നിരവധി വര്‍ഷങ്ങള്‍ രാമായണ മാസങ്ങളില്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ചെയ്ത പ്രഭാഷണങ്ങളുടെ സാരം ഉള്‍ക്കൊള്ളിച്ച് കെ.എന്‍.ആര്‍. നമ്പൂതിരി രചിച്ച ‘മള്ളിയൂരിന്റെ രാമായണ ചിന്തകള്‍’ എന്ന കൃതി ആദികാവ്യത്തിലെ സനാതനധര്‍മ ചിന്തകളുടെ സമകാലിക പ്രസക്തി വ്യക്തമാക്കുന്നതാണ്. ഗ്രന്ഥകാരന്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് പരമ്പരയായി പ്രസിദ്ധീകരിച്ച മള്ളിയൂരിന്റെ രാമായണ ചിന്തകളാണ് പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. വളച്ചുകെട്ടാത്തതും വലിച്ചുനീട്ടാത്തതുമായ ഗ്രന്ഥകര്‍ത്താവിന്റെ ഭാഷ അന്ത്യന്തം വായനാനുകൂലമാണ്.
പ്രജകളുടെ താല്‍പര്യത്തിനും വിശ്വാസത്തിനും മുന്‍ഗണന നല്‍കിയതുമൂലം പ്രിയപ്പെട്ടതൊക്കെ- സീത, ലക്ഷ്മണന്‍ എന്നിവരെപ്പോലും- ത്യജിച്ച് കര്‍ത്തവ്യനിരതനായ ശ്രീരാമന്റെ കഥ നല്‍കുന്ന കാലാതീത സന്ദേശത്തോടെയാണ് കൃതിയുടെ തുടക്കം. ”ഏകാഗ്രതയ്‌ക്കും തപസ്സിനും ജ്ഞാനത്തിലേക്കുള്ള യാത്രയ്‌ക്കും കര്‍ത്തവ്യങ്ങള്‍ തടസ്സമാകുന്നില്ല. കര്‍ത്തവ്യ നിര്‍വഹണം തപസ്സുതന്നെയാണ്. അതിന് സമര്‍പ്പണത്തിന്റെ ഭാവം വേണമെന്നുമാത്രം.” നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിന്നിട്ടാലും മനുഷ്യര്‍ മനസ്സില്‍ സൂക്ഷിക്കേണ്ട മൂല്യവത്തായ സന്ദേശമാണിതെന്നും, വാല്മീകിയുടെ ഉത്തമപുരുഷനായ രാമന്‍ ഇത് മനുഷ്യവര്‍ഗ്ഗത്തിന് കാണിച്ചുതരികയാണെന്നും ആചാര്യന്‍ അഭിപ്രായപ്പെടുന്നു. കൈകേയിയുടെ ദുര്‍വാശിക്കും തന്റെ വാഗ്ദാനത്തിനുമിടയില്‍ ഇതികര്‍ത്തവ്യമൂഢനായി രാമന് യുവരാജപദവിക്കു പകരം വനവാസം വിധിക്കുന്നുവെങ്കിലും തന്റെ ആജ്ഞ ധിക്കരിക്കണമെന്ന് ദശരഥന്‍ രാമനെ ഉപദേശിക്കുന്നുണ്ട്. നീതിക്കു നിരക്കാത്ത ശാസനകള്‍ ആരില്‍നിന്നുണ്ടായാലും ധിക്കരിക്കുന്നതില്‍ തെറ്റില്ലെന്ന ശാസ്ത്രവചനമാണ് ഇവിടെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ രാമന്‍ തെരഞ്ഞെടുത്തത് ത്യാഗത്തിന്റെ മാര്‍ഗമായിരുന്നുവല്ലോ.
ആദികാവ്യത്തിലെന്നപോലെ കഥയും കാര്യവും ഈ ഗ്രന്ഥത്തില്‍ തന്മയീഭവിച്ചിരിക്കുന്നതു കാണാം. പ്രതിപാദ്യം രാമായണകഥയല്ല, മറിച്ച് കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും അവരുടെ നിലപാടുകളുടെയും വിശകലനമാണെന്ന് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ടെങ്കിലും ഇത് കഥയുമാണ്. കാരണം സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും വിലയിരുത്താന്‍ കഥാപശ്ചാത്തലം വ്യക്തമാക്കണമല്ലോ. ഇതിലൂടെ കൃതിയെ കൂടുതല്‍ രസോന്മേഷിയാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. കഥാപാത്രങ്ങളുടെ പ്രവൃത്തികളുടെയും അനുഭവങ്ങളുടെയും കഥനത്തിലൂടെ സത്യധര്‍മാദികള്‍ ഉദ്ദീപ്തമാക്കുന്നതാണല്ലോ ആദികാവ്യത്തിന്റെ ആകര്‍ഷണം. രാമന്റെ ജീവിതകഥ വിചാരത്തിന്റേതു മാത്രമല്ല, ഭാവങ്ങളും സ്വപ്നങ്ങളും വികാരങ്ങളും കര്‍മശേഷിയുമൊക്കെ ചേര്‍ന്നതാണ്. അതിനാല്‍ത്തന്നെ ആദികവി ഈ വിഭവങ്ങളെയൊക്കെയും ഉത്തമ മൂല്യബോധത്തിന് ഉപാധിയാക്കിയിട്ടുണ്ട്.
രാമായണത്തിലെ ജീവിതം കണ്ടും വായിച്ചും ചിന്തിച്ചും അനുഭവിച്ചും താരതമ്യം ചെയ്തും നമ്മള്‍ സ്വയം പാകപ്പെടുകയാണ് വേണ്ടതെന്ന് ആചാര്യന്‍ ഉദ്ബോധിപ്പിക്കുന്നു. വ്യക്തി പൂര്‍ണവികാസവും ലക്ഷ്യബോധവും പ്രാപിക്കുന്നതില്‍ ഗുരുവിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ്, രാമന്റെ ജീവിതത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങളും. താടകാവധം, അഹല്യാമോക്ഷം, യാഗരക്ഷ, വിവാഹം വിശ്വാമിത്രനോടൊത്തുള്ള യാത്രയിലാണ് നടക്കുന്നതെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
താടകാവധം ദക്ഷിണ ഭാരതത്തില്‍ ആയിരുന്നെന്നും, താടക ദ്രാവിഡ രാജകുമാരിയായിരുന്നെന്നുമുള്ള വാദങ്ങള്‍ രാമായണം സാധൂകരിക്കുന്നില്ലെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു. സരയൂനദിയുടെ തീരത്താണ് താടകാവനം. അതായത് ഇന്നത്തെ യുപി-ബീഹാര്‍ ഭാഗങ്ങളില്‍. അക്കാലത്ത് രാമലക്ഷ്മണന്മാര്‍ അതിന് തെക്കോട്ട് പോയിട്ടില്ലെന്നതിനു രാമായണത്തില്‍ സൂചനകളുണ്ടെന്നും ഈ കൃതിയില്‍ പറയുന്നു. എത്ര ഭയങ്കരിയായാലും ഒരു സ്ത്രീയെ വധിക്കുന്നതിന് രാമന്‍ മടികാണിച്ചിരുന്നു. പക്ഷേ ഇങ്ങോട്ട് ആക്രമിക്കുന്നവരെ കൊല്ലേണ്ടിവന്നാല്‍ അതില്‍ തെറ്റില്ലെന്ന രാമായണത്തിന്റെ ന്യായം കൃതി എടുത്തുപറയുന്നു. അതിന്റെ സാധൂകരണത്തിനായി ‘ആതതായി’ എന്ന ഗണത്തില്‍പ്പെടുന്നവരെ- കൊല്ലാന്‍ അടുക്കുന്നവര്‍, വീടിനു കൊള്ളിവയ്‌ക്കുന്നവര്‍, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നവര്‍ മുതലായവര്‍- വധിക്കുന്നത് ക്ഷത്രിയധര്‍മമാണെന്ന പ്രമാണം കൃതി ഉദ്ധരിക്കുന്നുണ്ട്.
തപസ്സുകൊണ്ട് സംപൂതയായ അഹല്യയുടെ ചരിതം, നിരാലംബയായിരുന്നിട്ടുപോലും രാവണന്റെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സ്ത്രീശക്തിയുടെ പ്രതീകമായ സീതയുടെ മനോബലം, ലക്ഷ്മണന്റെ പൗരുഷ വാദത്തിനുള്ള രാമന്റെ മറുപടി, ഭരതന്റെ നീതിബോധം, ജടായുവിന്റെ ആത്മത്യാഗത്തിന്റെ ഉത്കൃഷ്ട ഭാവം, ബാലിവധത്തിലെ ന്യായാന്യായങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കുന്ന പശ്ചാത്തലവും അവ നല്‍കുന്ന ശ്രേഷ്ഠപാഠങ്ങളും ലളിതമായി കൃതി അവതരിപ്പിച്ചിരിക്കുന്നു.
‘ഭരിക്കുന്നവര്‍ പ്രജകളെ ഭക്ഷിക്കുന്ന കലികാലം’ എന്ന ശീര്‍ഷകത്തില്‍ രഘുവംശത്തിന്റെ ശ്രേഷ്ഠ ഭരണം നടന്നിരുന്ന കാലത്തെയും കലികാലത്തെയും തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ട്. കലികാലത്ത് അനര്‍ഹരും സ്വാര്‍ത്ഥമോഹികളും കള്ളന്മാരും അംഗബലത്തിലൂടെയും കുത്സിതമാര്‍ഗത്തിലൂടെയും സമാജ സംവിധാനത്തെ തകിടം മറിച്ച് ഭരണം കയ്യാളുമെന്ന ഭാഗവതത്തിലെ പ്രവചനം (രാജ്യന്യസ്തു പ്രജാ ഭക്ഷാ-ഭരിക്കുന്നവര്‍ പ്രജകളെ ഭക്ഷിക്കുന്നവരാകും) ഈ കൃതിയിലുണ്ട്. വര്‍ത്തമാന കേരളത്തില്‍ ഇത് വളരെ പ്രസക്തമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: