ഭൂലോക മാതാവും അഭീഷ്ടവരദായിനിയും സന്താന സൗഭാഗ്യദായിനിയുമായ ദേവിക്ക് ജനകോടികള്‍ പ്രണാമമര്‍പ്പിക്കുന്ന പുണ്യദിനത്തിലാണ് അതിവിശിഷ്ടമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നത്. തിരുവനന്തപുരം ജില്ലയെ മാത്രമല്ല സമീപ ജില്ലകളെയും ഭക്തിയുടെ ലഹരിയില്‍ എത്തിക്കുന്ന ഉത്സവമാണിത്. കാരുണ്യദായിനിയും സര്‍വാര്‍ത്ഥസാധികയും ശരണാഗതയും രോഗവിനാശിനിയും വിദ്യാഭഗവതിയും ത്രൈലോക്യമാതാവുമായ ദേവിയെ സ്ത്രീജനങ്ങള്‍ മാത്രമല്ല, യക്ഷ, ഗന്ധര്‍വ സിദ്ധാദികളാല്‍ കീര്‍ത്തിക്കപ്പെടുന്ന സകല ദേവതകളും സിദ്ധയോഗികളുടെ മാനസത്തിലും വേദമന്ത്രകാവ്യങ്ങളിലും ചൈതന്യമായി ശോഭിക്കുന്നവളുമാണെന്ന് പുരാണം പറഞ്ഞു തരുന്നു. ജംഗദംബയ്‌ക്ക് ഭക്തിയോടെ അര്‍പ്പിക്കുന്ന യാഗപൊങ്കാല വര്‍ണ്ണനാതീതമാണ്. ഒരു പ്രദേശം മുഴുവന്‍ യാഗശാലയായി മാറുന്നു. ഹൈവേകളും വലിയ റോഡുകളും ബസ്റ്റാന്റുകളും ചെറിയ ചെറിയ വഴികളും യാഗശാലയായി മാറുന്നു, എവിടെയും ജനങ്ങളെ കൊണ്ടു നിറയും കച്ചവടക്കാരും, സ്ത്രീകളുടെയും, കുട്ടികളുടെയും പ്രവാഹം നിമിത്തം കാല്‍ നടയ്‌ക്കു പോലും ഉണ്ടാകുന്ന ബുദ്ധിമുട്ട് ആരും പരിഗണിക്കില്ല. പൊങ്കാലയില്‍ ദേവി സംപ്രീതയായി ഭക്തരുടെ സകല ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്ന ആദിപരാശക്തിയായി ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു.
ശരീരത്തില്‍ കുങ്കുമമണിഞ്ഞ് നെറ്റിയില്‍ കസ്തൂരി തിലകം ചാര്‍ത്തി മന്ദഹാസത്തോടെ ആയുധപാണിയായും ചുവന്നപട്ടുധരിച്ചും ആഭരണാദികളണിഞ്ഞും ഭക്തരെ സ്വീകരിച്ച് അവരുടെ പെറ്റമ്മയും പോറ്റമ്മയായും മാറുന്ന പുണ്യദിനത്തിലാണ് പൊങ്കാല നടക്കുന്നത്. ദേവിയെ ഒരു നോക്ക് കാണുവാനും താലപ്പൊലി അര്‍പ്പിക്കാനും സ്ത്രീ ജനലക്ഷങ്ങള്‍ അണിനിരക്കുന്നു. എവിടെയും ആറ്റുകാലമ്മേ എന്ന ശരണം വിളി മാത്രം.
ആദി പരാശക്തിയായ ജഗദംബ എല്ലാ ജീവജാലങ്ങളുടെയും അമ്മ തന്നെ. ബ്രഹ്മാവിഷ്ണുമഹേശ്വരന്‍മാര്‍ക്കും ആശ്രയമാകുന്നു. ആലിലയില്‍ നാരായണ ഭഗവാന്‍ ശയിക്കുന്ന നേരത്ത് ദേവി ദര്‍ശനം നല്കുന്നുണ്ട്. എല്ലാ ഭാവത്തിന്റെയും ഉറവിടമായ ദേവിയെ കേരളത്തില്‍ മാത്രമല്ല. ഭാരതത്തിലെല്ലായിടത്തും മാതൃഭാവത്തില്‍ ആരാധിച്ച് പൂജിക്കുന്നു. ശ്രീശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും തികഞ്ഞ ദേവീ ഭക്തരായിരുന്നു. സകലര്‍ക്കും അഭയവും ആശ്രയവും സംരക്ഷണവും വാത്സല്യവും അനുഗ്രഹവും നല്കുവാന്‍ അമ്മയ്‌ക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കും സനാതനിയും സര്‍വ്വേശ്വരിയുമാണ്. ആറ്റുകാലമ്മ.
ദേവി പ്രപന്നാര്‍തിഹരേ പ്രസീദ
പ്രസീദ മാതര്‍ ജഗതോളഖിലസ്യ
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീ ദേവി ചരാചരസ്യ
(ദേവീമാഹാത്മ്യം)
ജഗത്തിലെ സകല ജീവജാലങ്ങളുടെയും മാതാവേ പ്രസാദിക്കണമേ, വിശ്വനാഥയും ചരാചരങ്ങള്‍ക്ക് ഈശ്വരിയുമായ അമ്മേ സകലരേയും രക്ഷിക്കേണമേ. ആപത്തില്‍പ്പെട്ട ഭക്തന്‍ ദേവിയെ സ്മരിച്ചാല്‍ അവിടെ അമ്മ എത്തുന്നു. സന്താനങ്ങളുടെ ദുഃഖത്തില്‍ ആദ്യം ഓടിയെത്തുന്ന അമ്മ വിശ്വേശ്വരിയാണ്. ജഗന്മാതാവായ ദേവി വൈഷ്ണവി ശക്തിയാണ്. വിശ്വത്തിന്റെ ഉല്‍പത്തിക്ക് കാരണമായ പരമമായ മായയും ദേവി തന്നെ. ദേവീ കടാക്ഷം ലഭിച്ചാല്‍ മുക്തി കവാടം തുറന്നു കിട്ടും. അമ്മ കുഞ്ഞിനെ മാറോടണച്ച് ആശ്വസിപ്പിക്കുന്നതുപോലെ ഉപാസകന് ദേവി സംരക്ഷണവും ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്നു. ഋക്ക്,യജസ്സ് സാമം,അഥര്‍വം എന്നീ നാല് വേദങ്ങളും ശിക്ഷ കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്, മീമാംസ, ന്യായവിസ്താരം, ധര്‍മ്മശാസ്ത്രം, പുരാണങ്ങള്‍ എന്നിവയും ആയൂര്‍വേദം, ധനുര്‍വേദം, അര്‍ത്ഥശാസ്ത്രം എന്നിവയടങ്ങുന്ന പതിനെട്ട് വിദ്യകള്‍ക്കും അധിപയാണ് ശുദ്ധജ്ഞാന സ്വരൂപിണിയായ അമ്മ. എല്ലാ വിദ്യകളും ദേവിയുടെ വിഭൂതികളുടെ അല്പാംശങ്ങള്‍ മാത്രമാണ്. സകല സമസ്താ വിദ്യാഃ; അറുപത്തിനാല് കലകളോട് ചേര്‍ന്ന എല്ലാ വിദ്യകളുടേയും നാഥയാണമ്മ. എല്ലാ സ്ത്രീകളും ദേവിയുടെ രൂപഭേദങ്ങള്‍ മാത്രമാണ്. സകലാ ഃ സമസ്തഃ സ്ത്രീയഃ; കലാവതികളായ എല്ലാ സ്ത്രീകളും ദേവിതന്നെ.
എല്ലാ ജനങ്ങളുടേയും ഹൃദയത്തില്‍ ബുദ്ധിരൂപേണ സ്ഥിതി ചെയ്യുന്നവളും സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്കുന്നതും അമ്മതന്നെ. എല്ലാ മനുഷ്യരും സകല ചരാചരങ്ങളും കാലഗതികൊണ്ട് പരിണാമത്തിന് വിധേയരാകുന്നു. ഉത്പത്തി, വളര്‍ച്ച,നാശം ഇവ പ്രദാനം ചെയ്യുന്നതും അമ്മ തന്നെ. മംഗളമായ എല്ലാകാര്യങ്ങള്‍ക്കും രക്ഷാരൂപിണിയും സര്‍വാര്‍ത്ഥസാധികയും ശരണം പ്രാപിക്കാന്‍ യോഗ്യയും മൂന്ന് കണ്ണുകളില്‍ അഗ്നിപ്രഭയും,സൂര്യപ്രഭയും, ചന്ദ്രപ്രഭയും ഉള്ള അമ്മേ ഗൗരവര്‍ണയായ നാരായണീ അമ്മയ്‌ക്കു നമസ്‌കാരം. കാളിയായ ദേവി തെന്നയാണ് ഗൗരിയായും മാറുന്നത്. സകല ഗുണങ്ങള്‍ക്കും അതിരൂപയായ ദേവി ബ്രാഹ്മീശക്തിയായി പ്രപഞ്ചസൃഷ്ടി നടത്തുകയും വിഷ്ണുശക്തിയായി രക്ഷയുടെ ചുമതല ഏല്‍ക്കുകയും മഹേശ്വരശക്തിയായി സംഹാരശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്നത് ഗുണമയിയായ അമ്മ തന്നെ.
ഭൈരവിയായും ചാമുണ്ഡിയായും
ശങ്കരപ്രിയയായ് കാക്കുംദേവി
സംഹാരകാരിണി സിംഹാസനേശ്വരി
ശത്രുവിനാശിനി വിശ്വമാതാ
അമ്മേ മഹേശ്വരി ദുര്‍ഗ്ഗാഭഗവതി
ശക്തിഭൂതേ വരദായിനി
ആറ്റുകാലമ്മേ ശാംഭവീ മനോഹരി
സര്‍വവ്യാധികളില്‍ നിന്ന് കാത്തിടേണേ….
എന്നാണ് സര്‍വരുടേയും പ്രാര്‍ത്ഥന. ശരണവും,യശസ്സും, രക്ഷയുംനല്‍കുന്ന അഭയാംബികയാണമ്മ. അതേ സമയം സംഹാരകാരിണിയായും ദേവി മാറുന്നു. ദേവിയുടെ ആയുധമായ മൂന്നുമുനയുള്ള ശൂലത്തില്‍ അഗ്നിജ്വാലകള്‍ പുറപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് അത്യന്തം ഭയങ്കരമാണ്. ത്രിശൂലം സ്മരിക്കുന്നവര്‍ക്ക് ഭയങ്ങള്‍ ഇല്ലാതാകും. ഭയങ്ങളില്‍ നിന്നും രക്ഷിക്കുന്ന ഭദ്രകാളിയായ കൊടുങ്ങല്ലൂരമ്മേ ഞങ്ങളെ രക്ഷിച്ചാലും.
ആറ്റുകാല്‍ പൊങ്കാലയില്‍ എല്ലാ അമ്മമാരും ബാലികമാരും തിരുവോണം പോലെ ഒരു മഹോത്സവമായി ആഘോഷിക്കുന്നു. കുംഭമാസത്തിലെ തൃക്കാര്‍ത്തികയാണ് അമ്മയുടെ തിരുനാള്‍. ഉത്സവം ഈ നാളില്‍ ആരംഭിച്ച് പൂരം നാളില്‍ പൊങ്കാല മഹോത്സവത്തോടെ സമാപിക്കുന്നു.
പതിവ്രതയായ കണ്ണകി മധുരാ നഗരം അഗ്നിക്കിരയാക്കി വരുമ്പോള്‍ പൊങ്കാലയും താലപ്പൊലിയും ഘോഷയാത്രയും വിളക്കു കെട്ടുമായി വരവേല്‍ക്കുന്നതായാണ് ഈ ഉത്സവത്തിന്റെ പൊരുള്‍. ദേവിയില്‍ മാതൃഭാവം വളരുവാനും ശാന്തയാക്കുവാനുമാണ് പെണ്‍കുട്ടികള്‍ താലപ്പൊലിയുമായി ദേവിയെ പ്രാര്‍ത്ഥിക്കുന്നത്. ഭക്തരുടെ യാഗപൊങ്കാലയില്‍ ദേവി സന്തോഷിക്കുന്നു. അവര്‍ക്കിഷ്ടമായതെല്ലാം കൊടുക്കുന്നു. ദേവി പുറത്തെഴുന്നള്ളുമ്പോള്‍ അകമ്പടി സേവിക്കുന്ന ഭടന്മാരാണ് കുത്തിയോട്ടത്തിനുള്ള ബാലന്മാര്‍. ദേവി പുറത്തെഴുന്നള്ളുമ്പോള്‍ ആയിരത്തോളം കുത്തിയോട്ട ബാലന്മാരും കളിക്കാരും, ഫ്‌ളോട്ടുകളും, ബാന്‍ഡുമേളത്തോടെയും മണക്കാട് ധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി പരസ്പരമുള്ള കൂടികാഴ്‌ച്ചയ്‌ക്ക് ശേഷം പത്താം ദിവസം രാവിലെ 10 മണിയോടു കൂടി ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദേവി എത്തിച്ചേരുന്നതോടെ ഉത്സവത്തിന് തിരശ്ശീലയാവും.
കണ്ണകി ചരിതം തോറ്റംപാട്ടിലൂടെ കൊടുങ്ങല്ലൂര്‍ ദേവിയുടെ ചൈതന്യം ആവാഹിച്ച് പാട്ടു പാടി ആറ്റുകാല്‍ ക്ഷേത്രത്തില്‍ കാപ്പു കെട്ടിയാണ് കുടിയിരുത്തുന്നത്. ഒമ്പതാം ദിവസത്തെ പൊങ്കാലയും പുറത്തെഴുന്നള്ളിപ്പിനും ശേഷം പത്താം ദിവസം തോറ്റം പാട്ടിലൂടെ മാതൃഭാവത്തിലുള്ള ദേവിയെ സ്തുതി ഗീതങ്ങളിലൂടെ വര്‍ണിച്ച് ശാന്തയാക്കി നാട്ടാര്‍ക്കും സര്‍വചരാചരങ്ങള്‍ക്കും നന്മ വരണമെന്നും മണ്ണും വിളയും പൊലിയണമെന്നും എല്ലാ ദോഷങ്ങളേയും അകറ്റണമെന്നും പ്രാര്‍ത്ഥിച്ച് തോറ്റം പാട്ടുകാര്‍ ദേവിയെ തൃപ്തിപ്പെടുത്തുമ്പോള്‍ കാപ്പഴിച്ച് ദേവിയെ കുടിയിളക്കി കുരുതി തര്‍പ്പണത്തോടെ കൊടുങ്ങല്ലൂരിലേക്ക് യാത്രയാക്കുന്നു.
ആറ്റുകാല്‍ പൊങ്കാല ഉത്സവനാളിലെ ഒമ്പതാമത്തെ ദിവസത്തിലാണ്. മേല്‍ശാന്തി ആദ്യം ക്ഷേത്രത്തിനകത്ത് നിവേദ്യം തയ്യാറാക്കുന്ന, കൊച്ചു തിടപ്പള്ളിയിലേയും പിന്നീട് വലിയതിടപ്പള്ളിയിലേയ്‌ക്കും അടുപ്പുകളില്‍ ദീപം പകരുന്നു. അതിനുശേഷം ക്ഷേത്രത്തിനകത്തു വന്ന് ദീപം സഹ മേല്‍ശാന്തിക്കു കൈമാറുന്നു. സഹമേല്‍ശാന്തി പാട്ടു പുരയുടെ മുന്നിലൊരുക്കിയിരിക്കുന്ന പണ്ടാര അടുപ്പില്‍ ദീപം പകരുന്നു. അപ്പോള്‍ വായ്‌ക്കുരവയും ചെണ്ടമേളങ്ങളും കതിനാവെടിയും മുഴങ്ങുന്നു. അതോടെ ക്ഷേത്ര പരിസരത്തുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പൊങ്കാല അടുപ്പുകളില്‍ തീ പകരുന്നു. നിശ്ചിത സമയത്ത് കൊച്ചുതിടപ്പള്ളിയിലേയും വലിയതിടപള്ളിയിലേയും വഴിപാടുകള്‍ നിവേദിച്ചശേഷം പാട്ടുപുരയ്‌ക്ക് മുമ്പിലുള്ള പണ്ടാരക്കലത്തിലെ പൊങ്കാല നിവേദിക്കും.പിന്നീട് ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോലീസ് വാഹനങ്ങളുടെസഹായത്തോടെ പോറ്റിമാരെ എത്തിച്ച് പൊങ്കാല നിവേദിക്കുന്നു.
സര്‍വ മംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണി നമോസ്തുതേ
എന്ന പ്രാര്‍ത്ഥനാമന്ത്രം ദേവിമഹാത്മ്യത്തിലുള്ളതാണ്. സര്‍വഐശ്വര്യങ്ങളും നല്‍കുന്നവളും നിത്യയും മംഗളസ്വരൂപിണിയും സര്‍വ്വാര്‍ത്ഥസാധികയും ശരണം നല്‍കുന്നവളും ത്ര്യംബകയും ഗൗരിയും നാരായണിയുമായ ദേവിയെ ഞാനിതാ നമസ്‌കരിക്കുന്നു.ക്കുന്നു. ദേവിയെ ധ്യാനിക്കേണ്ട രൂപവും പറയുന്നുണ്ട്. സ്വര്‍ണ്ണത്താമരപ്പൂവിന്റെ മധ്യത്തിലിരിക്കുന്ന ദേവിക്ക് മൂന്ന് നയനങ്ങളുണ്ട്. മിന്നല്‍ക്കൊടിയുടെ പ്രകാശമുണ്ട്. ശംഖചക്രങ്ങളും അഭയമുദ്രകളും കയ്യില്‍ ധരിച്ചിരിക്കുന്നു. ചന്ദ്രക്കലകണ്ഠാഭരണം, തോള്‍വള, ഹാരം, കുണ്ഡലം എന്നിവയെല്ലാം അണിഞ്ഞിരിക്കുന്നു. ദേവേന്ദ്രന്‍ തുടങ്ങിയ ദേവതകളില്‍ സ്തുതിക്കപ്പെടുന്നു. സിംഹാസനാരൂഢയായ ദേവിയെ ഇങ്ങനെ ധ്യാനിക്കേണ്ടതാണ്.
ശൈലപുത്രി, ബ്ഹ്മചാരിണി, ചന്ദ്രഘണ്ട, കുസ്മാണ്ഡ, (ദുഃഖാണ്ഡങ്ങളെ ഭക്ഷിക്കുന്നവള്‍) സ്‌കന്ദമാതാവ്, കാര്‍ത്ത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിത (അഷ്ടസിദ്ധികള്‍ നല്‍കുന്ന ദുര്‍ഗയുടെ മൂര്‍ത്തീഭാവം) ഇവരാണ് നവദുര്‍ഗ്ഗകള്‍. ഇത് ദേവിയുടെ വ്യത്യസ്ത അവതാരങ്ങളാണ്. ദുര്‍ഗ്ഗമന്‍ എന്ന അസുരനെ ദേവി കൊന്നതിനാല്‍ ദുര്‍ഗയായി. ദുര്‍ഗ തന്നെയാണ് മഹാമായ. ബുദ്ധി, നിദ്ര, തന്ദ്രി, ആലസ്യം, ദയ, ഓര്‍മ്മ, ഉത്ഭവം, ക്ഷമ, ഭ്രമം,ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം എന്നീ ഭാവങ്ങളുള്ളവളാണ് ദുര്‍ഗ.
ഭഗവതി എന്ന പദത്തിലെ ഭഗ ശബ്ദത്തിന് ഈശ്വരീയ ഭാവം എന്നര്‍ത്ഥമുണ്ട്. ഐശ്വര്യം, ധര്‍മ്മം, കീര്‍ത്തി ശ്രീ, ജ്ഞാനം, വിജ്ഞാനം എന്നീ ഷഡ്ഗുണങ്ങള്‍ ഭഗ ശബ്ദത്തില്‍ അടങ്ങിയിരുന്നു ഭഗത്തോടുകൂടിയവള്‍ ഭഗവതി. പ്രപഞ്ചത്തിന്റെ ഉല്പത്തി, വിപത്തി, ഭൂതഗണങ്ങളുടെ ഗതി വിഗതികള്‍ എല്ലാം അറിയുന്നവളാണ് ഭഗവതി. സൃഷ്ടിയും പാലനവും സംഹാരവും ദേവികര്‍മ്മങ്ങളാണെന്ന് സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവും പറയുന്നതായി ദേവിമാഹാത്മ്യത്തിലുണ്ട്. സൃഷ്ടി സ്ഥിതി സംഹാരങ്ങളായി വിഭജിക്കുന്ന ഊര്‍ജത്തിന്റെ പ്രഭവകേന്ദ്രമാണ് ശക്തി. ആ ദേവീ ബോധം ത്രിമൂര്‍ത്തി തലത്തില്‍ വിഘടിക്കുമ്പോള്‍ ജനനം, ജീവിതം, മരണം എന്നിവ ഉണ്ടാകുന്നു. അഹം ബ്രഹ്മാസ്മി, തത്ത്വമസി, പ്രജ്ഞാനം, ബ്രഹ്മ, അയമാത്മാ ബ്രഹ്മ തുടങ്ങിയ മഹാവാക്യങ്ങളില്‍ ഈ മഹാ ദേവി ചൈതന്യം കുടി കൊള്ളുന്നു. സാവിത്രീ സര്‍വ്വമംഗളപ്രദേ സരസ്വതീ, പത്മാലയേ, പാര്‍വ്വതീ സകല ജഗത് സ്വരൂപിണീ ശംഖചക്രഗദാ പത്മധാരിണി ചന്ദ്രാര്‍ക്കവാഹ്നി നയനേ നമസ്‌കാരം.
മഹാചതുഃ ഷഷ്ടി കോടിയോഗിനീഗണസേവിതേ
ശ്രീപ്രപഞ്ചമാതാവേ സാഷ്ടാംഗ വന്ദനം
പ്രതികരിക്കാൻ ഇവിടെ എഴുതുക