2023 ജൂണ്‍ മാസത്തില്‍ യുഎസ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഭാരതം അധികം വൈകാതെ
മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രസ്താവിച്ചിരുന്നു. നാല് ട്രില്ല്യണിലധികം വലുപ്പമുള്ള ജര്‍മ്മനി, ജപ്പാന് എന്നീ രാജ്യങ്ങളെ പിന്തള്ളി ഒട്ടുമിക്ക ആഗോള സൂചികയിലും ഏറെ പിന്നിലുള്ള, തൊഴിലില്ലായ്മയും ദാരിദ്ര്യവും ഏറെ അനുഭവിക്കുന്ന 140 കോടിയിലധികം ജനങ്ങളുള്ള ഭാരതത്തിന് പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച രീതിയിലുള്ള മുന്നേറ്റം സാധ്യമാണോ…?
ഐഎംഎഫിന്റെ 2023 ഒക്ടോബറിലെ കണക്ക് പ്രകാരം ജിഡിപിയുടെ കണക്കില്‍ അമേരിക്ക 26 ട്രില്ല്യണും, ചൈന 17 ട്രില്ല്യണും,ജര്‍മ്മനി 4.4 ട്രില്ല്യണും, ജപ്പാന് 4.2 ട്രില്ല്യണും അതിനും പിറകിലായി ഭാരതം 3.7 ട്രില്ല്യണുമായ് അഞ്ചാം സ്ഥാനത്താണ്.
4430 ബില്യണ്‍ ഡോളര്‍ ജിഡിപിയുള്ള ജര്‍മനിയുടെ 2023 വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 0.5 ശതമാനം മാത്രമാണ്. കൊവിഡും ശേഷം വന്ന ഉക്രയിന് റഷ്യ യുദ്ധവും, ചരിത്രത്തില്‍ ഇന്നോളമില്ലാത്ത ഊര്‍ജ പ്രതിസന്ധിയും തുടര്‍ന്നുള്ള വിലക്കയറ്റവും, 2014ന് ശേഷം ഉണ്ടായ അനിയന്ത്രിതമായ കുടിയേറ്റം പ്രോത്സാഹിപ്പിച്ചതും, ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷേ, ഫോക്സ് വാഗണ്‍ തുടങ്ങി പെട്രോള്‍ഡീസല്‍ എന്ജിന് ആഡംബര വാഹനങ്ങളുടെ ആഗോള കുത്തക ഇലക്ട്രിക് വാഹനങ്ങളുടെ വരവോടുകൂടി തകര്‍ന്നതും ആഭ്യന്തര വിപണിയില്‍ സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് ഇല്ലാതെ വന്നതും, തൊഴിലില്ലായ്മയും, ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ചയെ ഏറെ പിറകോട്ടടിച്ചിട്ടുണ്ട്.
4231 ബില്യണ്‍ ഡോളറുമായി ജര്‍മ്മനിക്ക് തൊട്ടു പിറകിലായി നാലാം സ്ഥാനത്താണ് ജപ്പാന്. സുസുക്കി, ടയോട്ട,നിസ്സാന്‍, ഹോണ്ട,മസ്ത തുടങ്ങി മുന്‍നിര വാഹനങ്ങളും,സോണി, നിക്സണ്, കാനന്‍,സിറ്റിസണ്‍, ഷാര്‍പ്പ്,തുടങ്ങിയ ഇലക്ട്രോണിക്സ് ഭീമന്ന്മാരും ജപ്പാന്റെ സംഭാവനയാണ്. ജപ്പാന് ആഗോള സാമ്പത്തിക ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് മസാക്ക മോറിയുടെ പ്രസ്താവന ജപ്പാന് അകപ്പെട്ട ഗുരുതര സാമ്പത്തികസാമൂഹിക പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിത്തരുന്നു.ജനങ്ങളുടെ ശരാശരി പ്രായം 49.1 വയസ്സാണ്.
ജനസംഖ്യയിലെ 30 ശതമാനം പേരും 65 വയസ്സിന് മുകളിലുള്ളവരാണ്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഈ പ്രായക്കാരില്‍ നിന്നും ഒന്നും ലഭിക്കുന്നില്ല എന്ന നിലക്ക് അതീവ ഗൗരവമുള്ള ഒരു കണക്കാണിത്. ജനസംഖ്യ ക്രമാതീതമായി കുറയുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ഒട്ടും യോജിച്ചതല്ല. ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ എന്നതാണ് പൊതുവേ ലോകം അംഗീകരിച്ച കണക്ക്, എന്നാല്‍ ജപ്പാനില്‍ ഇത് 1.3 മാത്രമാണ്.
ജിഡിപി യിലേക്ക് 68.7 ശതമാനം സംഭാവന നല്കുന്ന സേവന മേഖലയിലാണ് 42 ശതമാനം ആളുകളും തൊഴിലെടുക്കുന്നത് എന്നിരിക്കെ, തൊഴിലെടുക്കാന്‍ പ്രാപ്തരായ ആളുകളുടെ എണ്ണം കുറയുന്നത് തൊഴിലാളികള്‍ക്കു പകരം കാര്‍ഷിക വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണം സാധ്യമാകുന്നത് പോലെ സേവനമേഖലയില്‍ സാധ്യമല്ല എന്നിരിക്കെ ഇത് ഗുരുതര സാമ്പത്തിക സാമൂഹിക പ്രതിസന്ധി തന്നെ സൃഷ്ടിക്കും.
നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ ഉപേക്ഷിക്കപ്പെട്ട വീടുകളുടെ എണ്ണം ജപ്പാനില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. 2021 ന് ശേഷം കാര്യമായ സ്റ്റാര്‍ട്ടപ്പുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല, ലക്ഷ്യം വെക്കുന്ന കയറ്റുമതി വരവ് പലപ്പോഴും നേടാതെ പോകുന്നതും, ഉയര്‍ന്ന വിലക്കയറ്റവും,ഗവണ്മെന്റ് പൊതുകടം ജിഡിപിയുടെ 255.2 ശതമാനത്തോളം ഉയര്‍ന്നതും ജപ്പാന് എന്ന ആഗോള ഓട്ടോമൊബൈല്‍ ഇലക്ട്രോണിക്സ് ഭീമന്മാരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെവളര്‍ച്ചയെ ഏറെ കൗതുകത്തോടെ നോക്കിക്കാണുന്നത്. ജനസംഖ്യ കുറവ് ജര്‍മ്മനിക്കും ജപ്പാനും വില്ലനാകുമ്പോള്‍ ഭാരതത്തിന് ജനസംഖ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെ പോലുള്ളവര്‍ പറയുന്നത്.
കൊവിഡിനു ശേഷം ആഗോള സാമ്പത്തിക രംഗവും, ഒട്ടുമിക്ക ലോകരാജ്യങ്ങളും മൂന്ന് ശതമാനത്തിനു മുകളില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നില്ല എന്നിരിക്കെയാണ് ഭാരതം സ്ഥിരതയാര്‍ന്ന 6 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നത്.ഈ വിധം തുടര്‍ന്നാല്‍ ഒട്ടും വൈകാതെ ഭാരതം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഐഎംഎഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത് നമുക്ക് അനുകൂലമാകാവുന്ന ആഗോളസാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ കാലത്തെ ലക്ഷ്യംവെച്ച് ഭാരതത്തില്‍ നടക്കുന്ന സാമ്പത്തികസാമൂഹിക വികസന പ്രവര്‍ത്തനങ്ങളും കണ്ടിട്ടാണ്,അതില്‍ ചുരുക്കം ചിലതാണ്.
ജനസംഖ്യ ഡിവിഡന്‍ഡ്:
29 വയസ്സാണ് ഭാരതത്തിന്റെ ശരാശരി പ്രായം, തൊഴിലെടുക്കാന്‍ പ്രാപ്തരായ 15 മുതല്‍ 64 വയസ്സിനിടയില്‍ ഉള്ള ആളുകള്‍ മൊത്തം ജനസംഖ്യയിലെ 62 ശതമാനത്തോളം വരും. ഈ കണക്ക് പ്രകാരം ഭാരതം ഏറ്റവും സുവര്‍ണ്ണ കാലത്തിലൂടെയാണ് കടന്നു പോകുന്നത്, ഈ പ്രതിഭാസം 2018 തുടങ്ങി 2055 മാത്രമാണ് അവസാനിക്കുക. ഒട്ടുമിക്ക രാജ്യങ്ങളിലും വൃദ്ധരുടെ എണ്ണം കൂടുമ്പോഴാണ് ഭാരതത്തില്‍ 18 മുതല്‍ 35 വയസ്സിനു ഇടയിലുള്ള യുവാക്കളുടെ എണ്ണം 600 മില്യണ്‍ കടക്കുന്നത്.
ഇവരെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കൊണ്ടുവരിക എന്നത് സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വത്തോടെയുള്ള വെല്ലുവിളിയാണ്, 400 മില്യണ്‍ ആളുകളെ ലക്ഷ്യംവെച്ചുള്ള സ്കില്‍ ഭാരത മിഷന്, പി എം കൗശല്‍ വികാസ് യോജനയും, ദേശീയ വിദ്യാഭ്യാസ നയം 2020 വഴി അടിമുടി മാറ്റങ്ങള്‍ വരുത്തിയും, ആറാം ക്ലാസ് മുതല്‍ തൊഴില്‍ പരിശീലനം വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയും, പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 23 ലേക്ക് ഉയര്‍ത്തി അവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യ പരിശീലനങ്ങളള്‍ നല്‍കിയും, യുവതയെ രാജ്യത്തിന്റെ സമ്പത്താക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാരുകള്‍ പ്രതീക്ഷിക്കുന്നത്.
സ്ഥിരതയാര്‍ന്ന വളര്‍ച്ചാനിരക്ക്:
കൊവിഡിന് ശേഷം മൂന്ന് ശതമാനത്തിന് മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും 2023 ല്‍ പോലും സാധിച്ചിട്ടില്ല. ഈവര്‍ഷം ജര്‍മ്മനിക്ക് 0.5, ജപ്പാന് 2, അമേരിക്കക്ക് 2.1 ഒശതമാനവും വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്, ഇവിടെയാണ് ഭാരതത്തിന്റെ വളര്‍ച്ച നിരക്ക് 6.3 ശതമാനം ആയിരിക്കുമെന്ന് വിലയിരുത്തുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യവും, പിന്നീടുവന്ന കൊവിഡ് പ്രതിസന്ധിയും മാറ്റിവച്ചാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഭാരതത്തിന്റെ വളര്‍ച്ച നിരക്ക് 5.5 ശതമാനത്തില്‍ താഴെ പോയിട്ടില്ല എന്ന് മാത്രമല്ല ശരാശരി 6.18 ശതമാനം വളര്‍ച്ച കൈവരിക്കുന്നുമുണ്ട്.
ഇക്കാലയളവില്‍ അമേരിക്കക്ക് 1.7 ശതമാനവും,ജപ്പാന് ഛ.38, ജര്‍മ്മനിക്ക് 0.97 ഉം ശരാശരി വളര്‍ച്ച നേടാനേ സാധിച്ചിട്ടുള്ളൂ എന്ന് മാത്രമല്ല 15 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ഈ മൂന്നു രാജ്യങ്ങള്‍ക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ വളരാനും സാധിച്ചിട്ടില്ല. അവിടെയാണ് ഭാരതത്തിന്റെ സ്ഥിരതയാര്‍ന്ന ശരാശരി വളര്‍ച്ച നിരക്ക് ആറിനു മുകളില്‍ എന്നത് ഏറെ പ്രസക്തമാണ്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച:
ഒരു പൂര്‍ണ്ണ വികസിത രാജ്യങ്ങള്‍ക്കു പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത രീതിയിലുള്ള വളര്‍ച്ചയാണ് ഭാരതം ഈ മേഖലയില്‍ കൈവരിച്ചിരിക്കുന്നത്,
ഐ എസ് ആര് ഒ
ആഗോള ബഹിരാകാശ സമ്പത്ത് വ്യവസ്ഥയില്‍ 79,375 കോടി മൂല്യമുള്ള
ഐഎസ്ആര്‍ഒ ജൂലൈ 17 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചന്ദ്രയാന്‍ 3 വിക്ഷേപണം നടത്തി അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുന്നു.19992022 കാലയളവില്‍ 34 രാജ്യങ്ങളുടെ
384 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുക വഴി 2306
കോടി രൂപ നേടി. ആറ് പുതിയ കരാറുകള്‍ വഴി ഏകദേശം 1165 കോടി രൂപ ഇനിയും പ്രതീക്ഷിക്കുന്നു. വാര്‍ത്താവിനിമയം, കാലാവസ്ഥ നിരീക്ഷണം, ജിപിഎസ്, ജലസ്രോതസ്സുകള്‍ കണ്ടത്തല്‍, പ്രതിരോധം, ദുരന്തനിവാരണം, ദേശ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ബഹിരാകാശ ഗവേഷണത്താല്‍ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്.
ഡിജിറ്റല്‍ കറന്‍സി
സ്വന്തം ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പത്തില്‍ കുറവ് രാജ്യങ്ങള്‍ മാത്രമാണ് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയിട്ടുള്ളു. ഇതൊരു ഫിയറ്റ് കറന്‍സിക്ക് സമയമായതിനാല്‍ സാധാരണ കറന്‍സികള്‍ ഉപയോഗിച്ച് ചെയ്യാവുന്നതെല്ലാം ഇതുപയോഗിച്ചും ചെയ്യാന്‍ സാധിക്കും. സാധന സേവനങ്ങളുടെ കൈമാറ്റം സുഗമമാക്കുക, മൂലധന വിപണികള്‍, ആറ്റോമിക് ഇടപാടുകള്‍, പ്രോഗ്രാമബിള്‍ പെയ്മെന്റുകള്‍, അതിര്‍ത്തി കടന്നുള്ള പെയ്മെന്റ് സെറ്റില്‍മെന്റ് തുടങ്ങിയവ ലളിതമാക്കുക,കറന്‍സികള്‍ അച്ചടിക്കുന്നതിനുള്ള ചിലവുകള്‍ കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
യുപിഐ
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചുകൊണ്ട് നടത്താവുന്ന, ഭാരതം വികസിപ്പിച്ചെടുത്ത തല്‍സമയ പണമിടപാട് സംവിധാനമാണ് യുപിഐ. ഇപ്പോള്‍ പത്തിലധികം രാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ സാധിക്കും. ഓരോ സെക്കന്‍ഡിലും 2348 ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് എന്‍ പി സി ഐയുടെ കണക്ക്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും ഏറെ പ്രയോജനകരമാവുകയും, ബാങ്ക് ടു ബാങ്ക് ഇടപാടുകള്‍ ആയതുകൊണ്ട് ബാങ്കിംഗ് മേഖല മാത്രമല്ല ‘കറന്‍സി രഹിത ഭാരതം’ എന്ന ആശയത്തെയും ഇത് ശക്തിപ്പെടുത്തുന്നു
അടിസ്ഥാന സൗകര്യ വികസനം:
ചരിത്രത്തില്‍ തുല്യതയില്ലാത്ത അത്രയും വികസനപ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത സംസ്ഥാന ഗവണ്മെന്റുകളെ യോജിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. 2023 ല്‍ മാത്രം പത്തുലക്ഷം കോടിയാണ് ഇതിനുവേണ്ടി മാറ്റിവെച്ചത് (ജിഡിപിയുടെ 3.3 %) 7516 കി.മീ കടല്‍ത്തീരവും 14,500 കി.മീ ഉള്‍നാടന്‍ ജലഗതാഗതവും ശക്തിപ്പെടുത്തുന്ന പദ്ധതിയാണ് ‘സാഗര്‍മാല’.
തീരങ്ങളെ കണക്ട് ചെയ്യുക, കയറ്റുമതിആഭ്യന്തര വ്യാപാരം മെച്ചപ്പെടുത്തുക, കയറ്റുമതിഇറക്കുമതി അസംസ്കൃത വസ്തുക്കളുടെ കൈമാറ്റം ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ സുഗമമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ച്ചയാണ് ഭാരതത്തിലെ റോഡ് ഗതാഗതത്തിന് ഉണ്ടായത്.
പ്രഗതി(ജഞഅഏഅഠക), പിഎംജി, മോസ്പി, നിതി ആയോഗ് എന്നീ നാല് സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പല പദ്ധതികളും പുനരുജ്ജീവിപ്പിക്കുകയോ, പുതിയത് നടപ്പിലാക്കുകയോ ചെയ്യാന്‍ ചുക്കാന്‍ പിടിക്കുന്നത്. ഭാരതമാല, ദല്‍ഹി മുംബൈ എക്സ്പ്രസ് വേ, ഭൂപന്‍ ഹസാരിക സേതു, കശ്മീര്‍ റെയില്‍ ലിങ്ക്, ബെംഗളൂര് ചെന്നൈ എക്്സ്പ്രസ് വേ എന്നിവ അതില്‍ ചിലതു മാത്രമാണ്.
ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി:
ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ നിന്നാണ് ഇത്തരത്തിലൊരാശയം അന്തിമരൂപം കൊള്ളുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ 30 ശതമാനം ചെലവും, 40 ശതമാനം സമയവും ലാഭിക്കാം. ഇതിനു നേതൃത്വപരമായ പങ്കു വഹിക്കുന്നത് ഭാരതമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര കൊടുക്കല്‍ വാങ്ങലുകളുടെ അകലം കുറയുകയും, കുറഞ്ഞനിരക്കില്‍ ചരക്കു നീക്കം സാധ്യമാകുന്നത് വഴി കയറ്റുമതി ഇറക്കുമതിയിലൂടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വുണ്ടാവുകയും ചെയ്യും.
ഭാരതത്തില്‍നിന്ന് കപ്പല്‍ വഴി ചരക്കുകള്‍ യുഎഇ തുറമുഖത്ത് എത്തുകയും, അവിടെനിന്ന് റെയില്‍ മാര്‍ഗ്ഗം സൗദി ജോര്‍ദാന്‍ കടന്ന് ഹൈഫൈ തുറമുഖം വഴി യൂറോപ്പിലേക്ക് കടക്കുന്ന രീതിയിലാണ് ഇടനാഴി വിഭാവനം ചെയ്തിട്ടുള്ളത്. ഹൈഫൈ പോര്‍ട്ട് അദാനി ഏറ്റെടുത്ത് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചൈനഅമേരിക്ക എന്നിവടങ്ങളിലെ സമയവ്യത്യാസം കച്ചവട വാണിജ്യ രംഗത്ത് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്, ഭാരതയുഎഇ ടൈം സോണ്‍ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാണ്, ഇത് ഈ പദ്ധതിക്ക് അനുകൂല ഘടകമാണ്.
വിദേശ നിക്ഷേപം :
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഒരു സമ്പത്ത് വ്യവസ്ഥയുടെ നിക്ഷേപവ്യവസായ സൗഹൃദത്തെ കാണിക്കുന്നു. ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ഒഴുകിയത് 2021 2022 ലായിരുന്നു, 84.83 ബില്യണ്‍ ഡോളര്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓയില്‍ റിഫൈനറീസ്, ടെലികോം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലെ വിദേശനിക്ഷേപ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതാണ് ഈ കുതിച്ചുചാട്ടത്തിനു പ്രധാനകാരണം.
മാത്രവുമല്ല ചൈനയില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പിന്‍വലിഞ്ഞ 13,5000 കോടി ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപത്തിന്റെ നല്ലൊരുപങ്കും ഭാരത ഓഹരി വിപണിയിലേക്കാണ് എത്തിയിട്ടുള്ളത്. 202223 കാലത്ത് 70.97 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപവും, 46.03 ബില്യണ്‍ ഡോളറിന്റെ ഓഹരി വിപണി നിക്ഷേപവും നടന്നിട്ടുണ്ട്.
160 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപം വരാനുള്ള മാര്‍ഗത്തെ സുതാര്യവല്ക്കരിക്കുന്നുണ്ട്. 2023 ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ മാത്രം 17.56 ബില്യണ്‍ ഡോളറിന്റെയും, ഓഹരിവിപണിയില്‍ 10.94 ബില്യണ്‍ ഡോളറിന്റെയും നിക്ഷേപം വന്നിട്ടുണ്ട്. മൗറീഷ്യസ്, സിങ്കപ്പൂര്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് നിക്ഷേപം കൂടുതലായി വന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഏറിയപങ്കും പോയത്.
കുറഞ്ഞ ജിഡിപി പൊതുകടം അനുപാതം:
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരത സര്‍ക്കാരിന്റെ പൊതുകടം ജിഡിപി അനുപാതം താരതമ്യേനെ കുറവാണ്. 2023 ലെ കണക്ക് പ്രകാരം ജിഡിപിയുടെ 81.9 ശതമാനമാണ് പൊതുകടം. ഇക്കാലയളവില്‍ ജപ്പാനിന്റേത് 255.2 ശതമാനവും, അമേരിക്കയുടേത് 123.3 ശതമാനവും, ചൈനയുടേത് 83 ശതമാനവുമാണ് ജിഡിപി പൊതുകടം അനുപാതം. വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായിരിക്കുമ്പോള്‍ പൊതുകടം ക്രമാതീതമായി വര്‍ദ്ധിക്കാറുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കുമ്പോഴും ഭാരതത്തിന്റെ ജിഡിപി പൊതുകടം അനുപാതം കുറഞ്ഞ തോതിലാണ് എന്നത് വരുംതലമുറക്ക് അമിത കടഭാരം വരുതാത്ത രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അനുമാനിക്കാം.
ശക്തമായ ഓഹരി വിപണി:
സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ പെട്ടെന്ന് പ്രതിഫലിക്കുന്ന ഇടമാണ് ഓഹരിവിപണി. 1875 ല്‍ സ്ഥാപിതമായ ബിഎസ് ഇ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും ഏഷ്യയിലെ ആദ്യത്തേതുമാണ്. 2018 ലെ ഏപ്രില്‍ കണക്കുപ്രകാരം 2.3 ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമാണ് ഭാരത ഓഹരി വിപണിയെങ്കില്‍, 2023 നവംബര്‍ മാസത്തില്‍ നടപ്പ് കലണ്ടര്‍ വര്‍ഷം വിപണി മൂലധനം 15 ശതമാനത്തോളം ഉയര്‍ന്ന് നാലു ലക്ഷം കോടി ഡോളര്‍ പിന്നിട്ടു. നിലവില്‍ ഈ നേട്ടം കൈവരിച്ചത് അമേരിക്ക, ചൈന, ജപ്പാന് എന്നീ രാജ്യങ്ങളുടെ ഓഹരി വിപണികള്‍ മാത്രമാണ്. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ എക്കാലത്തെയും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. കമ്പനികളുടെ മികച്ച വരുമാനവും, സാമ്പത്തിക സ്ഥിരതയും, നിക്ഷേപ വരവും ഭാരത ഓഹരി വിപണിയെ ആഗോള തലത്തില്‍ മികച്ച മുന്‍നിര വിപണികളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകുന്ന രീതിയിലുള്ള ആനുപാതിക മുന്നേറ്റം ഓഹരിവിപണിയിലും കാണുന്നുണ്ട്.
ആളോഹരി വരുമാന വര്‍ധനവിലെ അനന്തസാധ്യതകള്‍:
നിലവില്‍ ഭാരതത്തിന്റെ ജിഡിപി ആളോഹരിവരുമാനം 2610 ഡോളറാണ്. സമ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളുടെ കണക്കെടുത്താല്‍ ഭാരതം ഏറെ പിന്നിലാണ്. അമേരിക്ക 80,410 ഡോളര്‍,ചൈന 12,540 ഡോളര്‍, ജര്‍മ്മനി 52,820 ഡോളര്‍, ജപ്പാന് 33,950 ഡോളര്‍ എന്നിങ്ങനെയാണ് അവരുടെ ജിഡിപി ആളോഹരി അനുപാതം. 2017 നെ അപേക്ഷിച്ച് 2023 ല്‍ എത്തിയപ്പോള്‍ ജിഡിപി ആളോഹരി വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ആളോഹരി വരുമാനത്തില്‍ ചെറിയൊരു വര്‍ദ്ധനവ് 140 കോടി ജനങ്ങളുള്ള ഇന്ത്യ പോലൊരു രാജ്യത്തിന്റെ ജിഡിപിയില്‍ വലിയൊരു മാറ്റം തന്നെ കൊണ്ടു വരാന്‍ കാരണമാകും എന്നിരിക്കെ, ജനങ്ങളുടെ വരുമാന വര്‍ദ്ധനവിനെ ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളാണ് സ്കില്‍ ഭാരതം, കര്‍ഷക ഇരട്ടി വരുമാനം, മേക്ക് ഇന്‍ ഇന്ത്യ, സ്വയം തൊഴില്‍ ലക്ഷ്യമിട്ടുള്ള മുദ്രാ ലോണുകള്‍, സ്ത്രീള്‍ക്ക് വേണ്ടിയുള്ള അന്നപൂര്‍ണ്ണ സ്കീം, സ്ത്രീശക്തി യോജന, ധനശക്തി യോജന, മഹിള ഉദ്യം നിധി യോജന, സിന്ന്ത് മഹിള ശക്തി സ്കീം തുടങ്ങിയവയെല്ലാം.
കൂടാതെ നഗര ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഒട്ടനേകം പദ്ധതികള്‍ വേറെയുമുണ്ട്.
ചൈനയുടെ കിതപ്പ് :
ചൈനയും അമേരിക്കയും സാമ്പത്തികരംഗത്ത് ശീത യുദ്ധങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. യൂറോപ്പ് അമേരിക്ക കമ്പനികള്‍ക്ക് ചൈനയിലെ ഫാക്ടറിക്ക് പുറമേ മറ്റൊരു രാജ്യത്ത് കൂടി ഉല്പാദനം വേണമെന്ന ‘ചൈനാ പ്ലസ് വണ്‍ ‘ എന്ന പേരിലറിയപ്പെടുന്ന നയം ചൈനയെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ നയം വഴിയാണ് ആപ്പിള്‍, സാംസങ്, കിയ, തോഷിബ പോലുള്ള കമ്പനികള്‍ ഭാരതത്തിലേക്ക് വരുന്നത്. ഉല്‍പ്പാദനത്തിന് അനുസരിച്ചുള്ള പ്രോത്സാഹനം (ജൃീറൗരശേീി ഹശിസലറ ശിരലിശേ്ല) എന്ന ഭാരതത്തിന്റെ പോളിസിയും ഈ കമ്പനികളുടെ വരവ് എളുപ്പമാക്കി. ചൈന കയറ്റുമതി ചെയ്യുന്ന സാധനങ്ങളില്‍ 60 ശതമാനവും വിദേശ കമ്പനികള്‍ ചൈനയില്‍ നടത്തുന്ന ഫാക്ടറികളില്‍ നിന്നായതിനാല്‍ ചൈനാ പ്ലസ് വണ്‍ നയം ചൈനക്ക് വലിയ പരിക്കേല്‍ക്കും എന്നതില്‍ തര്‍ക്കമില്ല.
വര്‍ഷത്തില്‍ ശരാശരി 4400 കോടി ഡോളര്‍ വിദേശനിക്ഷേപം വന്നിരുന്ന ചൈനയിലേക്ക് ഇപ്പോള്‍ വെറും 400 കോടി ഡോളറില്‍ താഴേ മാത്രമേ വരുന്നുള്ളൂ. തുടര്‍ച്ചയായി ജിഡിപി വളര്‍ച്ച നിരക്ക് ആറു ശതമാനത്തില്‍ മുകളില്‍ മാത്രം കണ്ടിരുന്നത്, കഴിഞ്ഞ രണ്ടു വര്‍ഷമായി അഞ്ചുശതമാനത്തിനു താഴെയാണ്. മാത്രവുമല്ല പൊതുകടം പതിനഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണ്. ഈ രീതിയില്‍ സാമ്പത്തിക രംഗത്ത് ചൈന അനുഭവിക്കുന്ന കിതപ്പ് ഭാരതംപോലെ ഉയര്‍ന്ന സാധ്യതയുള്ള രാജ്യത്തിന് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കും.
മുകളില്‍ പറഞ്ഞവയെല്ലാം ഐഎംഎഫ്, ഗോള്‍ഡ് മാന്‍ സാച്ച്, ബ്ലൂംബര്‍ഗ്, ഒ ഇ സി ഡി, എസ് ആന്റ് പി, എസ്ബിഐ റിസര്‍ച്ച്, മോര്ഗന് സ്റ്റാന്‍ലി തുടങ്ങിയ സാമ്പത്തിക വളര്‍ച്ചയെ പ്രവചിക്കുന്ന മുന്‍നിര സ്ഥാപനങ്ങളുടെ വ്യത്യസ്ത നിഗമനങ്ങള്‍ പ്രകാരം 2027-2035 കാലയളവിനുള്ളില്‍ ഭാരതം അഞ്ച് ട്രില്ല്യണ്‍ ഡോളറും കടന്ന് ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന പ്രവചനങ്ങള്‍ക്ക് കരുത്തേകുന്ന ചുരുക്കം ചില സൂചകങ്ങള്‍ മാത്രമാണ്. പൂര്‍ണ്ണ സാമ്പത്തികവളര്‍ച്ച കൈവരിക്കുന്നതിനുതകുന്ന സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ കൂട്ടാവുന്ന രീതിയില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത ഗുണ നിലവാരം ഉയര്‍ത്തുന്ന തരത്തിലുള്ള വ്യത്യസ്ത സംസ്ഥാനപ്രാദേശിക ഗവണ്മെന്റ് കളുടെ ഇടപെടലുകളും ഇവിടെ നിര്‍ണായകമാകുന്നുണ്ട്.
റഷ്യ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി പെട്രോളിയം ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ കൈമാറ്റം ഡോളറിനു പകരം ഇന്ത്യന്‍ കറന്‍സിയായ രൂപയില്‍ത്തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത് ഡോളറിന്റെ അപ്രമാദിത്വത്തിനെ വെല്ലുവിളിക്കുക മാത്രമല്ല വരാനിരിക്കുന്ന ആഗോള സാമ്പത്തിക രംഗത്തെ ഭാരത മുന്നേറ്റങ്ങള്‍ക്കുള്ള ചൂണ്ടുപലക കൂടിയാണ്.
കോളനിവാഴ്ചയുടെ കാലഘട്ടത്തില്‍ ബൃഹത്തായൊരു സമ്പദ്വ്യവസ്ഥയെ സാമൂഹിക,സാമ്പത്തിക,ആശയ ദാരിദ്ര്യങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിട്ടവര്‍ക്ക് മുന്പില് പുതു നൂറ്റാണ്ടില്‍ അവര്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത രീതിയിലുള്ള ശാസ്ത്രസാങ്കേതിക സാമ്പത്തിക മേഖലകളില്‍ ഒരുപോലെ നേട്ടം കൊയ്ത് വന്‍ സാമ്പത്തിക ശക്തിയാകാന്‍ ഈ വിധത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയാല്‍ സമീപമല്ലാത്ത ഭാവിയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: