Categories: Kerala

ഈരാറ്റുപേട്ടയില്‍ വൈദികനെ കൊല്ലാന്‍ ശ്രമം: പി.സി.ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ വര്‍ഗ്ഗീയത; പിണറായി സത്യം പറഞ്ഞപ്പോള്‍ ഹുസൈന്‍ മടവൂരിന് മൗനം

ഈരാറ്റുപേട്ടയില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ വൈദികനെ ആക്രമിച്ച സംഭവത്തെ ചോദ്യം ചെയ്ത ഹുസൈന്‍ മടവൂരിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രിയുടെ പൊട്ടിത്തെറി.

Published by

തിരുവനന്തപുരം: ഈരാറ്റുപേട്ടയില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ വൈദികനെ ആക്രമിച്ച സംഭവത്തെ ചോദ്യം ചെയ്ത ഹുസൈന്‍ മടവൂരിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രിയുടെ പൊട്ടിത്തെറി.

ഈരാറ്റുപേട്ടയിൽ മുസ്ലിം വിഭാഗത്തെ മാത്രം പൊലീസ് തെരഞ്ഞുപിടിച്ച് അറസ്‌റ്റ് ചെയ്‌തു എന്നായിരുന്നു ഹുസൈൻ മടവൂരിന്റെ വിമര്‍ശനം. എന്നാല്‍ ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തരം ആണെന്നും പള്ളി വികാരിക്ക് നേരെ വണ്ടി കയറ്റുകയായിരുന്നുവെന്നും തലനാരിഴയ്‌ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

യുവാക്കളുടെ ഒരു കൂട്ടം എന്നു പറഞ്ഞാൽ എല്ലാവരും ഉൾപ്പെടും എന്നാണ് കരുതുന്നത്. എന്നാൽ ഈരാറ്റുപേട്ടയില്‍ വൈദികനെതിരെ നടന്ന ആക്രമണത്തില്‍ മുസ്ലിം വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവരെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പൂഞ്ഞാർ സെന്‍റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തിൽ 27 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. ഇവരിൽ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നില്ല. ഇവരെല്ലാം മുസ്ലിംസമുദായത്തില്‍ പെട്ടവരായിരുന്നു. മാത്രമല്ല എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചു.

പി.സി. ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് പലരും പൊട്ടിത്തെറിച്ചു

ഈരാറ്റുപേട്ടയില്‍ വൈദികനെ കാറിടിച്ച് കൊല്ലാന്‍ ഉള്‍പ്പെടെ ശ്രമം നടന്ന കേസില്‍ അറസ്റ്റിലായ 27 പേരും മുസ്ലിം സമുദായത്തില്‍ നിന്നാണെന്ന പി.സി. ജോര്‍ജ്ജിന്റെ വിമര്‍ശനാത്മക പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമാര്‍ശനമായിരുന്നു സിപിഎം ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയത്. പി.സി. ജോര്‍ജ്ജ് വര്‍ഗ്ഗീയത പറയുന്നു എന്നായിരുന്നു പരാതി. കോണ്‍ഗ്രസും പി.സി. ജോര്‍ജ്ജിനെ ഈ പ്രസ്താവനയുടെ പേരില്‍ വേട്ടയാടിയിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയും പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ പി.സി.ജോര്‍ജ്ജ് പറഞ്ഞത് വാസ്തവമാണെന്ന് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മീഡിയാവണ്‍

മീഡിയ വണ്ണാകട്ടെ മുഖ്യമന്ത്രിയുടെ ഈ മറുപടിയെ കഠിനമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ വക്താവാണ് സംസാരിച്ചതെന്ന ആരോപണമാണ് മീഡിയാ വണ്‍ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക