ശബരിമല: മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോല്‍സവത്തിനുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട മാര്‍ച്ച് 13ന് വൈകുന്നേരം 5 മണിക്ക്തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളുംമേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകരുന്നതോടെ അയ്യപ്പ ഭക്തര്‍ ശരണം വിളികളുമായി പതിനെട്ടു പടികള്‍ കയറി അയ്യപ്പ സ്വാമിദര്‍ശനമാരംഭിക്കും നട തുറന്ന ശേഷം അയ്യപ്പഭക്തര്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും.
മാളികപ്പുറം മേല്‍ശാന്തി പി.ജി.മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. മീനം ഒന്നായ 14ന് പുലര്‍ച്ചെ അഞ്ചുമണിക്ക് തിരുനട തുറക്കും.
തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതല്‍ 7 മണി വരെയും 9 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം നടക്കും.രാവിലെ 7.30 ന് ഉഷപൂജ തുടര്‍ന്ന് ഉദയാസ്തമയ പൂജ. 12.30 ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്‌ക്കും. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൈങ്കുനി ഉത്രം ഉല്‍സവത്തിന് 16 ന് രാവിലെ കൊടിയേറും. രാവിലെ 8.30 നും ഒമ്പതു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ്.
ഉല്‍സവ ദിവസങ്ങളില്‍ ഉല്‍സവബലിയും ഉല്‍സവബലിദര്‍ശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24 ന് രാത്രി ആണ് പള്ളിവേട്ട. ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക. 25ന് രാവിലെ 9 മണിക്ക് ആറാട്ട് പുറപ്പാട്. ഉച്ചക്ക് 11.30 മണിയോടെ പമ്പയില്‍ തിരു ആറാട്ട് നടക്കും.അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകള്‍ പൂര്‍ത്തിയാക്കി ശ്രീകോവില്‍ നട അടക്കും. ഉല്‍സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്‌റ്റേജില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: