ശിവപാര്‍ഷദന്മാരില്‍ പ്രമുഖനാണ് നന്ദി. മനുഷ്യരൂപമാണ് നന്ദിക്കുള്ളതെങ്കിലുംഎപ്പോഴും ഭഗവാനെ കണ്ടുകൊണ്ടിരിക്കുന്നതിനാണ് ക്ഷേത്രങ്ങളില്‍ കാളയുടെ രൂപത്തില്‍ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ദിവസമാണ് പ്രദോഷം. പ്രദോഷ വ്രതവും അത്രയ്ക്ക് മഹത്തരമാണ്. ശിവപാര്‍വതിമാര്‍ ത്രിസന്ധ്യാനേരത്ത് ആനന്ദനൃത്തംചെയ്യുന്നു. അത് കാണുവാന്‍ സകലദേവീദേവന്മാരും എത്തിച്ചേരും.അവരും നൃത്തത്തില്‍ പങ്കെടുക്കുന്നു. പ്രദോഷത്തില്‍ കറുത്തപക്ഷവും, വെളുത്തപക്ഷവും ഉണ്ട്. രണ്ടും ഗുണമാണെങ്കിലും കറുത്തപക്ഷവും ശനിയാഴ്ചയും കൂടിവരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കാനുള്ള ഏറ്റവും നല്ല ദിവസം. ശിവഭഗവാന് ആനത്തോല് ധരിച്ച് പാര്വ്വതീസമേതനായിട്ടാണ് പ്രദോഷദിവസം നൃത്തംചെയ്യുന്നത്. സരസ്വതീദേവി വീണവായിക്കുകയും ബ്രഹ്മാവ് താളം പിടക്കുകയുംചെയ്യും. വിഷ്ണുദേവന് മൃദംഗം വായിക്കുമ്പോള്‍ ലക്ഷ്മീദേവി ഗാനമാലപിക്കുന്നു. ഇന്ദ്രന് പുല്ലാങ്കുഴല്‍ വായിക്കുന്നു. നന്ദി, ഭൃംഗി തുടങ്ങിയ ശിവഭൂതഗണങ്ങളും നൃത്തംചെയ്യും. ഉര്‍വശി, രംഭ, മേനക, തിലോത്തമമാര് പിന്‍പാട്ട് പാടും. യക്ഷകിന്നര ഗന്ധര്‍വ്വാദികള്‍ ഭഗവാനെ സ്തുതിച്ചു നില്ക്കും. ഇങ്ങനെ സകലദേവീദേവന്മാരും സന്നിഹിതരായി ആനന്ദം അനുഭവിക്കുന്ന പുണ്യദിനമാണ് പ്രദോഷം ദിനം. പ്രദോഷവ്രതം നോറ്റ് ഭഗവാന്റെ കൃപാകടാക്ഷത്തിന് പാത്രമായാല്‍ ദാരിദ്ര്യദുഃഖം ഉണ്ടാകില്ല. സമ്പദ്സമൃദ്ധിയോടെ ജീവിതം നയിക്കുവാന്‍ സാധിക്കും. പ്രദോഷദിവസം സന്ധ്യയ്ക്കു മുമ്പ് കുളിച്ച് ഭസ്മം പൂശി കുവളത്തിന്റെ ഇലകൊണ്ട് ശിവനെ പൂജിക്കണം. നമഃശിവായ മന്ത്രം ജപിക്കണം. വളരെ ശുദ്ധതയോടുകൂടി നിവേദ്യങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതൊക്കെ അറിയാവുന്ന ഭക്തനാണ് നന്ദികേശന്. ശിവഭൂതഗണങ്ങളുടെ നൃത്തം കണ്ട് ഭഗവാന് വളരെ സന്തോഷിച്ചു. നൃത്തം കഴിഞ്ഞതിനു ശേഷം ഭൂതഗണങ്ങളുടെ നൃത്തത്തില്‍ പ്രസാദിച്ച ഭഗവാന് അവരെ അടുത്തുവിളിച്ചു. അവരുടെ പ്രത്യേക സിദ്ധികളെക്കുറിച്ചും അവരുടെ സാമര്‍ത്ഥ്യത്തെക്കുറിച്ചും, ആരാഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ കഴിവുകള്‍ വിളമ്പാന്‍ ഉത്സാഹമായിരുന്നു.
ആദ്യമായി ഭഗവാന് മൂഷികനെ അടുത്തുവിളിച്ചു. മൂഷികന് തന്റെ ശൈലിയില്‍ കഴിവുകള്‍ വിളമ്പി. ദ്രവ്യങ്ങള്‍, മണത്ത് അറിയാന്‍ ജന്തുക്കളെക്കാളും കഴിവുണ്ട്. ശര്‍ക്കര എവിടെയിരുന്നാലും ഞാന്‍ തിരിച്ചറിയും. അടുത്തത് സിംഹമെത്തി. മൃഗങ്ങളുടെ രാജാവായ എനിക്ക് ആരെയും കീഴ്പ്പെടുത്താം. ആനയുടെ മസ്തകം പോലും എനിക്ക് പൊളിക്കാന്‍ സാധിക്കും. ഏറ്റവും ശക്തനാണ് ഞാനെന്ന് സിംഹം പറഞ്ഞു. ഇതുപോലെ ഓരോ മൃഗവേഷമെടുത്ത ഭൂതഗണങ്ങളും അവരുടെ ശൗര്യം വെളിപ്പെടുത്തി. എന്നാല്‍ നന്ദികേശന് വൃഷഭ രൂപം ധരിച്ച് ഒന്നുംമിണ്ടാതെ നിന്നതേയുള്ളൂ.
ഭഗവാന് നന്ദിയെ അടുത്തേയ്ക്ക്വിളിച്ചു. നന്ദി മാത്രം ഒന്നും പറഞ്ഞില്ലല്ലോ. ഇതുകേട്ട് വൃഷഭ രൂപത്തില്‍ നിന്ന നന്തി പറഞ്ഞു. എനിക്ക് എന്തെങ്കിലും കഴിവോ സാമര്‍ത്ഥ്യമോ ഉണ്ടെങ്കില്‍ അത് ഭഗവാനും അമ്മ പാര്‍വതീദേവിയും കനിഞ്ഞ് അനുഗ്രഹിച്ചതാണ്. അവിടുന്ന് അനുഗ്രഹിച്ചാല്‍ എനിക്ക് രണ്ടു പേരെയും എന്റെ ചുമലലേറ്റി കൈലാസത്തെ പ്രദക്ഷിണം ചെയ്യണമെന്നുണ്ട്. ഇത്കേട്ട് ഭഗവാന് പുഞ്ചിരിതൂകിക്കൊണ്ട് അനുവാദം കൊടുത്തു. നന്ദികേശന് നമ്രശിരസ്കനായി ജഗദ്പിതാക്കളുടെഅടുത്തെത്തി ചുമലില്‍ കയറുവാനായി എല്ലാ സൗകര്യങ്ങളും ഒരുക്കി. ഓം നമഃശിവായ മന്ത്രം ചൊല്ലികാത്തുനിന്നു. ശിവപാര്‍വതിമാര്‍ നന്ദിയുടെ പുറത്തിരുന്നു. ദേവന്മാര് ആകാശത്ത് നിന്ന് പുഷ്വൃഷ്ടി നടത്തി. ജയജയമഹാദേവഎന്ന്എല്ലാവരും ഉച്ചത്തില്‍ ഭഗവാനെ സ്തുതിച്ചു. ഉമാ മഹേശ്വരന്മാരെ മുതുകിലേറ്റി നന്ദികേശന് കൈലാസത്തെ മൂന്ന്തവണ വലം വച്ചു. ഭഗവാന് നന്ദിയെ അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: