കോഴഞ്ചേരി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തിലേക്ക്. രാജ്യത്താകെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍-ജീവന്‍. കേരളത്തില്‍ പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും വഹിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് 15 ശതമാനവും 10 ശതമാനവും ആണ്.
2020 ഒക്ടോബര്‍ എട്ടിനാണ് കേരളത്തില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. 2021 ല്‍ സംസ്ഥാനം 311.25 കോടിയും 2022ല്‍ 1,059.57 കോടിയും പോയ വര്‍ഷം 1,053 കോടിയും ഉള്‍പ്പെടെ 4,200 കോടി ചെലവഴിച്ചപ്പോള്‍ കേന്ദ്ര വിഹിതമായി 4,600 കോടി ലഭിച്ചു. സംസ്ഥാനത്ത് ആകെ നല്‌കേണ്ടത് 53.19 ലക്ഷം ടാപ് കണക്ഷനുകളാണ്. ആദ്യ 14 മാസത്തിനകം കേരളത്തില്‍ നല്കാനായത് 15.01 ലക്ഷം കണക്ഷനുകള്‍ മാത്രമാണ്. കേന്ദ്ര വിഹിതം ഉപയോഗിച്ച് ഒട്ടുമിക്ക പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ബാക്കി ജോലികള്‍ എങ്ങുമെത്താത്ത അവസ്ഥയാണ്. വാട്ടര്‍ അതോറിറ്റിയ്‌ക്കാണ് നടത്തിപ്പു ചുമതല.
പൈപ്പ് ലൈന്‍ സ്ഥാപനത്തിനു പുറമേ ജല ശുദ്ധീകരണ പ്ലാന്റകളും വന്‍ വാട്ടര്‍ ടാങ്കുകളും ഉള്‍പ്പടെ വമ്പന്‍ പദ്ധതികള്‍ നിശ്ചയിച്ച പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 15 ശതമാനം കണ്ടെത്തുക പ്രയാസമാണ്. ഗുണഭോക്താക്കളില്‍ നിന്ന് 10 ശതമാനം തുക കണ്ടെത്തുന്നതും പ്രായോഗികമല്ല. പദ്ധതി അനിശ്ചിതമായി നീളാതിരിക്കണമെങ്കില്‍ പഞ്ചായത്ത്-ഗുണഭോക്തൃ വിഹിതങ്ങള്‍ ഉള്‍പ്പെടെ 25 ശതമാനം തുക കൂടി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.
ഹഡ്‌കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് നാമമാത്ര പലിശയില്‍ വായ്പ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും തിരിച്ചടവ് വന്‍ ബാധ്യതയാവും . പാര്‍പ്പിട പദ്ധതിയായ പിഎംഎവെ-ലൈഫ് മിഷനു വേണ്ടി മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും വലിയ വായ്പ എടുത്തിട്ടുള്ളതും പ്രശ്‌നമാണ്.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പോലും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാല്‍ ജല്‍-ജീവന്‍ കരാറുകാര്‍ക്ക് ചെയ്ത ജോലികളുടെ പണം പോലും ലഭിച്ചിട്ടില്ല. ഇതിന് പുറമെ പൊതുമരാമത്ത്, പഞ്ചായത്ത്, നഗരസഭ റോഡുകള്‍ കുത്തിപ്പൊളിച്ച വകയില്‍ നഷ്ടപരിഹാരവും നല്‌കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: