കൊച്ചി: ജര്‍മനി, യുഎസ്, റഷ്യ എന്നിവയ്ക്കൊപ്പം വലിയ അന്തര്‍വാഹിനി ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഭാരതവും. കടലിന്റെ അടിത്തട്ടു നിരീക്ഷിക്കാനും ആയുധങ്ങള്‍ പ്രയോഗിക്കാനുമുള്ള ശേഷി ഈ യാനത്തിനുണ്ട്. എക്സ്ട്രാ ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍ വാട്ടര്‍ വെസല്‍ (എക്സ്എല്‍യുയുവി) എന്നാണ് ഇതിന്റെ സാങ്കേതിക നാമം. 50 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വീതിയുമുണ്ട്. ഭാരം 300 ടണ്‍. 8 ടണ്‍ ആയുധം വഹിക്കാന്‍ ശേഷി. 45 ദിവസം തുടര്‍ച്ചയായി കടലിനടിയില്‍ കഴിയാന്‍ ചാര്‍ജുള്ള ബാറ്ററിയുണ്ട്. ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന ബാറ്ററി ശേഷികളിലൊന്നാണിത്.
ചാര്‍ജിങ്ങിനോ മറ്റെന്തെങ്കിലും പ്രതിസന്ധിയിലോ തനിയെ മദര്‍ഷിപ്പിലേക്കോ ഹാര്‍ബറിലേക്കോ വരാന്‍ സംവിധാനമുണ്ട്. അടുത്ത വര്‍ഷം പ്രോട്ടോ ടൈപ്പ് തയാറാകും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ അന്തര്‍വാഹിനി ഡ്രോണ്‍ ഇതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചൈനയും ഇത്തരത്തിലൊന്ന് വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിലേക്കുള്ള ആദ്യ ചുവടുവയ്പായി ഭാരതം നിര്‍മിച്ച ആളില്ലാ ചെറു അന്തര്‍വാഹിനിയായ ഹൈ എന്‍ഡ്യൂറന്‍സ് ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിളിന്റെ (എച്ച്ഇഎയുവി) ആദ്യ പരീക്ഷണം വെള്ളിയാഴ്ച കൊച്ചിക്കായലില്‍ നടന്നു.
ഡിആര്‍ഡിഒയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് ഇതു നിര്‍മിച്ചത്. ജലോപരിതല പരീക്ഷണങ്ങള്‍ വിജയമായെന്നു ഡിആര്‍ഡിഒ അറിയിച്ചു. 9.75 മീറ്റര്‍ നീളമുള്ള ഇത് വൈകാതെ നേവിയുടെ ഭാഗമാകും. നിരീക്ഷണമാണ് ദൗത്യം. ആക്രമണ സംവിധാനമില്ല. 300 മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കാന്‍ കരുത്തുണ്ട്. 15 ദിവസം വരെ വെള്ളത്തില്‍ കഴിയാന്‍ ശേഷിയുള്ളതാണ് ബാറ്ററി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: