മൂന്നുവര്‍ഷം മുമ്പത്തെ ധനുമാസത്തിലെ രേവതിരാവില്‍ ആകാശചാരുതയില്‍ പുതിയൊരു നക്ഷത്രം ഉദയം ചെയ്യുകയുണ്ടായി. സ്മൃതിരൂപങ്ങളുടെ താരാപഥത്തില്‍ നവശോഭയോടെ അതിന്നും തിളങ്ങിനില്‍ക്കുന്നു- ഒരു കണ്ണുനീര്‍ത്തുള്ളിപോലെ. ഒരു രാത്രിമഴയ്‌ക്കും മായ്‌ക്കാനാവാതെ. മലയാളകവിതയുടെ ഗോപികാനക്ഷത്രം. സുഗതകുമാരി.
യുഗപ്പകര്‍ച്ചയില്‍ ചില കൈവല്യങ്ങള്‍ ഭൂമിക്ക് ഒന്നായി നഷ്ടമാവും എന്നു പറയാറുണ്ട്. മലയാളകവിതയുടെ യുഗസംക്രമണമായിരുന്നോ 2020 ല്‍ സംഭവിച്ചത്. കാവ്യകൈരളിയുടെ ആര്‍ഷതേജസ്സായ മഹാകവി അക്കിത്തം, മലയാളകവിതയിലെ പ്രകൃതീനാദമായ സുഗതകുമാരി, അപരിഗ്രഹത്തിന്റെ വാഗേയകാരനായ വിഷ്ണുനാരായണന്‍ നമ്പൂതിരി. ഒന്നിനു പിറകെ ഒന്നായി എല്ലാരും നിത്യതയിലേക്ക് വിലയിച്ചു.
”സംക്രമമടുത്തുപോയ്:
ഇടറിച്ചുവടൂന്നും
എന്റെ നൂറ്റാണ്ടേ! വ്യക്തം
നിന്‍ ശിരോലിഖിതത്തില്‍.”
എന്ന് 1990 ല്‍ തന്നെ വിഷ്ണുനാരായണന്‍ എഴുതിവച്ചിട്ടുണ്ട്. അത് മലയാളകവിതയെ സംബന്ധിച്ച പ്രവചനവചസ്സായി മാറുന്നതാണോ നാം കണ്ടത്. ഒരുപക്ഷേ ഭാവിതലമുറയ്‌ക്കു സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു കാവ്യപ്രപഞ്ചത്തിന്റെ സൗഗന്ധികം അലിഞ്ഞില്ലാതായിരിക്കയാണ്.
കാവ്യപാരമ്പര്യത്തിന്റെ കരുത്തില്‍ കാലുറപ്പിച്ചുകൊണ്ട് ആധുനികലോകത്തിന്റെ നവഭാവുകത്വത്തിലേക്ക് തങ്ങളുടെ സര്‍ഗചേതനയെ വികസിപ്പിച്ചവരായിരുന്നു ഈ മൂന്നു കവികളും. ഭാരതീയമായ ജീവിതബോധത്തിന്റെയും സംസ്‌കൃതിയുടെയും ചൈതന്യത്തിലൂടെ പുതിയ ജീവിതസമസ്യകളിലേക്ക് അവര്‍ കാവ്യപ്രകാശം പരത്തുകയായിരുന്നു. ലളിതവും ഋജുവുമായ കാവ്യസ്വരൂപത്തിലൂടെ ദാര്‍ശനികതയുടെ ആകാശങ്ങളിലേക്ക് ഉയര്‍ന്നുയര്‍ന്നു പോവുന്നവയായിരുന്നു അക്കിത്തത്തിന്റെ കവിതകളെങ്കില്‍, ലോകകവിതയുടെ പുതുലാവണ്യത്തെ ആര്‍ഷമായ നിറവിലേക്ക് നേരിട്ടു ചേര്‍ത്തുവച്ച് കവിതയുടെ ഭാവസംക്രമണത്തെ അനന്യമായ വാങ്മയത്തിലൂടെ കരുത്തുറ്റതാക്കുകയായിരുന്നു വിഷ്ണുനാരായാണന്‍ നമ്പൂതിരി. ചുറ്റിലുമുള്ള ജീവിതാനുഭവങ്ങള്‍ ഭാരതീയമായ ഒരു കവിമനസ്സിലുണ്ടാക്കുന്ന സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ സുതാര്യവും കാല്‍പ്പനികവും എന്നാല്‍ ശക്തവുമായ കാവ്യാനുഭവങ്ങളാക്കി പകര്‍ന്നു നല്‍കുകയായിരുന്നു സുഗതകുമാരി.
കൃഷ്ണനീലിമയിലെ പീലിക്കണ്ണ്
സുഗതകുമാരിയുടെ ‘കൃഷ്ണകവിതകള്‍’ എന്ന സമാഹാരത്തിനെഴുതിയ അവതാരികയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ഇങ്ങനെ കുറിച്ചു: ”ഇനിപ്പും പുളിപ്പും ചവര്‍പ്പും കലര്‍ന്ന ജീവിതത്തിന്റെ കടല്‍ സ്വന്തം ഉണ്മയുടെ കടകോല്‍കൊണ്ട് കടഞ്ഞു കടഞ്ഞു നോക്കുമ്പോള്‍ ശ്യാമരമ്യമായി ഉദിക്കുന്ന ആശ്ചര്യനവനീതം വേറൊരാളല്ല. സുഗതകുമാരിയുടെ കവിത പടര്‍ന്നൊലിച്ച് ഏതേതു തീരങ്ങളില്‍ ചെന്നലച്ചിട്ടുണ്ടോ അവയുടെ എല്ലാം ചാരുതകള്‍ ഒപ്പിയെടുത്തു ചേര്‍ന്ന് ഈ കൃഷ്ണനീലിമയില്‍ നിറന്ന പീലിക്കണ്ണായി വിടരുന്നു. ഇത് കവിയുടെ ധന്യമുഹൂര്‍ത്തം മാത്രമല്ല, സന്ധിബന്ധങ്ങള്‍ ഉലഞ്ഞുനില്‍ക്കുന്ന നമ്മുടെ രാഷ്‌ട്രത്തിന്റെ സ്വപ്‌നസാഫല്യം കൂടിയാണ്.” തന്റെ കാവ്യസോദരിയായി വിഷ്ണുനാരായണന്‍ നമ്പൂതിരി ആദരിക്കുന്ന സുഗതകുമാരിയുടെ കവിതകള്‍ അരനൂറ്റാണ്ടിലേറെയായി മലയാളകവിതയുടെ ദ്വാപരചൈതന്യമായി നിലകൊള്ളുകയായിരുന്നു.
ഇപ്പോഴും ഭൂമിയിലായിരുന്നെങ്കില്‍ നവതിയുടെ നിറവില്‍ സുഗതകുമാരി എന്ന കാവ്യതാരകം കൈരളിയെ അനുഗ്രഹിച്ചേനെ. വറ്റാത്ത കാവ്യസരിത്തായി, പ്രകൃതിയുടെ കാവലാളായി, അശരണരുടെ അഭയസ്ഥാനമായി. ഓരോ രാത്രിമഴയും തിമര്‍ത്തുപെയ്യുമ്പോള്‍ നാം ഇന്നും കേള്‍ക്കാറുണ്ടല്ലോ ആ കാവ്യഹൃദയത്തില്‍നിന്ന് സമഷ്ടിപ്രേരണയാല്‍ ഉറവപൊട്ടിയൊലിച്ചുവരുന്ന നേര്‍ത്ത നിലവിളികള്‍.
സരസ്വതീദേവിയുടെ കരസ്പര്‍ശമേറ്റ ഒരു കുലീനകുടുംബം. മഹാപണ്ഡിതനും വാഗ്മിയും സ്വാതന്ത്ര്യസമരസേനാനിയും ആദര്‍ശനിഷ്ഠനുമായ പിതാവ്. ബോധേശ്വരന്‍ എന്ന കേശവപിള്ള. തത്വശാസ്ത്രത്തില്‍ ഉന്നതബിരുദം നേടിയ മാതാവ് വി.കെ. കാര്‍ത്ത്യായനിയമ്മ. സാരസ്വതവരം സിദ്ധിച്ച മൂന്ന് പെണ്‍മക്കള്‍. ഹൃദയകുമാരി, സുഗതകുമാരി, സുജാതാദേവി. സാഹിത്യനിരൂപകയും വിദ്യാഭ്യാസവിചക്ഷണയും പ്രഭാഷകയും അധ്യാപികയുമായിരുന്നു സുഗതകുമാരിയുടെ ചേച്ചി പ്രൊഫ. ഹൃദയകുമാരി. കവിയും എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്നു അനുജത്തി സുജാതാദേവി. സുഗതകുമാരിയാവട്ടെ ആധുനികമലയാളകവിതയുടെ ലാവണ്യശോഭയും. ഭര്‍ത്താവ് പ്രൊഫ. കെ.വേലായുധന്‍ നായര്‍. ഭാഷ, തത്വശാസ്ത്രം, മനഃശാസ്ത്രം, വിദ്യാഭ്യാസം, രാഷ്‌ട്രമീമാംസ എന്നിവയില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന എഴുത്തുകാരന്‍. സരസ്വതിയുടെ സവിശേഷാനുഗ്രഹം ലഭിച്ച അപൂര്‍വകുടുംബം. എല്ലാവരും യശഃശരീരികളായിക്കഴിഞ്ഞിരിക്കുന്നു.
കവി, പരിസ്ഥിതിപ്രവര്‍ത്തക, സാമൂഹ്യപ്രവര്‍ത്തക, മാനവിതകയുടെ പോരാളി. ശരണമില്ലാത്തവര്‍ക്കും ആലംബഹീനര്‍ക്കും വരദയും അഭയയുമായ അമ്മ… സുഗതകുമാരിക്കുള്ള വിശേഷണപദങ്ങള്‍ നീണ്ടുനീണ്ടുപോകും.
കാവ്യലോകത്തെ ആത്മശ്രുതി
ഇന്നേക്ക് തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് 1934 ജനുവരി 22 ന് ആറന്മുളയിലെ വാഴുവേലില്‍ തറവാട്ടില്‍ ജനിച്ച ആ പെണ്‍കുഞ്ഞ് മലയാളമനസ്സിന്റെ കണ്ണാടിയായി മാറിയത് പാര്‍ഥസാരഥിയുടെ അനുഗ്രഹത്താലായിരിക്കുമോ! ആ തറവാട്ടിലെ അറയിലായിരുന്നല്ലോ ആറന്മുള്ള ക്ഷേത്രപ്രതിഷ്ഠയ്‌ക്കുള്ള പാര്‍ഥസാരഥീവിഗ്രഹം ആദ്യം സൂക്ഷിച്ചുവച്ചത്. എല്ലാ ധനുവിലും കര്‍ക്കടത്തിലും പാര്‍ഥസാരഥിക്കുള്ള നിറപുത്തരിക്ക് ആദ്യകറ്റ സമര്‍പ്പിക്കാറുള്ളതും ക്ഷേത്രത്തിലേക്കുള്ള നെല്ലളന്നു നല്‍കുന്നുതും ഈ വാഴുവേല്‍ തറവാട്ടില്‍നിന്നായിരുന്നല്ലോ.
അരനൂറ്റാണ്ടുകാലം മലയാളകാവ്യരംഗത്തെ ആത്മശ്രുതിയായിരുന്നു സുഗതകുമാരിയുടേത്. ഏതു മലയാളിക്കും സുപരിചിതമായ ശബ്ദം.
”നിന്റെ ശോകാര്‍ദ്രമാം
സംഗീതമറിയുന്നു ഞാന്‍
നിന്റെ അലിവും,
അമര്‍ത്തുന്ന രോഷവും
ഇരുട്ടത്തു വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം
തുടച്ചു നിന്‍-
ചിരിയും തിടുക്കവും നാട്യവും-
അറിയുന്നതെന്തുകൊണ്ടെന്നോ? ഞാനു-
മിതുപോലെ, രാത്രിമഴ പോലെ!”
ഈ വരികളില്‍ ആര്‍ദ്രതയായി നിറഞ്ഞത് ലോകത്തിന്റെ ദുഃഖവും ഏകാന്തതയുമായിരുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള ആത്മബന്ധവും. നമ്മുടെ മണ്ണിലൂടെ ഉറവപൊട്ടുന്ന തെളിനീരരുവിയാണത്. ഉപാസനയില്‍നിന്നുളവാകുന്ന ഹൃദയാര്‍പ്പണം.
”ആരോരുമറിയാതെ നിന്നെ എന്നുള്ളില്‍ വ-
ച്ചാത്മാവു കൂടിയര്‍പ്പിച്ചു.
എന്നിട്ടു കണ്ടോ- നോക്കിയോ- ആഗ്രഹിച്ചുവോ?”
ഉത്തരം നിഷേധമല്ല, പ്രതീക്ഷയാണ്. ജീവിതപ്രചോദനവും പ്രേരണയുമാണ് അതു നല്‍കുന്നത്.
”ഒറ്റക്കിരിക്കാന്‍ പഠിച്ചു ഞാന്‍!
കൂരിരുട്ടില്‍, കൊടുങ്കാട്ടില്‍
എന്റേതാകും
ഒറ്റമരത്തിന്‍ ചുവട്ടില്‍”
പക്ഷേ, നമുക്കറിയാം കവി ഒരിക്കലും ഒറ്റക്കിരിക്കയായിരുന്നില്ല. കൂരിരുട്ടിലും കൊടുങ്കാട്ടിലും പെട്ട എത്രയോ അശരരണരെ ചേര്‍ത്തുപിടിച്ച് കാരുണ്യത്തിന്റെ ബോധിവൃക്ഷത്തിലേക്കു പടരുകയായിരുന്നു അവര്‍. ലോകത്തെ മുഴുവന്‍ ഗ്രസിച്ച മഹാമാരിക്കാലത്ത് ഉഴറുന്ന വ്യഥിതമനസ്സുമായി തന്നെ സന്ദര്‍ശിക്കാന്‍ വന്നവരെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിക്കവേ കൂട്ടത്തിലെ ആരില്‍നിന്നോ പകര്‍ന്നുകിട്ടിയ രോഗബീജമാണ് എല്ലാം കൃഷ്ണനിലര്‍പ്പിച്ച ഈ അമ്മയുടെ ജീവനുമെടുത്തത്.
”നീ നീലചന്ദ്രനായ്
നടുവില്‍ നില്‍ക്കേ, ച്ചുറ്റു-
മാലോല മാലോല മിളകി,
അവിടെ ഞാന്‍
മുടിയഴിഞ്ഞണി
മലര്‍ക്കുലപൊഴി-
ഞ്ഞൊരുനാളുമാടിയിട്ടില്ല….
നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു-
പൊടിയവേ പൂമരം ചാരി
ഇളകുന്ന മാറില്‍ കിതപ്പോടെ
നിന്‍മുഖം
കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ, നീയെന്നെയറിയില്ല”
തൊട്ടരികിലിരിക്കുന്ന കൂട്ടുകാരനോട് സംസാരിക്കുന്നതായതുകൊണ്ടാണ് ശ്രീകൃഷ്ണനെ ‘നീ’ എന്നു വിളിച്ചത്. ഭാരതീയത ഉള്ളിലുറഞ്ഞ ഈ കവിക്ക് തന്റെ മനോവ്യാപാരത്തെ വിനിമയം ചെയ്യാന്‍ കൂട്ടാവുന്നത് കൃഷ്ണത്വമാണ്. കൃഷ്ണനെ ആത്മകാമനയുടെ സായൂജ്യമായി ആവഹിച്ച കവി സുഗതകുമാരിയാണ്. കൃഷ്ണനിലേക്ക് സ്വയം സമര്‍പ്പിച്ച നൈവേദ്യമാണ് സുഗതകുമാരിയുടെ ഓരോ കവിതയും. ആകുലതയുടെ നടുക്കു നില്‍ക്കുമ്പോഴും പ്രത്യാശയുടെയും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രചണ്ഡതയുടെയും വാക്കുകള്‍ കവിയില്‍ വിടരുന്നത് ശ്രീകൃഷ്ണനും ഓടക്കുഴലും ഗോപസ്ത്രീയും ഗോക്കളും യമുനയും നിറയുന്ന കാവ്യപ്രതീകങ്ങളുടെ കരുത്തില്‍നിന്നാണ്.
വിഷാദത്തിന്റെ മഴത്തുള്ളികള്‍
”ആരുവാ, നിരുളിനെയാഹ്ലാദാല്‍ വലംവെച്ചു-
പോരുവതെന്നോ ഞാനീയിരവിന്‍ മകളല്ലോ!”
തമസ്സിനെ കണ്‍മുന്നില്‍ കണ്ടുകൊണ്ട് ജീവിത്തിലൂടെ കടന്നുപോകുന്ന കവിയുടെ എല്ലാ കവിതകളിലും നേര്‍ത്തുപോകുന്ന ശ്യാമസൗന്ദര്യത്തിന്റെയും വിഷാദത്തിന്റെയും മഴത്തുള്ളികളുണ്ട്.
”നിന്നെ ഞാന്‍ നിദ്രേ,
ഗാഢം സ്‌നേഹിപ്പൂ,
പക്ഷെ നിന്റെ പിന്നിലായ്
മുഖംതാഴ്‌ത്തി
കാത്തുനിന്നിടുന്നോളെ
നിന്റെ സോദരിയാകും
മൃതിയെക്കാണ്‍കേ
കണ്‍കള്‍ വെമ്പുന്നൂ,
തിരിയുന്നൂ, ഭൂമിയെ
പുണരുന്നു”
നിത്യയും മഹാശാന്തിരൂപിണിയുമായ മൃതിയെ പിന്നില്‍ കാണുമ്പോഴും ജീവിത്തിന്റെ ചുരുളുകളില്‍ കുടുങ്ങി നിസ്സഹായയായി ചവുട്ടിനില്‍ക്കുന്ന പൃഥിയെ പുല്‍കുകയാണ് കവി. നന്മയ്‌ക്കുവേണ്ടി സൃഷ്ടിച്ച പലതും തിന്മയ്‌ക്കുവേണ്ടി ഉപയോഗിച്ച് മനുഷ്യസംസ്‌കാരം കത്തിയെരിഞ്ഞുപോകുന്നത് കണ്‍പാര്‍ക്കുന്ന കവിയില്‍ ഇന്ത്യയുടെ ഉഗ്രതാപം ഉരുകിയൊലിക്കുകയാണ്.
”ഭദ്രദീപത്തെയാഹാ! തന്‍
തറവാട്ടിന്റെ കൂരമേല്‍
അഗ്നിയായ് മാറ്റുമെന്‍ കൊച്ചു-
മക്കളേ! ഭാഗ്യഹീനരേ,
വിയര്‍പ്പാ, ലശ്രുവാല്‍ തീയു
കെടുത്താന്‍ കഴിയായ്കിലോ
നിണത്താല്‍ ഭൂപടത്തിങ്കല്‍
നിന്നുമിന്ത്യയെ മായ്‌ക്കുവിന്‍…”
പുതിയ കേരളത്തിന്റെ ഇരുണ്ട ചക്രവാളത്തിലേക്കു നോക്കിയാണ് ‘പുതിയ പാതാളം’ എന്ന കവിത സുഗതകുമാരി എഴുതിയത്. ജീവിതത്തിന്റെ എല്ലാ നന്മകളും കളഞ്ഞുകുളിച്ചപ്പോള്‍, ഓണക്കാലത്തെ കേരളംപോലും നരകമാണെന്നു വന്നു. മഹാബലിക്ക് ഇനി തിരികെയെഴുന്നള്ളത്തേ ആവശ്യമില്ല. കാരണം ‘കേരളമൊരു പാതാളം’ എന്നതുതന്നെ എന്ന് കവി വിരല്‍ചൂണ്ടിപ്പറയുകയാണ്. മനുഷ്യനായിരിക്കുന്നിടത്തോളം, ജീവിക്കുന്ന കാലഘട്ടത്തിലെ തകര്‍ന്ന ജീവിതത്തെപ്പറ്റി – ജീവിതത്തിന്റെ ധര്‍മ്മസങ്കടത്തെപ്പറ്റി കവിക്ക് പാടാതെ വയ്യ.
എന്നാല്‍ കവിക്ക് ജീവിതനിരാശയില്‍ മുഴുകി പ്രതീക്ഷകളുടെ വെളിച്ചം തടയാനാവുകയുമില്ല. അനശ്വരതയിലേക്ക് നീട്ടുന്ന കവിയുടെ വാക്കുകള്‍ ഇങ്ങനെയൊണ്: ‘മനുഷ്യന്‍ നിത്യതയെ പുണരാന്‍ വെമ്പുന്നവരാണ്.’ ഏകാന്തമായ ആത്മാന്വേഷണത്തിന്റെ തപസ്സിലൂടെയുള്ള യാത്രയാണ് ജീവിതം. ആ തപസ്സിന്റെ വരപ്രസാദം നിത്യയയിലേക്കു നീളുന്നതാണ്.
‘അമ്പിളിപൂവില്‍ച്ചെന്നുതൊട്ടു’ പോന്നപ്പോള്‍ മനുഷ്യന്‍ അത് അനുഭവിച്ചിട്ടുണ്ട്. യുഗാന്തരങ്ങളിലൂടെയുള്ള തപസ്സിലൂടെ മനുഷ്യന് ദിവ്യദര്‍ശനമുണ്ടാവുന്നു.
‘ഉള്ളിലായ് പെട്ടന്നാഹാ,
പൊങ്ങിപോല്‍
വെളിച്ചത്തിന്‍, കല്ലോലം!
കാണായ്, കാണാനുള്ളതേതതിന്‍ പൊരുള്‍!’
ജീവിതത്തിന്റെ സ്വപ്‌നാടനങ്ങള്‍ക്കിടയില്‍ അറിയാതെ സത്യപ്പൊരുളിന്റെ സ്പര്‍ശം അനുഭവിക്കുമ്പോഴാണ് മുന്നിലെ വഴികളിലൂടെ ഇനിയും നടക്കാന്‍മനുഷ്യന് പ്രചോദനം ലഭിക്കുന്നത്. ഭൂമിക്ക് നക്ഷത്രപ്രപഞ്ചത്തെയും അലയാഴിക്ക് മേഘപാളികളെയും പ്രാപിക്കാനുള്ള അനുരാഗം തോന്നുന്നത്. ദുഃഖപൂരിതമായ എല്ലാ കാവ്യചോദനകളും സ്വന്തം അനുഭവങ്ങളുടെ ദീപനാളമാക്കുമ്പോഴാണ് കവിജീവിതം ധന്യമാകുന്നത്. ‘ധന്യത’ എന്ന കവിതയില്‍ സുഗതകുമാരി പാടുന്നു:
”ആരെന്റെ കൈയിലൊരു മണ്‍വീണയേകി, മമ
ചേതസ്സിലാരൊരഴല്‍ പാകീ?
ആരെന്റെ കണ്ണില്‍
മിഴിനീരും, മനസ്സില്‍ മൃദു-
താരസ്വരങ്ങളുമധീരമാം മൂകമാം
ഭീതമധരങ്ങളില്‍ നറും
ഗാനവും ചേര്‍ത്തു
പാതയില്‍ നട്ടു വിട നല്‍കി?”
ഈ പാതയിലൂടെയായിരുന്നു ആ കവി ദീര്‍ഘദൂരം സഞ്ചരിച്ചുകൊണ്ടിരുന്നത്. സുഗതകുമാരിക്കവിതയുടെ സ്ഥായിയായ ശ്രുതി ദുഃഖമാണെന്ന് തോന്നാം. എന്തുകൊണ്ടാണ് അങ്ങനെയായത്. ജീവിതത്തിന്റെ നിത്യതയെ ഭാവനയിലൂടെ പിന്തുടരുന്ന എല്ലാ കവികളിലും ദുഃഖം ഉറഞ്ഞുവരും. ‘ദിവ്യദുഃഖം’. കവനവേളയില്‍ അതവര്‍ക്ക് ധന്യമായ അനുഭൂതിയാണ്. ആര്‍. രാമചന്ദ്രനെപ്പോലെ ‘ദിവ്യദുഃഖ’ത്തിന്റെ സമസ്യകള്‍ പൂ
രിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു സുഗതകുമാരിയും. ഭൂമിയിലെ സര്‍വചരാചരത്തിലും നിറയുന്ന ദുഃഖത്തെ അതിന്റെ അനന്തമായ ഭാവവൈചിത്ര്യങ്ങളിലൂടെ ആത്മദുഃഖമായി ഉദാത്തീകരിക്കുകയായിരുന്നു കാവ്യവൃത്തിയിലൂടെ അവര്‍ ചെയ്തുകൊണ്ടിരുന്നത്. ദുഃഖത്തില്‍ നിന്ന് ശാന്തിയിലേക്കുള്ള പ്രയാണമായി സ്വച്ഛത പകരുകയാണ് കവി.
(അടുത്ത ലക്കത്തില്‍ തീവെയിലത്തും തണല്‍ തൊടാതെ )
പ്രതികരിക്കാൻ ഇവിടെ എഴുതുക