Categories: Samskriti

മഹാദേവാ മഹേശ്വരാ!

Published by

പ്രാചീനകാലം മുതല്‍ക്കേ ഭാരതീയര്‍ പരമശിവനെ ആരാധിച്ചിരുന്നു. സിന്ധു നദീതടത്തില്‍ ഖനനം നടത്തിയപ്പോള്‍ ശിവലിംഗങ്ങളും മറ്റും ലഭിച്ചിട്ടുണ്ട് ശിവദര്‍ശനം ശൈവമതത്തോളം വികാസ പരിണതി നേടിയിട്ടുണ്ടിവിടെ.

വേദങ്ങളില്‍ രുദ്രനല്ലാതെ ശിവന്‍ എന്നൊരു ദേവനില്ല. കൃഷ്ണ യജുര്‍വേദത്തിലെ നാലാം കാണ്ഡത്തില്‍ പതിനൊന്നനുവാകങ്ങളുള്ള അഞ്ചാമത്തെ പ്രപാഠകം ശ്രീരുദ്ര മന്ത്രങ്ങളാണ്. രുദ്രാധ്യായത്തിനെ ഇതിനെ ശതരുദ്രീയം എന്നുപോലും വിശേഷിപ്പിച്ചിരിക്കുന്നു. ശ്രീരുദ്ര മന്ത്രങ്ങള്‍ ‘നമകം’ എന്നറിയുന്നു ‘നമ’ എന്ന പദം ചേര്‍ത്ത് സ്തുതി ആവര്‍ത്തിക്കുന്നതിനാല്‍ ‘നമകം’. കൃഷ്ണയജുര്‍വേദത്തിലെ നാലാം കാണ്ഡത്തിലാണ് പ്രസിദ്ധമായ ‘നമഃശിവായ’എന്ന പഞ്ചാക്ഷരി മന്ത്രം.

ക്രൂരരൂപവും സൗമ്യരൂപവും ശിവന് ഒരുപോലെയുണ്ടെന്ന് വേദവും പുരാണവും പറയുന്നു. എന്തെല്ലാം എന്തെന്തെല്ലാം വിഭൂഷകളാണ് ശിവഭഗവാന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. കപര്‍ദ്ദം എന്ന ചുവന്ന ജട. കണ്ണുകള്‍ മൂന്ന.് അതിലൊന്ന് അഗ്‌നി. സദാ ശൂലം ധരിക്കുന്നു. ത്രിശൂലത്തിന്റെ പേര് പിനാകം. വാഹനം വെളുത്ത കാള. പേര് നന്ദി. രണ്ടുകൈയ്യുള്ളവനായും നാലും എട്ടും പത്തും കൈയ്യുള്ളവനായും ശിവനെ വര്‍ണിച്ചിരിക്കുന്നു. ശിവ ശിരസ്സില്‍ ഗംഗ. ഒപ്പം ചന്ദ്രനും. മനുഷ്യത്തലകള്‍ കോര്‍ത്തുണ്ടാക്കിയ മാല കഴുത്തില്‍. ഉടുക്കുന്നത് പുലിത്തോല്. പുതയ്‌ക്കുന്നത് ആനത്തോലും. സര്‍വാംഗങ്ങളിലും പാമ്പുകള്‍ ആഭരണം.

കാലത്തെ നിയന്ത്രിക്കുന്ന കാലരൂപന്‍. സംഹാരമൂര്‍ത്തി. മഹായോഗി. ഭൂതഗണങ്ങള്‍ അനുചരര്‍. യുദ്ധക്കളത്തിലും ചുടലയിലും സാന്നിധ്യം. കൈലാസശിഖരത്തില്‍ വാസം. ലോകഗതി നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും ശിവപെരുമാളിന്റെ ധ്യാനം.

ഋഗ്വേദത്തില്‍ ശിവനെ, ‘ജലാഷ ഭേഷജന്‍’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ജലാഷത്തിന് അര്‍ഥം ആനന്ദം. എല്ലാ ഔഷധികളും ശിവന്റെ അധീനതയില്‍. ആനന്ദം നല്‍കി ആത്മസാക്ഷാത്കാരത്തിലേക്ക് ഈ ഭേഷജന്‍ (വൈദ്യന്‍) നയിക്കുന്നു.
പ്രകൃതിയേയും പുരുഷനേയും അഥവാ ശക്തിയേയും ശക്തിമാനേയും പുരാണമിഥുനമെന്ന് ഉപനിഷത്ത് വാഴ്‌ത്തുന്നു. വാഗര്‍ഥസംപൃക്തത പോലെയുള്ള വൃക്ഷവും നിഴലും പോലെയുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെ ജഗദ്പിതാക്കളായ പാര്‍വതീ പരമേശ്വരന്മാര്‍. മൂല്യവത്തായ കുടുംബ ജീവിതത്തിന്റെ എക്കാലത്തേയും മികച്ച മാതൃകകള്‍ ഇവര്‍.
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയാണ് ശിവരാത്രി. ‘ശിവരാത്രി നാള്‍ ഉപവാസം ചെയ്ക’ എന്ന് ശിവപുരാണം. ഈ ശിവരാത്രിനാളില്‍ ശ്രീശങ്കരാചാര്യ വിരചിതമായ നിര്‍വാണഷട്ക്കം നമുക്കൊന്നിച്ച് ചൊല്ലാം:

നിര്‍വാണഷട്കം
(ആത്മഷ്ടകം)
മനോബുദ്ധ്യഹങ്കാര ചിത്താനി നാഹം
ന കര്‍ണം ന ജിഹ്വാന ന ച ഘ്രാണ നേത്രേ
ന ച വ്യോമഭൂമിര്‍ന്നതേജോ ന വായു
ചിദാനന്ദരൂപശ്ശിവോഹം ശിവോഹം

ന പ്രാണ സംജ്ഞോ ന വൈ പഞ്ചവായുര്‍
നവാ സപ്തധാതുര്‍ന്നവാ പഞ്ചകോശഃ
ന വാക്പാണിപാദൗ ന ചോപസ്ഥപായുഃ
ചിദാനന്ദരൂപശ്ശിവോഹം ശിവോഹം

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോനൈവമേ നൈവമാത്സര്യ ഭാവഃ
ന ധര്‍മ്മോ ന ചാര്‍ഥോ ന കാമോ ന മോക്ഷ
ശ്ചിദാനന്ദരൂപശ്ശിവോഹം ശിവോഹം

ന പുണ്യന ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോനതീര്‍ഥം നവേദാ ന യജ്ഞാഃ
അഹം ഭോജനം നൈവഭോജ്യം ന ഭോക്താ
ചിദാനന്ദരൂപശ്ശിവോഹം ശിവോഹം

ന മൃത്യുര്‍ന്നശങ്കാ ന മേ ജാതിഭേദഃ
പിതാനൈവ മേ നൈവ മാതാ ച ജന്മ
ന ബന്ധുര്‍ന്നശത്രുഗ്ഗുരുര്‍ന്നൈവ ശിഷ്യ
ശ്ചിദാനന്ദരൂപശ്ശിവോഹം ശിവോഹം

അഹം നിര്‍വികല്‌പോ നിരാകാരരൂപോ
വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണാം
ന ചാ സംഗതം നൈവമുക്തിര്‍ന്നബന്ധ
ശ്ചിദാനന്ദരൂപ ശിവോഹം ശിവോഹം

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by