മട്ടന്നൂരപ്പന്റെ മണ്ണില്‍നിന്നും മലയാളിയുടെ മനസ്സിലേക്കു മനോധര്‍മങ്ങളെ ആവാഹിച്ച മട്ടന്നൂര്‍ എന്നറിയപ്പെടുന്ന മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഇന്ന് കേരളസംഗീത നാടക അക്കാദമിയുടെ അമരക്കാരനാണ്. 1954 ഓഗസ്റ്റ് 22 ന് വടക്കേമലബാറിലെ തലശ്ശേരിക്കടുത്ത മട്ടന്നൂരില്‍ കണ്ടോത്ത് കുഞ്ഞികൃഷ്ണമാരാരുടേയും കാര്‍ത്ത്യായനി മാരസ്യാരുടേയും മകനായി ജനിച്ച മാരാര്‍ എഴാം വയസ്സില്‍ അച്ഛന്റെ ശിക്ഷണത്തിലാണ് ആദ്യം ചെണ്ട അഭ്യസിച്ചത്. അന്ന് ഒപ്പം വല്യമ്മയുടെ മക്കള്‍ ഗംഗാധരനും ഉമാപതിയും സഹപാഠികളായിരുന്നു.
മട്ടന്നൂരിന്റെ പിതാവിന് മട്ടന്നൂര്‍ സഹകരണ ബാങ്കില്‍ ജോലിയുണ്ടായിരുന്നു. മാത്രമല്ല വല്ലപ്പോഴും ക്ഷേത്രങ്ങളില്‍ തായമ്പകക്കും പോവാറുണ്ട്. അച്ഛന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിപ്പിക്കാന്‍ തുടങ്ങുന്നതിനുമുമ്പേ മഹാദേവസന്നിധിയിലും തറവാട്ടമ്പലത്തിലും പൂജക്കൊട്ടും ശംഖുവിളിയും അനവധി നടത്തി. മാരാരായി ജനിച്ചാല്‍ പഠിച്ചിട്ടല്ല പൂജകൊട്ടും മറ്റു അടിയന്തരപ്രവൃത്തികളും നടത്തുന്നത്. കൊട്ടി പഠിക്കുകയാണ്. എട്ടാമത്തെ വയസ്സില്‍ മട്ടന്നൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ തായമ്പകയുടെ അരങ്ങേറ്റത്തിനു ചെണ്ട തോളിലിട്ടുനല്കിയത് മദ്ദളകേസരി കുഞ്ഞിരാമമാരാരായിരുന്നു.
അരങ്ങേറ്റശേഷം മട്ടന്നൂര്‍ ക്ഷേത്രത്തിലെ അടിയന്തിരത്തിന് സ്ഥിരം ശങ്കരന്കുട്ടിതന്നെയായി.പുലര്‍ച്ചെ മൂന്നിന് പള്ളിയുണര്ത്തണം. വീട്ടില്‍നിന്നും പുലര്‍ച്ചെ പോരുന്നത് ബുദ്ധിമുട്ടായതോടെ രാത്രിയിലെ കിടപ്പും അമ്പലത്തില്‍ തന്നെയാക്കി. ക്ഷേത്രത്തിന്റെ ഉടമസ്ഥനായിരുന്ന മധുസൂദനന് തങ്ങളും അവിടെ തന്നെയായിരുന്നു കിടപ്പ്. അടിയന്തരക്കാലത്ത് ക്ഷേത്രത്തില്‍ ഇടയ്ക്ക് ശങ്കരന്‍കുട്ടി തായമ്പകയും കൊട്ടിപ്പോന്നു. ആ അടിയന്തരനാളുകളില് മട്ടന്നൂരിലെ കല്ലൂരമ്പലത്തില് ഒരു തവണ പോയി തായമ്പക കൊട്ടി.
മട്ടന്നൂര്‍ യു.പി സ്കൂളിലാണ് ശങ്കരന്‍കുട്ടി ആറാംക്ലാസുവരെ പഠിച്ചത്. അതുകഴിഞ്ഞപ്പോള്‍ അനുജനായ മട്ടന്നൂര്‍ ശിവരാമനെ കൊട്ടുപഠിപ്പിക്കാന് തുടങ്ങി. മട്ടന്നൂര്‍ ക്ഷേത്രത്തിലെ അടിയന്തരനാളുകളില് ആകെതിരക്കായിരുന്നു. മറ്റുകുട്ടികളെപ്പോലെ പാടത്തും പറമ്പിലും കളിക്കാനൊന്നും നേരമില്ല. അമ്പലം,വിദ്യാലയം,കടയില്‍പോക്ക്,വാദ്യപഠനം.
അടിയന്തരപ്രവൃത്തിയുമായി കഴിഞ്ഞുകൂടുന്നതിനിടയിലാണ് ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാലയിലെ പേരൂര്‍ ഗാന്ധിസേവാ സദനത്തില്‍ കഥകളിച്ചെണ്ട പഠിക്കാന്‍ പറഞ്ഞയക്കുന്നത്. ഇതൊരു വഴിത്തിരിവായിരുന്നു. മട്ടന്നൂരിലെ നിത്യപൂജയും ശിവേലിയും സ്കൂളിലേക്കുള്ള ഓട്ടവും അങ്ങനെ പെട്ടെന്ന് ഗതിമാറി. സദനത്തില്‍ അന്ന് മട്ടന്നൂരിനൊപ്പം പഠിക്കാനുണ്ടായിരുന്നത് സദനം വാസുദേവന്‍ മാത്രമായിരുന്നു. അദ്ദേഹമാകട്ടെ നാലാംവര്ഷവിദ്യാര്ഥിയുമായിരുന്നു. പല്ലശ്ശന ചന്ദ്രമന്നാടിയാരായിരുന്നു അന്ന് അവിടെ ഗുരു. സദനത്തില്‍ വാദ്യകലാ പഠനം മാത്രമല്ല സ്കൂളുമുണ്ട്. മട്ടന്നൂര്‍ അവിടെ ഏഴാം ക്ലാസില്‍ ചേര്‍ന്നു. സദനത്തിലെത്തിയപ്പോള് പുലര്‍ച്ചെ മൂന്നു മുതല്‍ തുടങ്ങുന്ന അടിയന്തരച്ചടങ്ങില്നിന്നും മട്ടന്നൂരിലെ ഓട്ടത്തില്‍നിന്നും രക്ഷപ്പെടാമെന്നും കരുതിയിരുന്നു എന്നാല്‍ സദനത്തിലാകട്ടെ പുലര്‍ച്ചെ രണ്ടേമുക്കാലിന് എണീക്കണമായിരുന്നു. 3 മുതല്‍ 6 വരെയായിരുന്നു സാധകം. 9 മണിക്കു ചൊല്ലിയാട്ടക്കളരിയിലെത്തണം. അവിടെനിന്നും 10.30 ന് സ്കൂളിലേക്കുപോകും. മൂന്നരയ്ക്കു സ്കൂള്‍വിട്ടാല്‍ വീണ്ടും കളരിയിലേക്ക്. 6 മണിവരെ ആ ചൊല്ലിയാട്ടം നീളും.
അന്നവിടെ കളരിയുടെ ആശാന് കീഴ്പ്പടം കുമാരന് നായരായിരുന്നു. 7 മണിയോടെ ഓരോരുത്തരേയും വെവ്വേറെ കലകള്‍ പഠിപ്പിക്കും. അങ്ങനെ നാലുവര്‍ഷം തുടര്‍ന്നു. ഇതിനിടയില്‍ ആശാന് ചന്ദ്രമന്നാടിയാര്‍ കലാമണ്ഡലത്തിലേക്കുമാറി. സദനം വാസുദേവന്‍ സദനത്തിലെ ഗുരുവായി. ഒപ്പം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടേയും. പത്താംക്ലാസ് പിന്നിട്ടതോടെയാണ് ചെണ്ടയാണ് തനിക്ക് ജീവിതമേകുക എന്നൊരു തോന്നലുണ്ടായിത്തുടങ്ങിയത്. സദനത്തിലെ പഠനനാളുകള്‍ പൂര്‍ത്തിയായി. ആശാന് വാസുദേവന്‍ മാറിപ്പോവുകയും ചെയ്തു. ഇനി എന്തെന്ന ചിന്ത മട്ടന്നൂരിനെ അലട്ടി. സദനത്തിന്റെ സെക്രട്ടറിയായ കെ.കുമാരനോട് മട്ടന്നൂരിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമില്ലെന്ന് ശങ്കരന്‍കുട്ടി പറഞ്ഞു. അങ്ങനെ സദനത്തില്‍ ചൊല്ലിയാട്ടത്തിനുകൊട്ടാനായി ശങ്കരന്‍കുട്ടി വീണ്ടും അവിടെ നിലയുറപ്പിച്ചു.
ഇടയ്ക്ക പഠിക്കണമെന്ന സെക്രട്ടറിയുടെ കൂടി നിര്‍ദേശത്തെത്തുടര്‍ന്നാണ് സെക്രട്ടറിയുടെ ഒരു കത്തുമായി പട്ടരാത്ത് ശങ്കരമാരാരുടെ അടുത്തേക്ക് എം.പി.ശങ്കരമാരാര്‍ എന്ന മട്ടന്നൂര്‍ പോയത്. പട്ടരാന് ആശാന്റെ ആദ്യഭാര്യയിലെ മകനാണ് സാക്ഷാല്‍ പല്ലാവൂര്‍ അപ്പുമാരാര്‍. കത്തുവായിച്ച പട്ടരാനാശാന് അടുത്ത ദ്വിതീയക്കു ചെല്ലാന്‍ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് ശങ്കരന്‍കുട്ടി അന്ന് അവിടെനിന്നും മടങ്ങിയത്. സദനത്തിലെ ചൊല്ലിയാട്ടവും അകലൂരിലെ പട്ടരാശാനുകീഴിലെ ഇടയ്ക്ക പഠനവുമായി നാലുവര്‍ഷം പിന്നിട്ടു. പട്ടരാശാനാണ് ശങ്കരന് എന്നുമാത്രം പേരുള്ള മട്ടന്നൂരിനെ ശങ്കരന്കുട്ടിയാക്കിയത്. പട്ടരാശാനു വേറെ ശിഷ്യരില്ല.
അന്ന് അദ്ദേഹത്തിന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടിയന്തരമുണ്ടായിരുന്നു. കൂടാതെ പഞ്ചവാദ്യങ്ങള്‍ക്കും ഇടയ്ക്കകച്ചേരികള്ക്കും പോകും. മട്ടന്നൂരിനെ ആദ്യമായി മേളത്തിന് ചേലക്കര വെങ്ങാനെല്ലൂര്‍ അഷ്ടമിക്ക് കൊണ്ടുപോയത് പട്ടരാശാനാണ്. മേളം പ്രത്യേകിച്ചൊന്നും പഠിച്ചിട്ടുണ്ടായിരുന്നില്ല. പാഞ്ചാരി പതികാലം മുതല്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ നേരം കയ്യും കോലുമായി കൊട്ടിയത് മറക്കാനാവാത്ത ഒരനുഭവമായിരുന്നു. ഇടയ്ക്ക പഠനം കഴിഞ്ഞപ്പോള്‍ സദനത്തില്‍ മാത്രമായി. അടുത്ത നവരാത്രിക്കാലത്ത് ചേലക്കരയില്‍ മേളത്തില്‍ പങ്കെടുത്തു.
ആയിടക്ക് തിരുവമ്പാടി ക്ഷേത്രത്തിലെ അടിയന്തിരത്തിന്റെ ചുമതലക്കാരനായി പട്ടരാശാന് മട്ടന്നൂരിനെ ചുമതലപ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷം തൃശൂര്‍ക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിത്തന്നെ അടിയന്തരം നിവര്‍ത്തിച്ചുപോന്നു. സദനത്തില്‍നിന്നും പോന്നശേഷം ഒറ്റപ്പാലത്തിനടുത്ത് വീട്ടാംപാറയില്‍ കഥകളിസംഘാടനവും കൊട്ടലുമൊക്കെയായി കുറേക്കാലം നടന്നു. ഏതാനുംപേര്‍ ചേര്‍ന്ന് കഥകളിക്കായി ഭാരതീയ കഥകളിസംഘം എന്നപേരില്‍ സംഘം നടത്തിപ്പോന്നു. സംഘം വലിയ താമസമില്ലാതെ പൊളിഞ്ഞു. എങ്കിലും മഹാരഥന്മാരായ കഥകളിവേഷക്കാര്ക്കൊപ്പം കളിക്കൊട്ട് കൊട്ടി. മഞ്ചേരി കരിക്കാട് ക്ഷേത്രത്തില്‍ കഥകളി നടന്നുകൊണ്ടിരിക്കെ പ്രധാന നടന്റെ ആട്ടത്തിനൊത്ത് മട്ടന്നൂര്‍ കൊട്ടുന്ന വേളയില്‍ നടന്റെ തിരിഞ്ഞുനോട്ടം മട്ടന്നൂരിനെ ഏറെ വേദനിപ്പിച്ചു. അതോടെ കഥകളിക്കൊട്ട് നിര്‍ത്തി തായമ്പകയാണ് തന്റെ ലോകമെന്ന് തിരിച്ചറിയുകയായിരുന്നു.
തിരുവമ്പാടിയില്‍ അടിയന്തരക്കാലത്ത് പൂരമേളത്തില്‍ പങ്കെടുക്കാനായി പട്ടരാനാശാന് മട്ടന്നൂരിനെ വിളിച്ചു. മേളം മാത്രമല്ല മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇടയ്ക്കക്കാരനുമാകണമെന്നായിരുന്നു ആ സ്നേഹത്തോടെയുള്ള അറിയിപ്പ്. അങ്ങനെ ഒരു വടക്കേമലബാറുകാരന്‍ പൂരങ്ങളുടെ പൂരത്തിന് ആദ്യമായി കൊട്ടിയത് മട്ടന്നൂരായിരുന്നു. മഠത്തില്‍വരവിന് അന്ന് തിമിലനിരയില്‍ അന്നമനട അച്ചുതമാരാര്, പള്ളിപ്പാട്ട് അച്ചുതമാരാര്, പൊറത്തുവീട്ടില്‍ നാണുമാരാര്‍ എന്നിവരായിരുന്നു. മദ്ദളത്തിലാകട്ടെ കുളമംഗലത്ത് നാരായണന്‍നായരും തിച്ചൂര്‍ മണിയന് പണിക്കരും കടവല്ലൂര്‍ അരവിന്ദാക്ഷന് നായരും. പല്ലാവൂര്‍ മണിയന്‍മാരാരും കുഞ്ഞുകുട്ടന്‍മാരാരും രണ്ടറ്റത്ത്. ഇടയ്ക്കക്ക് പട്ടരാനും മട്ടന്നൂരും.
പല്ലാവൂര്‍ അപ്പുമാരാര്‍ പാറമേക്കാവിലായിരുന്നുകൊട്ടിയിരുന്നത്. പഞ്ചവാദ്യം കഴിഞ്ഞപ്പോള്‍ മട്ടന്നൂര്‍ ഉരുട്ടുചെണ്ടക്കാരനായി പാണ്ടിമേളനിരയിലെത്തി. അങ്ങനെ 36 വര്‍ഷം പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് തിരുവമ്പാടിക്കണ്ണന്റെ പൂരമേളം കൊട്ടി. 6 വര്‍ഷം പ്രമാണിയുമായി. ആശാനൊപ്പം 9 വര്‍ഷമാണ് പൂരത്തില്‍ പങ്കെടുത്തത്. പൂരത്തിനുമുന്നോടിയായുള്ള 10 ദിവസത്തെ കേളിയും പൂരവും കൂടി അന്ന് ലഭിച്ച പ്രതിഫലം 85 രൂപയായിരുന്നു. ആശാന്റെ മരണശേഷം വന്ന പൂരത്തിന് മട്ടന്നൂര്‍ പോയില്ല. പിന്നീട് കാച്ചാംകുറിശ്ശി ഈച്ചരമാരാര്‍,തൃപ്പേക്കുളം അച്ചുതമാരാര്, പല്ലശ്ശന പൊന്നുകുട്ടന്മാരാര് എന്നിവര്‍ മേളപ്രമാണിമാരായി. അതിനുശേഷം മട്ടന്നൂരിന് നറുക്കുവീണു. കാച്ചാംകുറിശ്ശി കണ്ണന്മാരാരായിരുന്നു വലത്തേകൂട്ട്. ആ പൂരം കഴിഞ്ഞശേഷം കണ്ണന്മാരാര് വാഹനാപകടത്തില്‍ മരിച്ചു.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ മട്ടന്നൂര്‍ താനൂര്‍ കേരളാധീശപുരം വടക്കേമാരാത്ത് ഭാരതിയെ ജീവിതസഖിയാക്കി. ഒന്നരപ്പതിറ്റാണ്ടിനുശേഷം മട്ടന്നൂരും കുടുംബവും വെള്ളിനേഴിയിലേക്ക് താമസം മാറി. ആലിപ്പറമ്പു ശിവരാമപ്പൊതുവാളിനൊപ്പം ഇരുപതുവര്‍ഷം ഇരട്ടത്തായമ്പക കൊട്ടി നടന്നു. പല്ലാവൂര്സഹോദരങ്ങള്, തൃത്താലകേശവപ്പൊതുവാള്, തൃത്താല കുഞ്ഞികൃഷ്ണപൊതുവാള് എന്നിവര്‍ക്കൊപ്പവും തായമ്പക കൊട്ടി. വെള്ളിനേഴി സ്കൂളില്‍ 19 വര്‍ഷം ചെണ്ടയുടെ അധ്യാപകനായി.
മട്ടന്നൂരില്‍ പഞ്ചവാദ്യസംഘം രൂപീകരിച്ചപ്പോള്‍ അവിടെ തിമില അഭ്യസിക്കാനെത്തിയത് പല്ലാവൂര്‍ മണിയന്മാരാരായിരുന്നു. മദ്ദളത്തിന് ചെര്‍പ്പുളശ്ശേരി ശിവനും. മണിയന്മാരാരില്നിന്നും തിമിലയും പുളിയാമ്പുള്ളി ശങ്കരമാരാരില്നിന്നും അതിവിശിഷ്ടങ്ങളായ പാണിയും ക്ഷേത്രാടിയന്തരച്ചടങ്ങുകളും പഠിച്ചു. തലശ്ശേരി പത്മനാഭന്വൈദ്യരുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. അരനൂറ്റാണ്ടിലേറെയായി ചെണ്ടയുടെ ലോകത്ത് വിരാജിക്കുന്നു. ചെണ്ടയുടെ പ്രയോഗത്തിലും വൈവിധ്യത്തിലും അസാമാന്യശൈലികള് കൊണ്ടുവന്ന പ്രതിഭകളില്‍ പ്രധാനി. ഇന്ത്യയിലും ഒട്ടനവധി വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിനുവേദികളില്‍ തായമ്പക അവതരിപ്പിച്ചു.
പത്തൊമ്പതുവര്‍ഷം വെള്ളിനേഴി ഗവ.ഹൈസ്കൂളില്‍ ചെണ്ട അധ്യാപകനായിരുന്നു. പത്മശ്രീയും കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങള്‍ മാരാരെ തേടിയെത്തി. ഉമയാള്‍പുരത്തിന്റെ മൃദംഗവും സക്കീര്‍ ഹുസൈന്റെ തബലയും ബാലഭാസ്കറിന്റെ വയലിനും മട്ടന്നൂരിന്റെ ചെണ്ടക്കൊപ്പം ചേര്‍ന്നു. മലയാളിയുടെ സ്വന്തം വാദ്യമായ ചെണ്ടയുമായി ലോകപ്രശസ്തകലാകാരന്മാര്ക്കൊപ്പം മട്ടന്നൂര്‍ താളവിസ്മയമൊരുക്കി. തായമ്പകയിലെ ശുദ്ധവും സുഭഗവുമായ എണ്ണങ്ങളെ തോലിട്ടവാദ്യമായ ചെണ്ടയില്‍ മട്ടന്നൂര്‍ ഏറ്റിച്ചുരുക്കിയപ്പോള്‍ തോല്‍ക്കാത്ത മനസ്സോടെ അവയെ വയലിനില്‍ ആവാഹിച്ച ബാലഭസ്കറിന്റെ നിര്യാണം മട്ടന്നൂരിന് താങ്ങാവുന്നതിലും അധികമായിരുന്നു.
മട്ടന്നൂരിന്റെ അറുപതാംപിറന്നാളാഘോഷത്തോടനുബന്ധിച്ച് 2014 ഓഗസ്റ്റ് 22 ന്് വെള്ളിനേഴിയില്‍ നടന്നശ്രുതിമേളനവേദിയില് നടന്ന ജുഗല്‍ബന്ദിയില്‍ ശിവമണി, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ബാലഭാസ്കര്‍ എന്നിവര്‍ താളസാഗരംതീര്ത്ത് മട്ടന്നൂരിന് പിറന്നാള്‍ സമ്മാനമൊരുക്കിയിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിലാണ് മട്ടന്നൂര്‍ ഇത്തരത്തില്‍ മഹാപ്രതിഭകളുമായി സംഗമിച്ച് ആസ്വാദകരെ കോരിത്തരിപ്പിച്ചത്. അസുരവാദ്യമെന്ന് വിശേഷിപ്പിക്കുന്ന ചെണ്ടയെ ലോകത്തിലെ ഒട്ടനവധി വാദ്യങ്ങളുമായി സംഗമിപ്പിക്കുകയായിരുന്നു മട്ടന്നൂര്‍. ക്ഷേത്രവാദ്യകലാരംഗത്ത് ആദ്യമായി പത്മശ്രീ ലഭിച്ചത് മട്ടന്നൂരിനായിരുന്നു. പിന്നെയാണ് പെരുവനം കുട്ടന്മാരാര്ക്കു പത്മശ്രീയും കുഴൂര്‍ നാരായണമാരാര്‍ക്ക് പത്മഭൂഷണും ലഭിക്കുന്നത്.
ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി കേരളസംഗീതനാടക അക്കാദമിയുടെ അമരക്കാരനായി ഒരു ചെണ്ട കലാകാരന് അവരോധിക്കപ്പെട്ടിരിക്കുന്നു. താളവും ഈണവും സംഗമിച്ച സംഗീതസമന്വയത്തിന്റെ അകമ്പടിയോടെയായിരുന്നു അസുരവാദ്യത്തിന്റെ ദേവശില്‍പ്പി മട്ടന്നൂര്‍ അക്കാദമിയുടെ അമരക്കാരനായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: