Categories: World

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി

2019ൽ ബിൽ പാസാക്കിയപ്പോൾ വലിയരീതിയിലുള്ള പ്രതിഷേധം രാജ്യവ്യാപകമായി അരങ്ങേറിയിരുന്നു

Published by

ന്യൂദൽഹി: പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിലായി. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ ഉൾപ്പെടെ വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.

ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിജ്ഞാപനമിറക്കിയത്. 2019ലാണ് പാർലമെന്റിൽ സിഎഎ പാസാക്കിയത്. അഭയാർത്ഥികളായ ആറ് വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം.

കൊവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങൾ വൈകിയതെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർത്ഥികൾക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്നും സർക്കാർ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങൾ നിലനിർത്തും. ഇന്ത്യാക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ചുളള വാർത്താക്കുറിപ്പിലുണ്ട്.

2019ൽ ബിൽ പാസാക്കിയപ്പോൾ വലിയരീതിയിലുള്ള പ്രതിഷേധം രാജ്യവ്യാപകമായി അരങ്ങേറിയിരുന്നു. പ്രതിപക്ഷ പാർട്ടികളും ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളും പ്രതിരോധമുയർത്തിയിരുന്നു.

വിഷയം അടുത്ത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കേരളത്തിലുൾപ്പെടെ മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തും അനുകൂലിച്ചും രാഷ്‌ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ വരുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by