Categories: Literature

മാതൃത്വം (കവിത)

കവിത

Published by

ത്പത്തിയെന്ന വാക്കിനുടമയായ്
അമ്മയെന്നല്ലാതൊരു മറു വാക്കില്ലൂഴിയില്‍
സ്‌നേഹത്തിന്‍ പര്യായപദത്തിന്നുടയോളായി
അമ്മയെന്നല്ലാതൊരു പര്യായവുമില്ല
ദേഹിയൊരു ദേഹം ധരിക്കുന്ന നാള്‍ മുതല്‍
സ്‌നേഹ സംരക്ഷണ വല തീര്‍ത്തിടും അമ്മ
അന്നേ തുടങ്ങുന്ന നവജീവല്‍ പരാക്രമം
ആമോദമോടെ രസിക്കുമാ മാതൃത്വം
നവരസങ്ങളാദി മറ്റു രസങ്ങളും
സ്വഭോജനമാക്കിക്കരുതി വെക്കുമമ്മ
സംതൃപ്തി സ്ഥായീ ഭാവമാക്കി സദാ
നവ മുകുളനത്തിന്നായ് കാത്തിരിപ്പൂ അമ്മ
ഞാനെന്ന ദേഹത്തോടൊപ്പം ദേഹി
ക്ഷിതിയിലെത്തുമാ നിമിഷം മുതല്‍
മല്‍ ദേഹം വെടിഞ്ഞാ ദേഹി മടങ്ങും വരെ
അല്ലലകറ്റിയെന്‍ സ്വത്വം വിളങ്ങു വാന്‍
ജനിതക കാന്തിതന്‍ ഉശിരേകും അമ്മമനം
ഒരു തരി പരിഭവം ഒരു വെറുപ്പിന്‍ കണം
കലരാത്ത സ്‌നേഹക്കവചമായ് നില്‍പ്പവള്‍
ത്യാഗ ഹസ്തങ്ങളാല്‍ താങ്ങിനിര്‍ത്തീടുന്ന
ജീവനപാലനാമുണ്മയല്ലോ അമ്മ
വളര്‍ന്നേറി എത്ര പടര്‍ന്നു നിന്നാകിലും
മരണം പുല്കീടുന്ന നിമിഷം വരെ
അമ്മിഞ്ഞപ്പാലമൃത് മടിയില്ലാതൂട്ടിയൊരാ
ഉയിരിന്‍ മാതൃത്വം ദൈവീക ഭാവം
മാതാവിന്‍ കണ്ണുനീരിന്‍ കറ വീണാല്‍
ഗംഗയില്‍ കുളിച്ചാലും മായുകില്ല
അനിതരസാധാരണ മാതൃത്വഭാവമീ
പാരിന്നേകിയ കാലവൈഭവമേ
നിന്നോടെനിക്കിന്നുണ്ടൊരു ചോദ്യം
മാതൃമഹത്വം ഈ മനുജന്റെ പ്രജ്ഞയില്‍
എന്തേ കാലമേ നീ തെളിക്കാത്തൂ
കലിയുഗമിതെന്നു നീ ചൊല്ലും കാരണം
കളിവാക്കു മാത്രമാണതെന്നു ഞാന്‍ പറയും
യുഗാന്തരങ്ങളല്ലയിതിനു കാരണം
മാതൃത്വഹീനമെന്നും ഭവിച്ചതു
പുരാണേതിഹാസങ്ങളെല്ലാം സാക്ഷി
കാരണമിനിയാരോടു ചോദിക്കേണ്ടതിന്നുമേ?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by