Categories: World

മറിയം നവാസ് പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി; പാകിസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി

Published by

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചരിത്രം കുറിച്ച് മറിയം നവാസ്. പാകിസ്ഥാനില്‍ ഇതാദ്യമായാണ് ഒരു വനിത മുഖ്യമന്ത്രി പദവിയിലെത്തുന്നത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളാണ് മറിയം നവാസ്.

371 അംഗ പഞ്ചാബ് അസംബ്ലിയില്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസിന്റേയും (പിഎംഎല്‍എന്‍) സഖ്യകക്ഷികളുടെയും 220 വോട്ടാണ് മറിയം നേടിയത്. പ്രതിപക്ഷമായ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ (എസ്‌ഐസി) തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എസ്‌ഐസിയുടെ റാണ അഫ്താബ് അഹമ്മദിനെയാണ് മറിയം പരാജയപ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയാണ് എസ്‌ഐസി പിന്തുണച്ചിരുന്നത്.

ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ പ്രതിപക്ഷം ഇവിടെയില്ലാതിരുന്നതില്‍ നിരാശ തോന്നുന്നുവെന്ന് വോട്ടെടുപ്പിന് ശേഷം മറിയം നവാസ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയുടെ പുതിയ സ്പീക്കര്‍ മാലിക്ക് അഹമ്മദ് ഖാന്റെ അധ്യക്ഷതയിലായിരുന്നു നിയമസഭാ സമ്മേളനം. സഭ ബഹിഷ്‌കരിച്ച അംഗങ്ങളെ അനുനയിപ്പിക്കാനായി പ്രത്യേക സമിതിക്ക് സ്പീക്കര്‍ രൂപം നല്കി.

2012ലായിരുന്നു മറിയത്തിന്റെ രാഷ്‌ട്രീയ പ്രവേശം. 2024ലെ പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ് നിയമസഭയിലേക്കും എത്തിയത്. കുടുംബത്തില്‍ നിന്ന് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്ന നാലാമത്തെയാളാണ് മറിയം. അച്ഛന്‍ നവാസ് ഷെറീഫ്, സഹോദരന്‍ ഷെഹ്ബാസ്, ഷെഹ്ബാസിന്റെ മകന്‍ ഹംസ എന്നിവരെല്ലാം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. സൈനികനും നവാസ് ഷെറീഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്ന സഫ്ദാര്‍ അവാനെയാണ് വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളാണുള്ളത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by