കൊച്ചി: ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമായ ലോകത്തെ ആദ്യ ഫീഡര്‍ കണ്ടെയ്നര്‍ ഷിപ് നിര്‍മിക്കാന്‍ ഭാരതം. കപ്പലിന്റെ നിര്മാണോദ്ഘാടനമായ സ്റ്റീല്‍ കട്ടിങ് ഇന്നലെ കൊച്ചിന് കപ്പല്‍ ശാലയില്‍ നടന്നു. സമുദ്രം വഴിയുള്ള ചരക്കു ഗതാഗതം മാലിന്യരഹിതമാക്കുന്നതിലേക്കുള്ള ലോകത്തിന്റെ സുപ്രധാന ചുവടുവയ്പാണിത്. ഈ ഒരു കപ്പലിലൂടെ മാത്രം പ്രതിവര്‍ഷം 25,000 ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ബഹിര്‍ഗമനം ഇല്ലാതാക്കാനാവും. ഇത്തരം രണ്ടു കപ്പലാണ് കൊച്ചിന് കപ്പല്‍ശാലയില്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കാന്‍ പോകുന്നത്.
275 കോടി രൂപ ചെലവു വരുന്ന ഈ കപ്പല്‍ വാങ്ങുന്നത് നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായ ആഗോള ലോജിസ്റ്റിക്സ് കമ്പനി സാംസ്കിപ്് ആണ്. 2025 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നു കപ്പല്‍ശാല അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു. 365 കണ്ടെയ്നര്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണിത്. 138 മീറ്റര്‍ നീളവും 23 മീറ്റര്‍ വീതിയും 10 മീറ്റര്‍ ആഴവുമുണ്ട്. 8,000 ടണ്‍ ഭാരവാഹകശേഷിയുണ്ടാവും.
2070ല്‍ ഭാരതത്തെ സീറോ എമിഷന്‍ ആക്കുകയെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൊച്ചിന് കപ്പല്‍ശാല നിര്‍മിച്ച രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 28ന് രാജ്യത്തിനു സമര്‍പ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ലോകത്തെ നയിക്കുന്ന പദ്ധതിയുമായി കൊച്ചിന് കപ്പല്‍ശാല വീണ്ടും മുന്നോട്ടു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: