Categories: Editorial

മുഖ്യമന്ത്രിയുടെ മാധ്യമവേട്ട

Published by

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വീണ്ടും ദുര്‍മുഖം കാണിച്ചിരിക്കുന്നു. ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത നവകേരള സദസ്സിന്റെ തുടര്‍ച്ചയെന്നോണം കണ്ണൂരില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍നിന്നാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. വനവാസി-ദളിത് വിഭാഗങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ടവരുമായാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം നടന്നത്. പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷം ഇവരില്‍ ചിലര്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയും, മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകണമെന്ന് ആജ്ഞാപിക്കുകയും ചെയ്യുകയായിരുന്നു.

ക്ഷണിക്കപ്പെടാത്ത മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് പരിപാടിയുടെ അവതാരകന്‍ മൈക്കിലൂടെ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് എല്ലാവരും പുറത്തുേപാകണമെന്ന് കല്‍പ്പിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും, മുഖാമുഖത്തില്‍ പങ്കെടുക്കുന്ന വനവാസി-ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും ജനങ്ങള്‍ അറിയണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ വേണമെന്ന് പത്മശ്രീ ചെറുവയല്‍ രാമന്‍ പറഞ്ഞത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. രാമന്‍ പറഞ്ഞത് സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ സ്വീകരിച്ചതും മുഖ്യമന്ത്രിയെ അലോസരപ്പെടുത്തി. ചര്‍ച്ചകള്‍ വച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുമെന്നും, അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതെന്നും, രാമന് അതില്‍ വിഷമമൊന്നും വേണ്ടെന്നും അരിശം വിടാതെ മുഖ്യമന്ത്രി പറയുകയുണ്ടായി.

ഇടതുമുന്നണി അധികാരമേറ്റ് അധികം കഴിയുന്നതിന് മുന്‍പ് 2017 ല്‍ തിരുവനന്തപുരത്ത് രാഷ്‌ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ ഇറക്കിവിട്ടിരുന്നു. അന്നും മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തിയശേഷമാണ് പുറത്താക്കിയത്. ഹാളിലേക്കെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ട് ക്ഷുഭിതനായതും ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുകയുമായിരുന്നു. ഇവരെ ക്ഷണിച്ചുവരുത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറയാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അതിന് വഴങ്ങിയില്ല. മാധ്യമപ്രവര്‍ത്തകരെ ഓരോരുത്തരെയായി ആട്ടിപ്പുറത്താക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍നിന്ന് വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും ഖേദം പ്രകടിപ്പിക്കാനോ ശൈലി മാറ്റാനോ മുഖ്യമന്ത്രി തയ്യാറായില്ല.

പിന്നീട് പലപ്രാവശ്യം മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി അപമര്യാദയായി പെരുമാറുകയുണ്ടായി. ഈ നയംതന്നെ സിപിഎമ്മും പിന്തുടര്‍ന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യങ്ങളുന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്യുന്നത് മുഖ്യമന്ത്രി പതിവാക്കി. ചോദ്യത്തിന് മറുപടി പറയാതെ ഏകപക്ഷീയമായി പ്രസംഗിക്കുകയും, വാര്‍ത്താസമ്മേളനം പൊടുന്നനെ അവസാനിപ്പിക്കുകയുമൊക്കെ ചെയ്തത് പല കോണുകളില്‍ണിന്നും വിമര്‍ശിക്കപ്പെട്ടു. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ കയ്യേറുന്ന സംഭവങ്ങള്‍വരെയുണ്ടായി. മുഖ്യമന്ത്രിയുടെയും മറ്റും അറിവോടെയാണ് ഇത് നടക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു. നവകേരള സദസ്സിനിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സിപിഎം നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും അധിക്ഷേപങ്ങള്‍ സഹിക്കേണ്ടിവന്നു.

മുഖാമുഖം പരിപാടിയില്‍ ആളെ കൂട്ടാന്‍ ഉദ്യോഗസ്ഥര്‍ പാടുപെടുകയാണെന്ന് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നത് മുഖ്യമന്ത്രിയെ ക്ഷോഭിപ്പിച്ചിരുന്നു. ഇത് ഒരുതരം മനഃസ്ഥിതിയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളെ പരിപാടിയില്‍നിന്ന് ഇറക്കിവിട്ടത്. ഭൂമിക്ക് പട്ടയം ലഭിക്കാത്തതും, ഉദ്യോഗസ്ഥര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും, വന്യജീവി പ്രശ്‌നത്തിന് പരിഹാരമുണ്ടാവാത്തതും, ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതുമൊക്കെ ചര്‍ച്ചയുടെ തുടക്കത്തില്‍ ചിലര്‍ ഉന്നയിക്കുകയുണ്ടായി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഈ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടായാല്‍ ഇടതുഭരണത്തിന്റെ ജനവിരുദ്ധ മുഖം തെളിയുമെന്നും, മന്ത്രിമാരുടെ കഴിവുകേട് പുറത്താവുമെന്നും കരുതിയാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്.

സര്‍ക്കാരിന്റെ തിന്മകളെ ന്യായീകരിക്കുന്ന സിപിഎം പത്രമായ ദേശാഭിമാനിക്ക് മാത്രം വിലക്ക് ബാധകമായില്ല. മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കാത്ത നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരോ അവരുടെ സംഘടനയോ സംഭവത്തില്‍ പ്രതിഷേധിച്ചു കണ്ടില്ല. ഇതിനൊക്കെയുള്ള അവകാശം സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും ഉണ്ടെന്ന മട്ടിലാണ് പലരും പെരുമാറുന്നത്. ‘ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ’ എന്നു സിപിഎമ്മുകാര്‍ ചോദിക്കുന്നതുപോലെയുള്ള സമീപനം ചില മാധ്യമപ്രവര്‍ത്തകരെങ്കിലും വച്ചുപുലര്‍ത്തുന്നത് അപഹാസ്യമാണ്. മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയില്‍നിന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങളും നടപടികളും അവസാനിപ്പിക്കുകതന്നെ വേണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by