Categories: Cricket

നൂറ് നിറവില്‍ അശ്വിന്‍, ബെയര്‍സ്‌റ്റോ

Published by

ധര്‍മശാല: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഭാരതവും ഇംഗ്ലണ്ടും പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഇന്നലെ നേര്‍ക്കുനേര്‍ ഇറങ്ങിയപ്പോള്‍ ഇരു ടീമുകളിലെയും ഓരോ താരങ്ങള്‍ക്ക് കരിയറിലെ പ്രധാന നാഴികകല്ല് പിന്നിട്ടു. ഭാരതത്തിന്റെ ആര്‍. അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍ സ്‌റ്റോ എന്നിവര്‍ കരിയറിലെ നൂറാം ടെസ്റ്റിനാണ് ഇന്നലെ ധര്‍മശാലയില്‍ ഇറങ്ങിയത്.

ടെസ്റ്റ് മത്സരം തുടങ്ങും മുമ്പ് ആര്‍. അശ്വിന്‍ ആദരമേറ്റുവാങ്ങാന്‍ കുടുംബത്തോടൊപ്പം മൈതനത്തെത്തിയപ്പോള്‍

ടെസ്റ്റില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന 14-ാമത്തെ ഭാരത താരമാണ് അശ്വിന്‍. 2011ല്‍ ദല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് അശ്വിന്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും 100 അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരം തികയ്‌ക്കുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടം കൂടിയാണ് അശ്വിന്‍ കൈവരിച്ചത്. നൂറ് ടെസ്റ്റുകള്‍ തികയ്‌ക്കുന്ന പ്രായം കൂടിയ ഭാരത താരം എന്ന നേട്ടം കൂടി താരത്തിനൊപ്പമുണ്ട്. ഈ പരമ്പരയില്‍ മൂന്നാം ടെസ്റ്റില്‍ അശ്വിന്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചിരുന്നു. ഇതിഹാസ താരം അനില്‍ കുംബ്ലെയ്‌ക്ക് ശേഷം 500 വിക്കറ്റ് തികയ്‌ക്കുന്ന ഭാരതതാരമായി മാറുകയായിരുന്നു അശ്വിന്‍.

മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ വിതുമ്പുന്ന ജോണി ബെയര്‍സ്‌റ്റോ. അമ്മ ജാനറ്റ് അരികില്‍

ഇന്നലെ തുടങ്ങിയ ടെസ്റ്റിലൂടെ നൂറാം അന്താരാഷ്‌ട്ര മത്സരം തികച്ച ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ അരങ്ങേറ്റം കുറിച്ചത് വെസ്റ്റിന്‍ഡീസിനെതിരെയാണ്. 2012ല്‍ വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്തായിരുന്നു താരത്തിന്റെ ആദ്യ മത്സരം. അന്ന് ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സെടുത്ത് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് നിരയില്‍ പുറത്താകാതെ നിന്ന ബാറ്റര്‍ ആണ്. ഇംഗ്ലണ്ടിനായി നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന 17-ാമത്തെ താരമാണ് ബെയര്‍‌സ്റ്റോ. 34കാരനായ ജോണി ബെയര്‍സ്‌റ്റോ ഇതുവരെ 36.42 ശരാശരിയില്‍ 5974 റണ്‍സെടുത്തിട്ടുണ്ട്. 12 സെഞ്ചുറികളും 26 അര്‍ദ്ധസെഞ്ചുറികളും നേടി.

നൂറ് ടെസ്റ്റ് തികച്ച മറ്റ് ഭാരത താരങ്ങള്‍

സുനില്‍ ഗാവസ്‌കര്‍,ദിലീപ് വെങ്‌സര്‍ക്കാര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by