വര്‍ഷം 1965. പഠനം കഴിഞ്ഞ് ജോലി തേടി മദിരാശിയിലെത്തുന്നു. നുങ്കംപാക്കത്തുള്ള അമ്മാവന്‍ വിജയന്‍ അച്ചന്റെ കൂടെ താമസം. ആ സമയത്ത് ഭാരത-പാക് യുദ്ധഫണ്ടിനു വേണ്ടി മദിരാശിയിലെ മലയാളി ക്ലബ്ബ് ഒരു ഗാനമേള സംഘടിപ്പിക്കുന്നു. എം.ബി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്യുന്നത് ആര്‍. കെ. ശേഖര്‍. ഗാനമേളയില്‍ യേശുദാസിന്റെ അഭാവത്തില്‍, പഴശ്ശിരാജ എന്ന ചിത്രത്തിലെ ‘ചൊട്ട മുതല്‍ ചുടല വരെ’ എന്ന ഗാനം പാടുന്നതിന് ജയചന്ദ്രന് അവസരം ലഭിച്ചു. പാട്ട് കേട്ട ശോഭന പരമേശ്വരന്‍ നായര്‍, വിന്‍സെന്റ് മാസ്റ്റര്‍, ആര്‍. എസ്. പ്രഭു എന്നിവര്‍ക്ക് ശബ്ദവും ആലാപനവും ഏറെ ഇഷ്ടമായി. ചന്ദ്രതാരയുടെ അടുത്ത ചിത്രമായ കുഞ്ഞാലിമരയ്‌ക്കാറില്‍ പാടുന്നതിന് ക്ഷണിച്ചു. പാട്ട് പഠിച്ചു. കൂടെ പാടുന്നത് പ്രേമലത. റെക്കോര്‍ഡിങ് ആരംഭിച്ചു. പരിഭ്രമം കാരണം പാട്ടുപുറത്തു വരുന്നില്ല. റെക്കോര്‍ഡിങ് നിര്‍ത്തിവച്ചു. നിരാശനായി മടങ്ങി. ഇനി എന്തായാലും ഈ പണി തനിക്ക് ചേരില്ലെന്ന് ഉറപ്പിച്ചു. എന്നാല്‍ പരമേശ്വരന്‍ നായരും വിന്‍സന്റ് മാസ്റ്ററും സമ്മതിച്ചില്ല. അടുത്ത ദിവസം താമസസ്ഥലത്ത് പോയി നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ടുവന്നു പാടിച്ചു. ഇത്തവണ അതിഗംഭീരമായി പാടി. അങ്ങനെ സംഗീത പ്രേമികള്‍ക്ക് സംഗീത നഭസ്സില്‍ നിലാവ് ചൊരിയുന്ന ഒരു പൂര്‍ണ്ണചന്ദ്രനെ ലഭിച്ചു-ഭാവഗായകന്‍ പി. ജയചന്ദ്രന്‍.
ചലച്ചിത്ര സംഗീതത്തിന്റെ മധു ചന്ദ്രികയ്‌ക്ക്, പി. ജയചന്ദ്രന്‍ എന്ന പാലിയത്ത് ജയചന്ദ്രന് 2024 മാര്‍ച്ച് മൂന്നിന് 80 തികഞ്ഞു. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി, തുളു, സംസ്‌കൃതം എന്നീ ഭാഷകളിലായി പതിനായിരത്തില്‍പരം ചലച്ചിത്ര-ലളിത-ഭക്തി ഗാനങ്ങള്‍. 1965-ല്‍ തുടങ്ങിയ ജയചന്ദ്രന്റെ ഗാനസപര്യ 2024 ലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ 2023 അവസാനം പുറത്തിറങ്ങിയ ‘ഒറ്റ’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘പെയ്നീര്‍ പോലേ’ എന്ന വിഷാദ ഗീതത്തിലും ജയചന്ദ്രന്‍ തന്റെ നാദലാവണ്യം കൊണ്ട് ആരാധകരെ ആനന്ദത്തില്‍ ആറാടിക്കുന്നു.
തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന 1958 ലെ സംസ്ഥാനതല സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തിനും ലളിത സംഗീതത്തിനും സമ്മാനങ്ങള്‍ നേടിയ ജയന്‍ കുട്ടന്‍, ഒരു ഗായകനായി മാറുന്നത് ഗുരുനാഥനും മലയാളം അധ്യാപകനുമായ, കെ. വി. രാമനാഥന്റെ പ്രേരണയിലും പ്രോത്സാഹനത്തിലുമാണ്.
പാലിയത്തെ ജനനവും ബാല്യവും
കൊച്ചി രാജകുടുംബാംഗമായ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും, പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി 1944 മാര്‍ച്ച് മൂന്നിന് ജനനം. കൊല്ലവര്‍ഷം 1119 കുംഭം 20. തിരുവാതിര നക്ഷത്രം. മൂന്ന് വയസ്സുവരെ എറണാകുളത്ത് പനമ്പിള്ളി നഗറിനടുത്ത്, രവിപുരം ഭദ്രാലയം പാലസില്‍. അതിനുശേഷം ഈ വീട് വിറ്റ് എറണാകുളത്ത് വാരിയം റോഡില്‍, ശാന്തി ഭവനം വാങ്ങി അവിടേക്ക് താമസം മാറ്റി. ജ്യേഷ്ഠന്‍ സുധാകരന്‍, ചേച്ചി സരസിജ. ഇവിടെവച്ച് അനുജന്‍ കൃഷ്ണകുമാറും അനുജത്തി ജയന്തിയും ജനിച്ചു. അതിനുശേഷം ഈ വീട് വിറ്റ് എല്ലാവരുമായി ചേന്ദമംഗലം പാലിയത്ത് താമസമായി.
പാലിയം സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ മൂന്നാം ക്ലാസുവരെ പഠിച്ചു. ഏറെ ഹൃദ്യവും മധുരതരവും ആയിരുന്നു ഇവിടത്തെ ബാല്യകാലം. പ്രത്യേകിച്ച് ഓണക്കാലം. ഓണത്തപ്പനും ഓണപ്പൂക്കളും ഓണസദ്യയുമൊക്കെ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ്. കളിമണ്ണിന്റെ അടുപ്പും കലങ്ങളും കളിമണ്ണില്‍ തീര്‍ത്ത ശില്‍പ്പങ്ങളും കൊണ്ടുവരുന്ന പാവപ്പെട്ടവര്‍ക്ക് ഓണത്തിന്റെ പഴം പുഴുക്കും ഉപ്പേരിയും നാണയത്തുട്ടുകളും കൊടുത്ത് കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമായിരുന്നു. നിലാവിലലിയുന്ന മഞ്ഞലപോലെ ഈ സ്മരണകള്‍ ജയചന്ദ്രന്റെ മനസ്സിന്റെ ഏതോ കോണില്‍ ഒരു മധുര വിഷാദമായി നിറയുന്നു.
1952 ലെ ഭാഗപ്രകാരം കിട്ടിയ ഇരിങ്ങാലക്കുട പാലിയത്തിലേക്ക് പിന്നീട് താമസം മാറ്റുകയും, കമ്പനി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠനം തുടരുകയും ചെയ്യുന്നു. പിന്നീട് ആലുവയില്‍ തോട്ടക്കാട്ടുകര ശിവക്ഷേത്രത്തിനു സമീപം കണ്ണുപിള്ള ബില്‍ഡിങ് വാടകയ്‌ക്കെടുത്ത് അവിടേക്ക് താമസം മാറി. ആലുവ സെന്റ് മേരീസ് സ്‌കൂളില്‍ അഞ്ച് മുതല്‍ ഏഴ് വരെ പഠിച്ചു. ഈ സമയത്ത് സെന്റ് ഡൊമിനിക് പള്ളിയില്‍ ഭക്തിഗാനങ്ങള്‍ പാടിക്കൊണ്ടാണ് ഗായകന്റെ തുടക്കം എന്നു പറയാം.
ഇവിടെ അമ്മയുടെ നിര്‍ദ്ദേശപ്രകാരം മൃദംഗ പഠനം ആരംഭിച്ചു. രാമസുബ്ബയ്യന്‍ എന്ന സംഗീത അധ്യാപകന്‍ എറണാകുളത്തുനിന്നും വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. അതിനുശേഷം ഇരിങ്ങാലക്കുടയ്‌ക്ക് താമസം മാറുന്നു. നാഷണല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു. അവിടെ കെ. വി. രാമനാഥന്‍ മാഷിന്റെ ശിക്ഷണത്തില്‍ ജയചന്ദ്രന്‍ എന്ന ഗായകന്‍ പതിയെ പതിയെ രൂപപ്പെടുന്നു.
കോളജ് വിദ്യാഭ്യാസവും മദിരാശി യാത്രയും
നാഷണല്‍ ഹൈസ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പാസായ ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീയൂണിവേഴ്‌സിറ്റിയും ബിഎസ്‌സി (സുവോളജി) ബിരുദവും നേടുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍, ജയചന്ദ്രന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു. ഡിഗ്രി പഠനത്തിനിടയിലുള്ള മധ്യവേനലവധിക്കാലത്ത് മദിരാശിയില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠന്‍ സുധാകരനെ കാണുവാനായി അനുജന്‍ കൃഷ്ണകുമാറുമൊത്ത് ജയചന്ദ്രന്‍ യാത്രയായി. മദിരാശിയില്‍ സുധാകരനോടൊപ്പം, അടുത്ത സുഹൃത്തായ ഗായകന്‍ യേശുദാസിനെ ജയചന്ദ്രന്‍ വീണ്ടും കണ്ടുമുട്ടുന്നു. ആദ്യമായി കണ്ടത് 1958 ല്‍ സംഗീത മത്സരത്തില്‍. അന്ന് സംഗീത മത്സരത്തില്‍ ഒന്നാം സമ്മാനം യേശുദാസിനായിരുന്നു. മദിരാശിയില്‍ കുറച്ചുദിവസം ഒന്നിച്ച് താമസിച്ച് സന്തോഷമായി മടങ്ങിയെത്തി.
കുഞ്ഞാലിമരയ്‌ക്കാര്‍ എന്ന ചിത്രം 1967 ല്‍ മാത്രമാണ് പുറത്തുവന്നത്. ഇതിനിടയില്‍ ജയചന്ദ്രനെക്കുറിച്ച് വിന്‍സെന്റ് മാസ്റ്റര്‍ ദേവരാജന്‍ മാസ്റ്ററോട് പറഞ്ഞു. ഒരു നല്ല ശബ്ദം കൂടി നമുക്ക് കിട്ടിയിട്ടുണ്ട്. ആ ചെറുപ്പക്കാരനെ ഒന്നു വിളിച്ചുനോക്കണം. അതനുസരിച്ച് ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനെ വിളിച്ചു. നീ പാട്ട് പഠിച്ചിട്ടുണ്ടോ? മാസ്റ്ററുടെ ചോദ്യം. ഇല്ലായെന്ന് ഉത്തരം. എന്നാല്‍ പൊയ്‌ക്കോയെന്ന് മാസ്റ്ററുടെ മറുപടി.
ഒരാഴ്ച കഴിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ വീണ്ടും ജയചന്ദ്രനെ വിളിക്കുന്നു. ‘കളിത്തോഴന്‍’ എന്ന ഒരു പ്രേംനസീര്‍ ചിത്രത്തിനുവേണ്ടി താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍… എന്ന ഗാനം പഠിപ്പിക്കുന്നു. റെക്കോര്‍ഡ് ചെയ്യുന്നു. അത് കഴിഞ്ഞ ഉടനെ മാസ്റ്റര്‍ പറഞ്ഞു: ”ഒരു പാട്ടു കൂടിയുണ്ട്. അത് യേശുവിനുള്ളതാണ്. ഒരു പരിശീലനത്തിനു വേണ്ടി നീ കൂടി അത് പഠിച്ചുവച്ചോ.” എന്നിട്ട് മാസ്റ്റര്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി… എന്ന ആ ഗാനം കൂടി പഠിപ്പിച്ചു. പാട്ട് റെക്കോര്‍ഡ് ചെയ്യിച്ചു. പൊയ്‌ക്കോളാന്‍ പറഞ്ഞു. അവിടെനിന്നും ഇറങ്ങിയ ഉടനെ സംവിധായകന്‍ കൃഷ്ണന്‍ നായര്‍ സാറിനെ കണ്ടു. ഈ പാട്ടിനെക്കുറിച്ചു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു: ”ഇത് നിന്റെ പാട്ട് തന്നെ. മാസ്റ്റര്‍ വെറുതെ പറഞ്ഞതാണ്.” അങ്ങനെ ആ ഗാനം ജയചന്ദ്രന്റെ ജീവിതം മാറ്റിമറിച്ചു. ”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമാണ് എന്റെ മൂലധനം” എന്ന് ജയചന്ദ്രന്‍ എപ്പോഴും പറയും.
അന്നുമുതല്‍ ഇന്നുവരെ ആയിരമായിരം ഗാനങ്ങള്‍ ജയചന്ദ്രന്‍ പാടി. അത് മുഴുവന്‍ ഇവിടെ കുറിക്കുന്നില്ല. മഹാ സംഗീതജ്ഞരുമൊത്തു പാടിയ ആദ്യ ഗാനങ്ങള്‍ മാത്രം സൂചിപ്പിക്കാം. ദക്ഷിണാമൂര്‍ത്തി സ്വാമിയുമൊത്ത് മരുഭൂമിയില്‍ മലര്‍ വിരിയുകയോ…(ഭാര്യമാര്‍ സൂക്ഷിക്കുക-1968), രാഘവന്‍ മാസ്റ്ററിന്റെ സംഗീതത്തില്‍ ഞാനിതാ തിരിച്ചെത്തി…(അസുരവിത്ത് -1968), ബാബുരാജിന്റെ സംഗീതത്തില്‍ ഇനിയും പുഴയൊഴുകും..(അഗ്നിപുത്രി-1967) അര്‍ജ്ജുനന്‍ മാസ്റ്ററുടെ സംഗീതത്തില്‍ യമുനേ പ്രേമ യമുനേ… (റസ്റ്റ് ഹൗസ്-1969), എം. എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു… (ലങ്കാദഹനം-1971), എം ബി ശ്രീനിവാസന്റെ സംഗീതത്തില്‍ രാഗം ശ്രീരാഗം…(ബന്ധനം-1978), എ. ടി. ഉമ്മറിന്റെ സംഗീതത്തില്‍ പിന്നെയും ഇണക്കുയില്‍ പിണങ്ങിയല്ലോ…(ആല്‍മരം-1969), പുകഴേന്തിയുടെ സംഗീതത്തില്‍ വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ… (മൂന്നു പൂക്കള്‍-1971), ആര്‍. കെ. ശേഖറിന്റെ സംഗീതത്തില്‍ അച്ചന്‍ കോവിലാറ്റിലെ കൊച്ചോളങ്ങളേ…(അനാഥ ശില്‍പ്പങ്ങള്‍-1971) എന്നിവ.
അവാര്‍ഡുകള്‍, ഗാനമേള, അഭിനയം
മലയാളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് അവാര്‍ഡുകള്‍-1973 ലെ ‘പണിതീരാത്ത വീട്’ എന്ന ചിത്രത്തിലെ സുപ്രഭാതം സുപ്രഭാതം…, 1978-ലെ ‘ബന്ധനം’ എന്ന ചിത്രത്തിലെ രാഗം ശ്രീരാഗം…, 1999 ലെ ‘നിറം’ എന്ന ചിത്രത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി…, 2003 ലെ ‘തിളക്കം’ എന്ന ചിത്രത്തിലെ നീയൊരു പുഴയായ്…, 2015 ലെ മൂന്നു ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മലര്‍വാക കൊമ്പത്ത്…(എന്നും എപ്പോഴും), ശാരദാംബരം… (എന്ന് നിന്റെ മൊയ്തീന്‍), ഞാനൊരു മലയാളി… (ജിലേബി) അവാര്‍ഡ് ലഭിച്ചു.
1986 ല്‍ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ഗുരുവിന്റെ തന്നെ കൃതിയായ ‘ശിവശങ്കര സര്‍വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡ്. 1994-ല്‍ ‘സെവ്വന്തി’ എന്ന ചിത്രത്തിലെ സെമ്മീനെ സെമ്മീനെ…, ‘കിഴക്കു ചീമയിലെ’ എന്ന ചിത്രത്തിലെ കത്താഴം കാട്ടുവഴി… എന്നീ ഗാനങ്ങള്‍ക്ക് തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. 1997 ല്‍ തമിഴ്‌നാടിന്റെ കലൈ മാമണി അവാര്‍ഡ്, 2021-ല്‍ ജെ. സി. ഡാനിയല്‍ അവാര്‍ഡ്. ഇവ കൂടാതെ മറ്റു അന്‍പതോളം അവാര്‍ഡുകളും ജയചന്ദ്രനെ തേടിയെത്തി.
ആദ്യത്തെ ഗാനമേള 1967 ല്‍ കൊല്ലം ഫാത്തിമ കോളേജില്‍. ഗാനമേളയില്‍ ആദ്യമായി പാടിയ ഗാനം ജയവിജയ രചിച്ച് സംഗീതം നല്‍കിയ ‘ശ്രീ ശബരീശാ ദീന ദയാലാ’ എന്ന അയ്യപ്പ ഭക്തി ഗാനം. അന്ന് മുതല്‍ എല്ലാ ഗാനമേളകളിലും ആദ്യം പാടുന്നത് ഇതേ ഗാനം തന്നെ. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഭാരതത്തിലും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിന് ഗാനമേളകള്‍ നടത്തിയിട്ടുണ്ട്.
നടന്‍ എന്ന നിലയില്‍ ജയചന്ദ്രന്‍ തിളങ്ങിയത് എം. ടി. വാസുദേവന്‍ നായരുടെ ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലെ ഒരു നമ്പൂതിരി വേഷത്തില്‍. കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അന്യഭാഷാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍
1973-ല്‍ മണിപ്പയല്‍ എന്ന ചിത്രത്തില്‍ എം. എസ്. വിശ്വനാഥന്‍ തങ്ക ചിമിഴ് പോല്‍ ഇതഴോ… എന്ന ഗാനം ജയചന്ദ്രന് നല്‍കി തമിഴ് ചിത്രങ്ങളില്‍ പരിചയപ്പെടുത്തി. ഭാഷയില്‍ പാട്ടിന്റെ വരികള്‍ എഴുതിയെടുത്ത് പഠിച്ചാണ് തമിഴ് പാട്ടുകള്‍ പാടുന്നത്. അതുകൊണ്ടുതന്നെ തമിഴിലെ തനി ഉച്ചാരണം ജയചന്ദ്രന്റെ തമിഴ് ഗാനാലാപനത്തില്‍ അനുഭവപ്പെടുന്നു. അതിനാല്‍ തമിഴ് സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ്. വര്‍ഷം 2000 വരെ ജയചന്ദ്രന്‍ ആയിരത്തോളം തമിഴ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഇളയരാജ സംഗീതം നല്‍കി ‘വൈദേഹി കാത്തിരുന്താള്‍’ (1984) എന്ന ചിത്രത്തിലെ രാസാത്തി ഒന്നെ… എന്ന ഗാനം ലോകപ്രശസ്തമാണ്. ഇതുപോലെ കന്നടയിലെ മന്ദാര പുഷ്പവു നീനു… എന്ന ഗാനവും സൂപ്പര്‍ ഹിറ്റാണ്. കന്നടയിലും തെലുങ്കിലുമായി ഏകദേശം 500 ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഹിന്ദിയില്‍ പത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. അതില്‍ അദാ (2010) എന്ന ചിത്രത്തില്‍ എ. ആര്‍. റഹ്മാന്റെ സംഗീതത്തില്‍ അല്‍ക്ക യാഗ്‌നിക്കുമൊത്തു പാടിയ മിലോ വഹാം വഹാം എന്ന ഗാനം… വളരെ പ്രശസ്തമാണ്.
ഓരോ ഭാഷയിലും ആ ഭാഷയുടെ തനത് ഉച്ചാരണം തന്നെ ഉറപ്പുവരുത്തുന്നതില്‍ ജയചന്ദ്രന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ആ ഭാഷയിലെ ആസ്വാദകര്‍ ഒരു പ്രത്യേക സ്ഥാനം ജയചന്ദ്രന് നല്‍കുന്നു. ഇതുപോലെ തന്നെയാണ് ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും. 21 മിനിട്ട് നീണ്ടുനില്‍ക്കുന്ന ഒരു ഗുരുവായൂര്‍ സുപ്രഭാതവും, ഹരിവരാസനം പോലെ പ്രഭാത ഗീതമായി പങ്കജാസനവും ജയചന്ദ്രന്‍ നമുക്കു സമ്മാനിച്ചിട്ടുണ്ട്. സ്വന്തം സംഗീതത്തില്‍ പത്തു അവതാരങ്ങളെയും കുറിച്ചുള്ള ഭക്തി നിര്‍ഭരമായ ഗീതങ്ങള്‍ പുറത്തുവന്നിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. പുഷ്പാഞ്ജലി (1981) ഭക്തിഗാന ആല്‍ബം ഇന്നും ആസ്വാദകര്‍ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു. ഒന്നിനി ശ്രുതി താഴ്‌ത്തി…, സ്മൃതി തന്‍ ചിറകിലേറി… തുടങ്ങിയ അനേകം ലളിത ഗാനങ്ങളും ജയചന്ദ്രന്റെ നാദമാധുരിയില്‍ നാം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
പച്ചമനുഷ്യന്റെ പ്രതികരണങ്ങള്‍
പെട്ടെന്നു പ്രതികരിക്കുന്ന പ്രകൃതം. ശരിയെന്നു തോന്നുന്ന കാര്യം മുഖംനോക്കാതെ പറയുക തന്നെ ചെയ്യും. മറ്റുള്ളവരുടെ പ്രതികരണത്തിന് അനുസൃതമായി സ്വന്തം അഭിപ്രായം മാറ്റുകയോ മയപ്പെടുത്തുകയോ ഇല്ല. ആരോടും വ്യക്തി വൈരാഗ്യമോ അസൂയയോ പുലര്‍ത്താറില്ല. തിരിച്ചു വഴക്കു പറയുന്നവരോടും ചീത്ത പറയുന്നവരോടും പകയോ വിദ്വേഷമോ സൂക്ഷിക്കാറില്ല. പിന്നീട് അവരോട് അടുപ്പം തോന്നിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ആസ്വാദകന്‍ താനാണ് എന്ന അഹങ്കാരം തനിക്കുണ്ടെന്ന് എപ്പോഴും പറയും. എല്ലാ നല്ല പാട്ടുകാരുടെയും പാട്ടുകള്‍ കേള്‍ക്കും, ഹൃദിസ്ഥമാക്കും. നല്ല പാട്ടുകള്‍ കേള്‍ക്കുന്നവരോട് വലിയ സ്‌നേഹവും ബഹുമാനവുമാണ്. അങ്ങനെ ഉള്ളവരുമായി നല്ല ചങ്ങാത്തത്തിലാവും. അവരെ അങ്ങോട്ട് വിളിച്ചു പാട്ടുകളെക്കുറിച്ചു പറയും, പാടിക്കേള്‍പ്പിക്കും.
ബുദ്ധിമുട്ടനുഭവിക്കുന്ന കലാകാരമാരെ പല രീതിയില്‍ കഴിയുന്നത്ര സഹായിക്കും. അവസരങ്ങള്‍ വാങ്ങിക്കൊടുക്കുക, ആവശ്യക്കാരെ അത്യാവശ്യം സാമ്പത്തികമായി സഹായിക്കുക എന്നിങ്ങനെ മറ്റാരും അറിയാതെ, പരസ്യമോ വീഡിയോയോ ഇല്ലാതെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം അറിയുന്ന രീതിയിലുള്ള സഹായങ്ങള്‍.
ഇതൊരു ലോക റെക്കോര്‍ഡ്
ഒരു ഭാഷയിലും തുടങ്ങിയ വര്‍ഷം മുതല്‍ ഇന്നുവരെ നിരന്തരം എല്ലാ വര്‍ഷവും സിനിമയിലും, ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടുകയും, ഒരു നല്ല പാട്ടെങ്കിലും ഓരോ വര്‍ഷവും തന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരേ ഒരു ഗായകനേ ഭൂമിയില്‍ ഉണ്ടായിട്ടുള്ളൂ- ഭാവഗായകന്‍ പി. ജയചന്ദ്രന്‍.
1973 മേയ് 27ന് വിവാഹം. ഭാര്യ ലളിത. മക്കള്‍ ലക്ഷ്മി, ദിനനാഥ്. മലയാളത്തിന്റെ ഈ മഹാസൗഭാഗ്യത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: