തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട്. നിലവില്‍ കൈയിലുള്ള മണ്ഡലങ്ങള്‍ പലതും നഷ്ടപ്പെടുമെന്നും കനുഗോലു പറയുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പാടാക്കിയ വിദഗ്ധനാണ് സുനില്‍ കനുഗോലു. തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് കനുഗോലുവായിരുന്നു.
തൃശ്ശൂരില്‍ ടി.എന്‍. പ്രതാപന് ജനപിന്തുണ കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍ എംപിമാര്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്നടിക്കുന്ന കനുഗോലു ടീമിന്റെ റിപ്പോര്‍ട്ടില്‍ ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ അടക്കമുള്ള മണ്ഡലങ്ങളിലും ആശാവഹമായ സ്ഥിതിയില്ലെന്ന് വ്യക്തമാക്കുന്നു.
സുരക്ഷിതമെന്നു കരുതിയ പല സീറ്റുകളും കൈവിടുന്ന സ്ഥിതിയിലാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍ കടുത്ത മത്സരമാണ് നേരിടുക. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാരെന്ന് വ്യക്തമായാലേ ചിത്രം തെളിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 15 സിറ്റിങ് എംപിമാരെയും സ്ഥാനാര്‍ത്ഥികളാക്കണമെന്ന അഭിപ്രായമാണ് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുള്ളത്. വയനാട്ടില്‍ രാഹുലും കണ്ണൂരില്‍ കെ. സുധാകരനും തന്നെയാണ് കെപിസിസി പട്ടികയില്‍. പുതിയ പേരുകള്‍ ചര്‍ച്ച ചെയ്യാന്‍ പോലുമാകാത്തവിധം പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണ്.
വയനാട് രാഹുല്‍ പിന്മാറിയാല്‍ ലീഗ് സീറ്റ് ചോദിക്കുമെന്ന ഭയവും കെപിസിസി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ആരുടെ പേരും കെപിസിസി നിര്‍ദ്ദേശിച്ചിട്ടില്ല. കെ.സി. വേണുഗോപാല്‍ മത്സരിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് കെപിസിസിയുടെ നിലപാട്. സിറ്റിങ് എംപിമാരില്‍ ആരെയെങ്കിലും ഒഴിവാക്കണമെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം വരട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക