അമൃത് ഭാരത് സ്റ്റേഷന് പദ്ധതി പ്രകാരം രാജ്യത്ത് 554 റെയില്‍വേസ്റ്റേഷനുകളുടെയും 1500 റോഡ് ഓവര്‍ബ്രിഡ്ജുകള്‍, അണ്ടര്‍പാസുകള്‍ എന്നിവയുടെയും 41000 കോടി രൂപ ചെലവഴിച്ചുള്ള പുനര്‍വികസനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചതിലൂടെ വലിയ നേട്ടമാണ് കേരളത്തിന് ഉണ്ടായിരിക്കുന്നത്. തൃശൂര്‍, കണ്ണൂര്‍, തലശ്ശേരി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഫറോക്ക്, ഒറ്റപ്പാലം, നിലമ്പൂര്‍ റോഡ്, ഗുരുവായൂര്‍ എന്നീ സ്റ്റേഷനുകളും ഇതില്‍പ്പെടുന്നു എന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. നഗരകേന്ദ്രങ്ങളില്‍ പുനര്‍വികസിപ്പിക്കുന്ന റെയില്‍വെസ്റ്റേഷനുകളില്‍ റൂഫ് പ്ലാസ, ഷോപ്പിങ് പ്ലാസ, ഫുഡ്കോര്‍ട്ട്, കുട്ടികളുടെ കളിസ്ഥലം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സ്റ്റേഷനുകള്‍ക്ക് വേര്‍തിരിച്ച് പ്രവേശന-നിര്‍ഗമന മാര്‍ഗങ്ങള്‍, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് എന്നിങ്ങനെയുള്ള സൗകര്യങ്ങളും ലിഫ്റ്റും എസ്കലേറ്ററും എക്സിക്യൂട്ടീവ് ലോഞ്ചും കാത്തിരിപ്പുകേന്ദ്രങ്ങളുമൊക്കെ ഉണ്ടായിരിക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലുടെയും മറ്റും ഇൗ റെയില്‍വേ സ്റ്റേഷനുകള്‍ സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനകേന്ദ്രങ്ങളായും മാറുന്നു. പത്ത് റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനു പുറമെ കേരളത്തില്‍ 51 റോഡ് ഓവര്‍ബ്രിഡ്ജുകളുടെയും അണ്ടര്‍പാസുകളുടെയും വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റെയില്‍-റോഡ് ഗതാഗതത്തിനും, തദ്ദേശവാസികള്‍ക്ക് സുരക്ഷിതമായി ലെവല്‍ക്രോസുകള്‍ മുറിച്ചുകടക്കുന്നതിനും ഈ വികസനം ഉപകരിക്കും.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തിന്‍കീഴില്‍ അഭൂതപൂര്‍വമായ റെയില്‍വെ വികസനമാണ് നടന്നത്. ജനങ്ങളുടെ യാത്രാസൗകര്യവും സാമ്പത്തിക പുരോഗതിയും കണക്കിലെടുത്ത് റെയില്‍വെ വികസനത്തിന് വലിയ ശ്രദ്ധയാണ് തുടക്കം മുതല്‍ തന്നെ മോദി സര്‍ക്കാര്‍ നല്‍കിയത്. സ്വച്ഛ് ഭാരത് പദ്ധതി ഏറ്റവും കൂടുതല്‍ പ്രഭാവം ചെലുത്തിയത് റെയില്‍വേസ്റ്റേഷനുകൡലാണ്. ദശാബ്ദങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന സ്റ്റേഷനുകളുടെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു. ഇങ്ങനെയൊരു മാറ്റം കാലങ്ങളായി ട്രെയിന്‍യാത്ര നടത്തുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തതായിരുന്നു. സാഗര്‍മാല-ഭാരത്മാലാ പദ്ധതികള്‍ ഭാരതത്തെ ആഗോള വാണിജ്യ ഹബ്ബാക്കി മാറ്റുകയുണ്ടായി. മോദി ഭരണത്തില്‍ 35000 കിലോമീറ്റര്‍ പുതിയ പാതയാണ് നിര്‍മിച്ചത്. റെയില്‍വെ ലൈനുകളുടെ വൈദ്യുതീകരണത്തില്‍ അത്ഭുതകരമായ പുരോഗതിയും കൈവരിച്ചു. 400 ലേറെ റെയില്‍വെ സ്റ്റേഷനുകളാണ് ആധുനികവല്‍ക്കരിച്ച് ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. വന്ദേഭാരത്, ഗതിമാന്‍ എക്സ്പ്രസ് വണ്ടികള്‍ കൊണ്ടുവന്നത് റെയില്‍വെ യാത്രയില്‍ ഒരു വിപ്ലവംതന്നെ സൃഷ്ടിക്കുകയുണ്ടായി. ഏറെ വേഗത്തില്‍ രാജ്യത്ത് എവിടേക്കും സുഗമമായും സുരക്ഷിതമായും യാത്രചെയ്യാന്‍ കഴിയുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. റെയില്‍ സാമഗ്രികള്‍ നിര്‍മിക്കുന്ന പുതിയ ഫാക്ടറികള്‍ വന്‍തോതില്‍ തുടങ്ങിയത് ‘മേക്ക് ഇന്‍ ഇന്ത്യ’യെ വന്‍വിജയമാക്കിത്തീര്‍ത്തു. റെയില്‍വെ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന രീതി മാറ്റി പൊതുബജറ്റിന്റെ ഭാഗമാക്കിയത് മോദി സര്‍ക്കാരാണ്. പ്രതീകാത്മകമായിരുന്നു ഈ നടപടി. ഇതുമൂലം വികസനത്തിന്റെ മുഖ്യധാരയിലേക്ക് റെയില്‍വെയെ കൊണ്ടുവരുന്നതിന് കഴിഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റെയില്‍വെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്നത്. എന്നിട്ടും ഒരുതരത്തിലുള്ള വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിച്ചില്ല. വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതിലും മറ്റും വളരെ ഉദാരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. കേന്ദ്രം സഹായിക്കാന്‍ സന്നദ്ധമായിട്ടും കേരള സര്‍ക്കാരിന്റെ താല്‍പര്യക്കുറവുമൂലം പല പദ്ധതികളും മുടങ്ങുന്ന സ്ഥിതിയാണ്. അങ്കമാലി-ശബരി റെയില്‍പ്പാതക്ക് കേന്ദ്രസര്‍ക്കാര്‍ പലയാവര്‍ത്തി തുക അനുവദിച്ചിട്ടും സ്ഥാപിത ശക്തികളുടെ സമ്മര്‍ദ്ദംമൂലം കേരള സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ല. റെയില്‍വെ വികസനം കൊണ്ടുവരുന്നതിലല്ല, അതിന്റെ പേരില്‍ അഴിമതി നടത്താനാണ് ഇടതുമുന്നണി സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും താല്പര്യം. വലിയ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയ സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ വന്‍ അഴിമതിയാണ് ലക്ഷ്യംവച്ചത്. ഇതിന് അനുമതി നല്കാത്തതിനാല് കേന്ദ്രസര്‍ക്കാര്‍ കേട്ട പഴിക്ക് കണക്കില്ല. ഏതുവിധേനയും അനുമതി സംഘടിപ്പിച്ചെടുക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ആവുന്നത്ര ശ്രമിച്ചു. എന്നാല്‍ പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുകയും, ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്ന ഉറച്ച നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. എന്നാല്‍ കേരളത്തിലെ റെയില്‍വെ വികസനം മുന്നോട്ടുപോകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇതിനു തെളിവാണ് പത്ത് സ്റ്റേഷനുകളുടെ പുനര്‍വികസനം. പാതയിരട്ടിപ്പിക്കുന്നതിനും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനും തുക നല്കാന് കേന്ദ്രം തയ്യാറാണ്. പക്ഷേ കേരള സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനം റെയില്‍വെ വികസനം മുടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: