വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക ദാരുണമായി മരിച്ചതിന്റെ നടുക്കം മാറുന്നതിനു മുന്‍പ് രണ്ടുപേരുടെ ജീവന്‍കൂടി വന്യജീവികള്‍ കവര്‍ന്നിരിക്കുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരു അറുപത്തിരണ്ടുകാരനും, തൃശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിരണ്ടുകാരിയുമാണ് മരിച്ചത്. നേര്യമംഗലത്ത് സ്വന്തം പുരയിടത്തില്‍ ഭര്‍ത്താവ് രാമകൃഷ്ണനുമൊത്ത് കൃഷിപ്പണിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു വയോധിക. ഭര്‍ത്താവിനു ചായയെടുക്കാന്‍ വീട്ടിലേക്കു പോകുമ്പോഴാണ് ഇന്ദിര എന്നുപേരുള്ള ഇവരെ ആന ആക്രമിച്ചത്. റബ്ബര്‍ തോട്ടത്തില്‍ പാലെടുത്തുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരാള്‍ക്കു നേരെയാണ് ആദ്യം ആന പാഞ്ഞടുത്തത്. ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആന വരുന്നതായി ഒച്ചവച്ച് അറിയിച്ചെങ്കിലും രോഗിയായ ഇന്ദിരയ്‌ക്ക് ഓടിമാറാനായില്ല. മാരകമായി പരിക്കേറ്റ ഈ വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കയം ഡാം സൈറ്റ് റോഡില്‍ കൃഷിയിടത്തില്‍ വച്ചാണ് വൈകിട്ട് മൂന്നുമണിയോടെ അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കക്ഷത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വാഴച്ചാലില്‍ കോളനി മൂപ്പന്റെ ഭാര്യയായ വത്സലയ്‌ക്ക് കാട്ടാനയുടെ ചവിട്ടേറ്റത്. സംഭവസ്ഥലത്തു തന്നെ ഇവര്‍ മരണമടഞ്ഞു.
കേരളത്തില്‍ രണ്ട് മാസത്തിനിടെ കാട്ടാനകളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം ആറായിരിക്കുകയാണ്. ഇതിനുപുറമെയാണ് കാട്ടുപോത്തിന്റെയും മറ്റും ആക്രമണത്തില്‍ മരിച്ചവരും പരിക്കേറ്റവരും. ആനകള്‍ ജനവാസമേഖലയില്‍ എത്തുമ്പോഴും, മറ്റ് വന്യജീവികള്‍ കാടിറങ്ങുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. അപ്പോഴാണ് അധികൃതര്‍ രംഗത്തെത്തുന്നത്. ഫലപ്രദമായ നിരീക്ഷണ സംവിധാനമോ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട തയ്യാറെടുപ്പുകളോ വനംവകുപ്പിനില്ല. ജനങ്ങള്‍ രോഷാകുലരാകുമ്പോള്‍ അപ്പപ്പോള്‍ തോന്നുന്നതുപോലെ എന്തൊക്കെയോ ചെയ്യുകയാണ്. ചിന്നക്കനാലില്‍ അരിക്കൊമ്പനെ പിടിച്ചതും, മാനന്തവാടിയില്‍ പിടികൂടിയ ആന കര്‍ണാടകയ്‌ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെ ചെരിഞ്ഞതും, കണ്ണൂര്‍ കൊട്ടിയൂരില്‍ മയക്കുവെടിവച്ച കടുവ ചത്തതുമൊക്കെ അധികൃതരുടെ അനാസ്ഥയിലേക്കും സംവിധാനത്തിലെ അപര്യാപ്തതകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. വന്യജീവികളുടെ ആക്രമണമുണ്ടായാല്‍ അധികൃതര്‍ സംഭവസ്ഥലത്ത് എത്തുന്നതുപോലും വളരെ വൈകിയാണ്. ഇത് പ്രകോപനപരമായ പല സംഭവവികാസങ്ങള്‍ക്കും ഇടവരുത്തുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിക്കാനിടയായ നേര്യമംഗലത്ത് കണ്ടതും ഇതാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ആശുപത്രിയില്‍നിന്ന് മൃതദേഹം എടുത്ത് ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങിയതും, പോലീസെത്തി ബന്ധുക്കളില്‍നിന്ന് ബലംപ്രയോഗിച്ച് മൃതദേഹം എടുത്തുകൊണ്ടുപോകുന്നതുമൊക്കെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇത് മറ്റിടങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യതയുമുണ്ട്.
മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ കൊന്നുകളഞ്ഞുകൂടെ? മറ്റ് രാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ. ഇവിടെ മാത്രം എന്താണ് പ്രത്യേകത? മനുഷ്യജീവന് വിലനല്‍കാതെ മൃഗങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുന്നു. വനങ്ങളും വന്യമൃഗങ്ങളെയും സംരക്ഷിക്കണമെന്ന് പറയുന്ന പ്രകൃതി സ്‌നേഹികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വട്ടാണ് എന്നൊക്കെയാണല്ലോ പല കോണുകളില്‍നിന്നും കേള്‍ക്കുന്നത്. ഇങ്ങനെ ആവലാതിപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ആനയും കാട്ടുപോത്തും പുലിയും പന്നിയും കുരങ്ങുമൊക്കെ കാടിറങ്ങുന്നത് എന്ന അടിസ്ഥാനപ്രശ്‌നം ഉന്നയിക്കാറില്ല. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആനയായാലും മറ്റ് വന്യജീവികളായാലും കൂട്ടത്തോടെ കാടിറങ്ങുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കേണ്ടതല്ലേ? കാലാവസ്ഥാ വ്യതിയാനം കാടുകളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും, അത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്‌ക്ക് വരുത്തുന്ന മാറ്റങ്ങളും പഠനവിഷയമാക്കേണ്ടതാണ്. ശരിയായ ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് ആനകളും മറ്റും കാടിറങ്ങുന്നത്. ഒരുകാലത്ത് വന്യജീവികളുടെ വാസകേന്ദ്രങ്ങളായിരുന്ന പ്രദേശം വെട്ടിപ്പിടിച്ച് ജനവാസ കേന്ദ്രങ്ങളാക്കിയിട്ടുള്ളതാണ് മറ്റൊരു കാരണം. ഇക്കാര്യത്തില്‍ യാതൊരു വിവേകവും അധികൃതര്‍ കാണിക്കുന്നില്ല. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് വരുന്നതിനെക്കുറിച്ച് ആവലാതിപ്പെടുന്നവര്‍ മനുഷ്യര്‍ വന്യമൃഗ മേഖല കയ്യടക്കുന്നതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. മനുഷ്യജീവനുകള്‍ വിലപ്പെട്ടതാണ്. അതില്‍ ഒന്നുപോലും പൊലിയാന്‍ പാടില്ല. പക്ഷേ വിവേകമില്ലാത്ത വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അത് ഒഴിവാക്കാനുള്ള വഴികള്‍ വിവേകികളായ മനുഷ്യര്‍ കണ്ടുപിടിക്കേണ്ടതല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക