Categories: Varadyam

ഞാന്‍ സുഗതകുമാരി ടീച്ചറുടെ ടീച്ചര്‍!

Published by

എം ശ്രീഹര്‍ഷന്‍

ഴിഞ്ഞ ബുധനാഴ്ച. രാവിലെ 10-30. അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍. ഒരു അപരിചിത നമ്പറില്‍നിന്ന്. ”ഹലോ, ഞാന്‍ സുഗതകുമാരി ടീച്ചറുടെ ടീച്ചര്‍. പേര് രുഗ്മിണി. രുഗ്മിണി ഗോപാലകൃഷ്ണന്‍. സുഗതകുമാരിയെക്കുറിച്ചുള്ള താങ്കളുടെ ലേഖനം വായിച്ചാണ് വിളിക്കുന്നത്.” ആദ്യമൊന്ന് അമ്പരന്നു. സുഗതകുമാരിയുടെ തൊണ്ണൂറാം ജന്മവാര്‍ഷികമാണിത്. അപ്പോള്‍ അവരുടെ ടീച്ചര്‍ക്ക് എത്ര വയസ്സായിക്കാണും. നൂറിനപ്പുറമാവുമല്ലോ! തെല്ലൊരന്താളിപ്പോടെ കേട്ടുകൊണ്ടെയിരുന്നു.

”അദ്ഭുതപ്പെടുകയൊന്നും വേണ്ട. എനിക്ക് സുഗതകുമാരിയേക്കാള്‍ രണ്ടു വയസ്സു കുറവാണ്. ഇപ്പോള്‍ എണ്‍പത്തെട്ടേ ആയിട്ടുള്ളൂ.” വിദ്യാര്‍ഥിയേക്കാള്‍ പ്രായം കുറഞ്ഞ അധ്യാപി
കയോ! കൗതുകം വര്‍ധിച്ചു. ഫോണ്‍സംഭാഷണം തുടരുകയാണ്. ”ഞാന്‍ സുഗതകുമാരിയെ ഏഴു വര്‍ഷം വീണ പഠിപ്പിച്ചിട്ടുണ്ട്.”

ആകാംക്ഷയും കൗതുകവും ഇരട്ടിയായി. പുതിയൊരറിവ്! സാഹിത്യം, പരിസ്ഥിതി, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചര്‍ക്ക് സംഗീതത്തിലും പ്രാവീണ്യമുണ്ടായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടില്ല. ശ്രദ്ധയോടും അതീവതാല്പര്യത്തോടുകൂടി ഏഴു വര്‍ഷക്കാലം അവര്‍ വീണാവാദനകല അഭ്യസിച്ചിരുന്നത്രേ.

രുഗ്മിണി ടീച്ചര്‍ ആ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: ”1987 മുതല്‍ 7 കൊല്ലക്കാലം തിരുവനന്തപുരം വി.കെ.കെ. നഗറിലുള്ള ‘ദേവിനിവാസ്’ എന്ന എന്റെ ഗൃഹത്തില്‍ വന്നാണ് സുഗതകുമാരി ടീച്ചര്‍ വീണ അഭ്യസിച്ചത്. പഠിക്കാന്‍ വരുന്ന ദിവസങ്ങളില്‍ കൃത്യനിഷ്ഠയോടെ എത്തും. വന്നയുടന്‍ പുഞ്ചരിച്ച് കൈകൂപ്പി എന്റെ കാലുതൊട്ട് നമസ്‌ക്കരിച്ച ശേഷമേ ക്ലാസ്സിലിരിക്കയുള്ളൂ. പായ വിരിച്ചു നിലത്തിരുന്ന് വീണ എടുത്ത്‌വച്ച് ശ്രദ്ധയോടെ അഭ്യസിക്കും. മുന്‍ക്ലാസ്സില്‍ പഠിപ്പിച്ച പാഠങ്ങള്‍ പ്രാക്ടീസ് ചെയ്ത് കൃത്യമായി വായിക്കും. കീര്‍ത്തനംവരെ പഠിക്കുകയുണ്ടായി. എന്നേക്കാള്‍ പ്രായക്കൂടുതലാണെങ്കിലും ഭവ്യതയും ഗുരുഭക്തിയും എളിമയും തുളുമ്പുന്ന ശിഷ്യയായിരുന്നു സുഗതകുമാരി.”
രുഗ്മിണി ടീച്ചര്‍ വിശദീകരിച്ച പ്രകാരമാണെങ്കില്‍ തന്റെ അമ്പത്തിമൂന്നാമത്തെ വയസ്സിലാവണം സുഗതകുമാരി വീണയഭ്യസിക്കാന്‍ തുടങ്ങിയത്. ”ആരെന്റെ കൈയിലൊരു മണ്‍വീണയേകി…” എന്ന വരികള്‍ എഴുതിയ കാലത്തിനു ശേഷം. എന്താവാം ആ പ്രായത്തില്‍ അവരെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. വീണയഭ്യസിച്ചെങ്കിലും അവര്‍ എതെങ്കിലും വേദികളില്‍ വാദനം ചെയ്തതായി അറിവില്ല. ചുറ്റിലുമുള്ള ലോകത്തിന്റെ ശോകാര്‍ദ്രവും നിരാലംബവുമായ അവസ്ഥ അനുഭവിച്ചറിഞ്ഞ് മനസ്സു വെന്തുരുകിയ കവി ആത്മസാന്ത്വനത്തിനാവണം വീണാതന്ത്രികള്‍ മീട്ടിയത്. അശരണരായ ഒരുപാട് മനുഷ്യാത്മാക്കള്‍ക്കും നാശോന്മുഖമായ പ്രകൃതിക്കും അഭയവും സംരക്ഷണവും നല്കാന്‍ ജീവിതമുഴിഞ്ഞുവച്ച കവി അതിനുള്ള ശക്തി സംഭരിക്കാനാവും സംഗീതപ്രണയിയായത്.
”എന്റെ കവിതയ്‌ക്ക് വാക്കുകളില്ലെന്റെ
സങ്കടത്തിനു നിലവിളിയില്ലെന്റെ
വിണ്‍പിറാവിന് ചിറകുകളില്ലെന്റെ
കണ്‍കള്‍ക്ക് നോക്കുവെളിച്ചമില്ല…”

ഇങ്ങനെ ശൂന്യത നിറയുമ്പോള്‍ ഏകാന്തതയുടെ ഇരുട്ടിലിരുന്നുകൊണ്ട് കവി വീണയെടുത്ത് മടിയില്‍വച്ച് തന്ത്രികള്‍ തഴുകിയിരിക്കാം. ആ നാദവീചികളാവാം ലോകജീവിതത്തെക്കുറിച്ചുള്ള ശുഭചിന്തയുടെ നാമ്പുകള്‍ അവരുടെ ആത്മാവില്‍ പിന്നെയുംപിന്നെയും മുളപ്പിച്ചുകൊണ്ടിരുന്നത്. ”ഉള്ളിലായ് പെട്ടന്നാഹാ, പൊങ്ങിപോല്‍ വെളിച്ചത്തിന്‍, കല്ലോലം!” എന്ന അനുഭൂതി നിറച്ചത്. ആ നാദപ്രപഞ്ചത്തില്‍ നിന്നാവാം കവിയുടെ തൂലികയിലേക്ക് വീണ്ടുംവീണ്ടും വാക്കുകള്‍ ഒഴുകിയെത്തിയത്. ഒരു പാട്ടു പിന്നെയും പാടി നോക്കാനുള്ള മോഹമുദിച്ചത്.

വീണാപഠനത്തിന്റെ ആരുമറിയാത്ത ആ രഹസ്യം തന്റെ ഗുരുവായ രുഗ്മിണി ടീച്ചറെക്കൊണ്ടുതന്നെ മുന്‍പരിചയമില്ലാത്ത ഒരാളോട് വിളിച്ചു പറയാന്‍ തോന്നിപ്പിച്ചത് സുഗതകുമാരി ടീച്ചറുടെ അദൃശ്യപ്രേരണയാലായിരിക്കാം. തങ്ങളുടെ ഗുരുശിഷ്യബന്ധത്തെക്കുറിച്ച് രുഗ്മിണി ടീച്ചര്‍ ഫോണിലൂടെ വാചാലയാവുകയായിരുന്നു.

ആരാണീ രുഗ്മിണി ടീച്ചര്‍? വീണാവാദനത്തില്‍ ഇന്ത്യ മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച പ്രമുഖസംഗീതജ്ഞ. രാജ്യത്തും വിദേശത്തുമായി എത്രയോ പ്രധാനവേദികളില്‍ അവരുടെ വീണാനാദങ്ങള്‍ ആസ്വാദകര്‍ക്ക് വിരുന്നേകിയിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക കലാലയങ്ങളിലും ഡമോണ്‍സ്‌ട്രേഷനും ക്ലാസുകളും നടത്തിയിട്ടുണ്ട്. ടെലിവിഷനിലും റേഡിയോയിലും നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖവ്യക്തികളടക്കം നൂറുകണിക്കിന് വിദ്യാര്‍ഥികളെ വീണയഭ്യസിപ്പിച്ചിരിക്കുന്നു. വീണാവാദനകലയെക്കുറിച്ച് ആധികാരികമായ ഗ്രന്ഥങ്ങള്‍ രചിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ സംഗീതസംബന്ധിയായ ലേഖനങ്ങള്‍ എഴുതാറുണ്ട്.

സ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്ന് വീണവാദനത്തില്‍ ഒന്നാം ക്ലാസോടെ ഗാനഭൂഷണം പാസ്സായത് പ്രശസ്ത വീണവിദ്വാന്‍ നെല്ലായ് ടി.വി. കൃഷ്ണമൂര്‍ത്തിയുടെ കീഴിലായിരുന്നു. ഇന്ത്യാ ഗവര്‍മെന്റിന്റെ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പോടെ പത്മഭൂഷണ്‍ കെ.എസ്. നാരായണസ്വാമിയാണ് വീണവാദനകലയില്‍ അവര്‍ക്ക് അധികപഠനം നല്‍കിയത്. സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വീണപഠനവിഭാഗം മേധാവിയും പാലക്കാട് ചെമ്പൈ സ്മാരക സംഗീതകോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.

ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, എം.എസ് സുബ്ബലക്ഷ്മി എന്നീ വിഖ്യാത സംഗീതജ്ഞര്‍ക്കൊപ്പം വീണ വായിക്കുകയും അവരുടെ പ്രശംസാപാത്രമാവുകയും ചെയ്ത രുഗ്മിണി ഗോപാലകൃഷ്ണന് സംഗീതലോകത്ത് ധാരാളം പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ടെങ്കിലും പൊതുസമൂഹത്തില്‍നിന്നുള്ള ആദരവ് വേണ്ടത്ര ലഭിച്ചിട്ടില്ല. ഈ എണ്‍പത്തെട്ടാമത്തെ വയസ്സിലും തന്റെ സംഗീതസപര്യയില്‍ ഇപ്പോഴും സജീവമായി തുടരുന്നു അവര്‍. ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. പ്രമുഖരടക്കം എത്രയോ പേരെ ഇപ്പോഴും വീണ പഠിപ്പിക്കുന്നു. അമ്മമാരാണ് ഇപ്പോള്‍ കൂടുതലും തന്റെയരികില്‍ പഠനത്തിനായെത്തുന്നെതന്നാണ് അവര്‍ പറയുന്നത്.

രുഗ്മിണി ടീച്ചറുടെ എണ്‍പതാം പിറന്നാളാഘോഷവേദിയില്‍വച്ച് സുഗതകുമാരി അവരെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. സന്തോഷാതിരേകത്തോടെയാണ് അവരത് ഓര്‍ക്കുന്നത്. ”എന്റെ എണ്‍പതാം പിറന്നാള്‍ തിരുവനന്തപുരത്തെ തമിഴ്‌സംഗം ഹാളില്‍ നടന്നപ്പോള്‍ പ്രിയശിഷ്യയായ സുഗതകുമാരി സന്നിഹിതയാവുകയും വീണ അഭ്യസിച്ച കാലഘട്ടത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് പറയുകയും ചെയ്തിരുന്നു. 2015 ല്‍ എനിക്ക് സംഗീത-നാടക അക്കാദമിയുടെ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ സുഗതകുമാരിയും ചേച്ചി ഹൃദയകുമാരിയും എന്റെ വീട്ടിത്തിലെത്തി പൊന്നാട അണിയിച്ച് ഫലങ്ങള്‍ നല്‍കി സന്തോഷം പങ്കിട്ടത് മറക്കാനാവില്ല.”

തന്നില്‍ വാക്കിന്റെയും നാദത്തിന്റെയും ഒത്തുചേരലിന് നിമിത്തമായിത്തീര്‍ന്ന രുഗ്മിണി ഗോപാലകൃഷ്ണനെന്ന കലോപാസകയെ നക്ഷത്രലോകത്തിരുന്നുകൊണ്ട് സുഗതകുമാരി ടീച്ചര്‍ ഇപ്പോഴും പൂജിക്കുന്നുണ്ടാവണം. സംഗീതം ജീവവായുവാക്കിയ വന്ദ്യവയോധികയായ ആ ആചാര്യക്കു മുന്നില്‍ നമസ്‌കാരം. കലാലോകം അവരെ വേണ്ടവിധത്തില്‍ അറിഞ്ഞാദരിക്കട്ടെ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by