Categories: Varadyam

ചന്ദ്രനില്‍ തൊടുന്നു, ഈ നാട്യവിരുതുകള്‍

ഭൂമിയില്‍ ചുവട്, മൗലി ഗോളാന്തര സ്ഥാനത്ത് ചന്ദ്രനില്‍, ദിക്കുകള്‍ അളന്ന് കൈകള്‍-നടരാജ നൃത്ത വിലാസം അങ്ങനെയാണ്. ഭരതമുനി നാട്യശാസ്ത്രം രചിച്ചതും ഈ നടരാജതാണ്ഡവതാളഭാവങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നുവല്ലോ. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്ക് മനുഷ്യനും യന്ത്രവും പറന്നുയരുമ്പോള്‍ നൃത്തോപാസകയ്‌ക്ക് നര്‍ത്തന കലകൊണ്ട് ചന്ദ്രക്കലയെ തൊടാന്‍ തോന്നാതെ വയ്യ. അങ്ങനെ, ഒരു കൂട്ടായ യജ്ഞത്തിലാണ് ഗായത്രി മധുസൂദനന്റെ നിലാക്കനവ് പിറന്നത്.

അമ്മയും കുഞ്ഞും അമ്പിളിമാമനും സന്ധ്യകളിലും രാത്രികളിലും ഒന്നിച്ചുകൂടി കഥപറഞ്ഞു തുടങ്ങിയത് എന്നുമുതലായിരിക്കും? ഉണ്ണി മാമുണ്ണാന്‍മുതല്‍ കൂട്ടിന് അമ്പിളിമാമനുമുണ്ടാകും. താഴേക്ക്വരാന്‍ അമ്മയും കുഞ്ഞും വിളിച്ചിട്ട് കൂട്ടാക്കാത്ത മാമന്റെ വീട്ടിലേക്ക് പോകാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. അതിനുമുണ്ട്, കഥയും ഉപകഥകളും ഏറെ. എന്തായാലും ഭാരതം ചന്ദ്രനിലെത്തിയ സുമുഹൂര്‍ത്തം ലോകമാകെത്തന്നെ ആഘോഷിച്ചു. അതില്‍ കേരളത്തിന്റെ ശാസ്ത്രലോകം വലിയ പങ്കു വഹിച്ചുവല്ലോ! കേരളത്തിലെ, കോഴിക്കോട്ടെ, നര്‍ത്തകി, ഒരു സംഘം സമാനഹൃദയരുമായി ചേര്‍ന്ന് കലയിലൂടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായപ്പോളാണ് നിലാക്കനവ് പരന്നൊഴുകിയത്; മോഹിനിയാട്ടചിട്ടയില്‍.

കാലം 1600 ന്റെ ആദ്യ പകുതി; 400 വര്‍ഷം മുമ്പ്. ജര്‍മ്മനിയില്‍ ജ്യോതിശാസ്ത്രം പഠിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചുംകഴിഞ്ഞ ഭൗതിക ശാസ്ത്രജ്ഞന്‍ ജൊഹന്നസ് കെപ്ലര്‍ ചന്ദ്രനില്‍ നോട്ടമിട്ടു. അങ്ങനെ തന്റെ ഗവേഷണ പഠനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറകൊടുക്കാന്‍ സാങ്കേതികമായ സംവിധാനങ്ങളും തെളിവുകളുമില്ലാഞ്ഞ കാലമായതിനാലായിരിക്കണം, അദ്ദേഹം സ്വന്തം നിഗമനങ്ങളുംധാരണകളും കല്‍പ്പനയില്‍ ചാലിച്ച് നോവല്‍ രൂപത്തിലാക്കി എഴുതി- പേര് സോമ്‌നിയം. ജര്‍മ്മന്‍ ഭാഷയില്‍ സ്വപ്നമെന്ന് അര്‍ത്ഥം. ചന്ദ്രനിലേക്ക് പോകുന്നതെങ്ങനെ, പോയി അവിടെ ചെന്നാല്‍ കാണാനിടയുള്ള കാഴ്ചകളെന്തെല്ലാം, അനുഭവം എന്തായിരിക്കാം… എന്നൊക്കെ ഒരു അമ്മ മകനോട് പറയുന്ന രീതിയിലാണ് നോവല്‍. ആദ്യത്തെ ശാസ്ത്ര ഫിക് ഷന്‍ എന്ന് സോമ്നിയത്തെ വിശേഷിപ്പിക്കാം. കെപ്ലര്‍ അന്ന് പറഞ്ഞതൊക്കെ അക്കാലത്ത് സ്വന്തം അന്വേഷണ പഠനങ്ങളില്‍ ലഭിച്ച വിവരങ്ങളായിരുന്നു. ? പക്ഷേ, പില്‍ക്കാലത്ത് ശാസ്ത്രം അതില്‍ പലതും സത്യമാണെന്ന് തെളിവു സഹിതം സ്ഥാപിച്ചു, ശരിവച്ചു. അല്ലെങ്കിലും ജ്യോതിശ്ശാസ്ത്രം ഏറെ മുന്നേറിയ ശാസ്ത്രശാഖയാണല്ലോ പണ്ടേ. ഭാരതത്തില്‍ കാലഗണനയും കാലാവസ്ഥാ ഗണനയും മനുഷ്യരുടെ ഭാവിയും പോലും ജ്യോതിശാസ്ത്രപ്രകാരം പ്രവചിക്കാന്‍ തുടങ്ങിയിട്ട് യുഗങ്ങള്‍തന്നെയായല്ലോ.

കെപ്ലറുടെ ഈ കഥ പറച്ചില്‍ ഐഎസ്ആര്‍ഒയുടെ ചാന്ദ്ര ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ കലാവിഷ്‌കാരമാക്കിയാല്‍ എങ്ങനെയിരിക്കും? ആ അന്വേഷണം ഫലിച്ചു. അതാണ് നിലാക്കനവായത്. ഒരുപക്ഷേ, ഗായത്രിയുടെ ഈ ഒറ്റയാള്‍ നൃത്തശില്‍പ്പം നടനവേദിയിലെ ചരിത്രമാകും നാളെ.

നിലാക്കനവ് 2023 ഡിസംബര്‍ 25 ന് പാലക്കാട്ട് രാപ്പാടി ഓപ്പണ്‍ എയര്‍ തീയറ്ററില്‍ അരങ്ങേറി. നിലാക്കനവിനെക്കുറിച്ച് ഗായത്രി പറയുന്നു:
ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലറുടെ പ്രശസ്തമായ സയന്‍സ് ഫിക് ഷന്‍ നോവല്‍ ‘സോമ്നിയം’ ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു.

ഭാരതത്തിന്റെ ചാന്ദ്രയാന്‍ ദൗത്യത്തിന് പിന്നിലെ അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞര്‍ക്കുള്ള ആദരമായി വിഭാവനം ചെയ്തതാണ് ‘നിലാക്കനവ്’ എന്ന നൃത്തശില്‍പ്പം. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര സംവിധായകന്‍ വിനോദ് മങ്കരയുടെ മേല്‍നോട്ടത്തിലായിരുന്നു ഇത് ഒരുങ്ങിയത്.

ചാന്ദ്രയാനെ നര്‍ത്തകി എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യവും ചര്‍ച്ചയുമാണ് ഈ കോറിയോഗ്രാഫിയില്‍ എത്തിയത്. ഏറെ ഗവേഷണ പഠനങ്ങള്‍ വേണ്ടിവന്നു. ഫിസിക്സിനെ കലയാക്കുകയായിരുന്നു, മോഹിനിയാട്ടത്തില്‍ ചിട്ടപ്പെടുത്തുകയായിരുന്നു. പത്രപ്രവര്‍ത്തകന്‍ ഹരികൃഷ്ണന്‍ ഹരിദാസ് ഏറെ അതിന് സഹായിച്ചു. വിനോദ് മങ്കരയാണ് കെപ്ലറുടെ സോമ്നിയത്തെക്കുറിച്ച് പറഞ്ഞത്. പിന്നെ അനുബന്ധ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു.

മോഹിനിയാട്ടത്തിലേക്ക് ചിട്ടപ്പെടുത്തുക, ശാസ്ത്രവും കലയും കാലവും സ്ഥലവും എല്ലാം അണിചേരുന്ന സംഗീതമുണ്ടാക്കുക, സാഹിത്യം മോഹിനിയാട്ട ചിട്ടയിലാക്കുക തുടങ്ങിയ കടമ്പകള്‍ ഏറെ ഉണ്ടായിരുന്നു്. പക്ഷേ, ഭാഗ്യവശാല്‍ എല്ലാം ഒത്തുവന്നു.
പ്രശസ്ത സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍ ആണ് സംഗീതം പകര്‍ന്നത്. പാശ്ചാത്യസിംഫണിയും കേരളീയസോപാന സംഗീതവും കൂട്ടിയോജിപ്പിച്ച സംഗീതം നിലാക്കനവിന്റെ പ്രത്യേകതയാണ്. കേരളത്തിലെ പ്രഗത്ഭരായ സംഗീതകാരന്‍മാരാണ് പിന്നണിയില്‍. കഥകളി ഗായകന്‍ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം. കെപ്ലറുടെ കൃതിക്ക് മോഹിനിയാട്ട സാഹിത്യമെഴുതിയത് സേതുവും മാനവും ചേര്‍ന്നാണ്. ഡിജിറ്റല്‍-ലേസര്‍ പ്രകാശവിന്യാസമാണ് ഈ നൃത്തശില്‍പ്പത്തിന് ഹൃദ്യമായ പശ്ചാത്തലം ഒരുക്കുന്നത്.
ഭാരതത്തിന്റെ ചാന്ദ്രയാന്‍ ദൗത്യത്തില്‍ സ്ത്രീകളുടെ പങ്ക് വലുതാണ്. അതില്‍ കേരളത്തില്‍നിന്നുള്ള ശാസ്ത്രജ്ഞ വനിതകള്‍ വലിയ പങ്ക് വഹിച്ചു. അവരുടെ ചാന്ദ്ര ദൗത്യംപോലെ കലയില്‍, നാട്യകലയില്‍ വലിയ ചില ദൗത്യങ്ങള്‍ വഹിക്കുന്നുണ്ട് ഗായത്രി മധുസൂദന്‍. നടിച്ചും നാട്യം പരിശീലിപ്പിച്ചും ധനം സമ്പാദിക്കുക എന്നതല്ല ലക്ഷ്യം. പക്ഷേ നടിച്ച് ജീവിക്കുക എന്ന ലക്ഷ്യമുണ്ട്. കുട്ടിക്കാലത്തേ ആര്‍ജിക്കുന്ന സംസ്‌കാരം രൂപപ്പെടുത്തുന്ന മനസ്ഥിതി ജീവിതത്തില്‍ ഉടനീളം തുടരുമല്ലോ. ഗായത്രി നടിക്കുന്നു, നാട്യം അഭ്യസിപ്പിക്കുന്നു, നാട്യശാസ്ത്രംകൊണ്ട് മനസ്സുകളെ ചികിത്സിക്കുന്നു, സാമൂഹ്യ സേവനം നടത്തുന്നു, തീരെ ലാഭേച്ഛയില്ലാതെ. ദ്യുതിയെന്ന നാട്യപരിശീലന കേന്ദ്രത്തിലൂടെ കലയെ കാലാതീതമാക്കുന്ന അത്തരം വൈദ്യുതി പ്രസാരണം നടത്തി ഒരു വലിയ പൈതൃക പരമ്പരയുടെ കണ്ണിയാകുകയാണ് ഗായത്രി.

മോഹിനിയാട്ടം നര്‍ത്തകിയായ ഗായത്രി അഞ്ചു വയസ്സ് മുതല്‍ നൃത്തരംഗത്ത് മുഴുകിയിരുന്നു. ഡോ.എന്‍.കെ.ഗീത, ഗിരിജ,പ്രശസ്ത നര്‍ത്തകി ഡോ.ഭാരതി ശിവജി, *കലാമണ്ഡലം സരസ്വതി, ഡോ.കലാമണ്ഡലം സുഗന്ധി തുടങ്ങിയവരാണ് ഗുരുക്കന്മാരും വഴികാട്ടികളും.

സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ കാലത്ത് ഗായത്രി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ദൂരദര്‍ശന്‍ ഉള്‍പ്പെടെ മാദ്ധ്യമങ്ങളിലും നിരവധി വേദികളിലും ക്ഷേത്രങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. ഭരതനാട്യം, തിരുവാതിരകളി തുടങ്ങിയ വിവിധ നൃത്തരൂപങ്ങളില്‍ ഗവേഷണം നടത്തി.

ഗായത്രി വളരെ സമഗ്രമായ രീതിയില്‍ നൃത്തം പരിശീലിക്കുന്നു, പരിശീലിപ്പിക്കുന്നു. 2013-ല്‍ ‘ദ്യുതി’ എന്ന പേരില്‍ സ്വന്തമായി മോഹിനിയാട്ട കളരി’ ആരംഭിച്ചു. ഇപ്പോള്‍ ദ്യുതി കോഴിക്കോട്ടെ ചാലപ്പുറം കേസരി ഭവനിലാണ്.

കലയിലൂടെ സാമൂഹ്യ പ്രവര്‍ത്തനം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഗായത്രിക്ക് വലിയ പങ്കുണ്ട്. ദ്യുതി നൃത്ത പരിശീലന കേന്ദ്രം വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും പരിശീലനം നല്‍കുന്നതിന് പ്രാധാന്യം നല്‍കുന്നു.

ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയുടെ ‘യുഎല്‍ കെയര്‍’ എന്ന പദ്ധതിയില്‍ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് ഗായത്രിയുടെ ദ്യുതി കലാപരിശീലനം നല്‍കുന്നു.

കൂടാതെ മോഹിനിയാട്ടത്തില്‍ പ്രഭാഷണങ്ങളും വര്‍ക്ക്ഷോപ്പുകളും നടത്താറുണ്ട്.
മലപ്പുറം തിരൂര്‍ ജില്ലയില്‍ ജനിച്ച് ഇപ്പോള്‍ കോഴിക്കോട്ട് സ്ഥിരതാമസക്കാരിയായ ഗായത്രി മധുസൂദന്‍ ഗായത്രിയുടെ ഏറ്റവും പുതിയ നൃത്തശില്പമാണ് ‘നിലാക്കനവ്.’ ഇതിന്റെ കോറിയോഗ്രാഫിക്ക് ഗുരുവും പരിശീലകയുമായി ഏറെ നി
ര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത് കലാമണ്ഡലം സുഗന്ധി യാണെന്ന് ഗായത്രി വിശദീകരിക്കുന്നു.

ലൈബ്രറി സയന്‍സ് പഠിച്ച്, ഭാരതീയ വിദ്യാഭവനില്‍ കുറച്ചുകാലം ജോലി ചെയ്തശേഷം അതുപേക്ഷിച്ച് നൃത്ത-നാട്യ പ്രവര്‍ത്തനത്തില്‍ സ്വയം സമര്‍പ്പിതയാവുകയായിരുന്നു. തിരൂരില്‍ പ്രഭത്മ ക്രിമിനല്‍ കേസ് അഭിഭാഷകനായിരുന്ന കെ.കെ. രാധാകൃഷ്ണന്റെയും നളിനിയുടെയും മകളാണ്. ഭര്‍ത്താവ് സി.കെ. മധുസൂദന്‍ കോഴിക്കോട്ട് പ്രമുഖ അഭിഭാഷകനാണ്. രണ്ട് മക്കള്‍. തപസ്യ കോഴിക്കോട് ജില്ലാ വാര്‍ഷികോത്സവത്തില്‍ ഗായത്രി മധുസൂദനെ അനുമോദിച്ചു. അനുമോദനം, ‘നിലാക്കന’വിന്റെ നേട്ടങ്ങള്‍ അതിന്റെ ആവിഷ്‌കാരത്തിന് സഹായിച്ച മുഴുവന്‍ ടീമിനുമുള്ളതാണെന്ന് ഗായത്രി പറഞ്ഞു.
കലാരംഗത്തെ അനുഭവങ്ങള്‍ ഒട്ടേറെയുണ്ട് അവിസ്മരണീയമായി എന്ന് ഗായത്രി വിശദീകരിക്കുന്നു. അതില്‍ ഏറെ അഭിമാനകരമായ ഒന്ന്,

ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ കവിതകള്‍ക്ക് ‘ഹിരണ്‍മയം’ എന്ന് പേരിട്ട മോഹിനിയാട്ട നൃത്തശില്‍പ്പമാണ്. ആ കവിതകള്‍ കണ്ടുപിടിച്ച് അതിന് രംഗഭാഷ്യമൊരുക്കിയതിന് കിളിമാനൂര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങള്‍ അഭിനന്ദിച്ചു. ഭാരതത്തില്‍ നൃത്ത വേദികളില്‍ അപൂര്‍വമായ കോറിയോഗ്രഫികള്‍ അവതരിപ്പിക്കാനായത് അസാമാന്യമായ അനുഭവമായി അവര്‍ ഓര്‍ത്തു പറയുന്നു.

ജൊഹനാസ് കെപ്ലറുടെ ‘സോമ്നിയം’ (സ്വപ്‌നം) ഒരു കുഞ്ഞു നോവലാണ്. മലയാളത്തില്‍ കവി കുമാരനാശാന്‍ ഓമനത്തിങ്കള്‍ എന്ന പേരില്‍ ഒരു കുഞ്ഞു കവിതയെഴുതിയിട്ടുണ്ട്, 1914 ല്‍. അതും ഒരു സ്വപ്
നമാണ്… കവിത ഇങ്ങനെ:
തുമ്പപ്പൂവിലും തൂമയെഴും നിലാ-
വമ്പില്‍ത്തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം
ദൂരത്തില്‍.

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!
……..
എന്നു കൈപൊക്കിയോടിനാനുന്മുഖന്‍
കുന്നേറാനൊരു സാഹസി ബാലകന്‍,
ചെന്നു പിന്നില്‍ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠന്‍ തടഞ്ഞു ഞെട്ടുംവരെ.
അമ്പിളി മാമന്‍ എക്കാലത്തും എവിടെയും ആരെയും ആകര്‍ഷിച്ചിട്ടേ ഉള്ളു. ശാസ്ത്രവിജയത്തെ കലയിലാക്കിയത് ഗായത്രിയുടെ കല.

ഗായത്രി മധുസൂദന്‍
9847525889

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക