരണ (വ്രതസമാപ്തി കുറിച്ചുകൊണ്ടുള്ള ഭക്ഷണം) നടത്തുക. ആ ദിവസം പിന്നെ ഭക്ഷണം കഴിക്കരുത്. ഏകാദശിനാളില്‍ പൂര്‍ണ ഉപവാസം എല്ലാവര്‍ക്കും സാധിച്ചു എന്നു വരികയില്ല. അവര്‍ക്ക് ഒരു നേരം ഫലവര്‍ഗങ്ങളോ മറ്റോ കഴിക്കാവുന്നതാണ്. നെല്ലരിച്ചോറ്, അരി കൊണ്ടുള്ള പലഹാരങ്ങള്‍ തുടങ്ങിയവ അന്ന് തീര്‍ത്തും വര്‍ജ്യമാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ആ ദിവസങ്ങളില്‍ അരിയാഹാരം ഉപേക്ഷിക്കണം എന്നാണു വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: