‘സര്‍വമംഗളമംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യത്രൃംബകേ ഗൗരി
നാരായണി നമോസ്തുതേ!’
ഇന്നാണ് ചോറ്റാനിക്കര മകം. നാളെ ആറ്റുകാല്‍ പൊങ്കാല. രണ്ടും കേരളീയര്‍ക്ക് സവിശേഷ പ്രാധാന്യമുള്ള ദിനങ്ങളാണ്. ആറ്റുകാല്‍ പൊങ്കാല പലപ്രാവശ്യം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടി; ലോകത്തെ ഏറ്റവും വലിയ സ്ത്രീസംഗമമെന്ന നിലയില്‍. ഇരുപതിലധികം തവണ പൊങ്കാല സമര്‍പ്പിച്ച വിദേശിയായ ഡോ. ഡയനാ ജെനറ്റ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കേരളത്തില്‍ വരാന്‍ പറ്റാത്തപക്ഷം സ്വന്തം വീട്ടില്‍തന്നെ പൊങ്കാലയിട്ടിരുന്നത്. ഒടുവില്‍ പൊങ്കാല ഒരു പഠനവിഷയവുമായി. അതില്‍ ഡോക്ടര്‍ ബിരുദം നേടി. ഈ പ്രബന്ധം സര്‍ക്കാര്‍വക പൈതൃകപഠനകേന്ദ്രം (തൃപ്പുണിത്തുറ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും വലിയ സംഗമം ഉണ്ടാകാന്‍ കാരണം ഓരോ സ്ത്രീയുടേയും അനുഭവങ്ങള്‍ തന്നെ. അനുഭവം ഗുരുവാണ്.
പഞ്ചാബ് സിംഹമെന്നറിയപ്പെടുന്ന രാജാ രഞ്ജിത്ത് സിംഗിന്റെ (1780-1839) മന്ത്രിയും ഉപദേശകനും ജ്യോത്സ്യനുമായി ഒരു മലയാളി ഉണ്ടായിരുന്നു. ശങ്കര്‍നാഥ് ജ്യോത്സ്യര് (1790-1858) എന്ന ജ്യോതിഷരത്നം കണ്ണൂര്‍ കരിവെള്ളൂരിലെ ദേവീഭക്തനായിരുന്നു. പിന്നെ കാഞ്ചിയിലെ കാമാക്ഷിദേവിയുടെ ഭക്തനും. സ്വാതിതിരുനാള്‍ (1829-1846) മഹാരാജാവ് അദ്ദേഹത്തെ തന്റെ രാജ്യസദസ്സിലേക്ക് ക്ഷണിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ തിരുവനന്തപുരത്തും ആസ്ഥാനവിദ്വാനായിരുന്നു. തിരുവിതാംകൂര്‍ അപ്പീല്‍ കോടതിയുടെ ഒന്നാം ജഡ്ജിയുമായിരുന്നു. അദ്ദേഹം അവസാനകാലത്ത് തന്റെ മാതാവിനോടൊപ്പം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപമാണ് താമസിച്ചിരുന്നത്. മാത്രമല്ല ആറ്റുകാല്‍ ചെറുകര വീട്ടിലെ ലക്ഷ്മി അമ്മയെ ശങ്കര്‍നാഥ് വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവാഹത്തില്‍ ഉണ്ടായ പുത്രനായിരുന്നു മുന്‍സിഫായ ആറ്റുകാല്‍ ശങ്കരപിള്ള (1836-1891). ഇദ്ദേഹം അച്ഛന് തുടങ്ങിവച്ച ദേവീഭാഗവതം പരിഭാഷ പൂര്‍ത്തിയാക്കിയതായും ഉള്ളൂര്‍ മഹാകവി തന്റെ സാഹിത്യചരിത്രത്തില്‍ പറയുന്നു.
ഒരേസമയം കാഞ്ചികാമാക്ഷി അമ്മനേയും ആറ്റുകാലമ്മയേയും കരിവള്ളൂര്‍ ഭഗവതിയേയും ഭക്തിയോടെ കണ്ട ശങ്കര്‍നാഥ് ജ്യോത്സ്യര് കാശിയിലെ തപസ്സിനുശേഷമാണ് ഒരു ജ്യോത്സ്യനായിത്തീര്‍ന്നത്. കാമാക്ഷി അമ്മന്റെ തനിസ്വരൂപമായിട്ടായിരുന്നു ശങ്കര്‍നാഥ് ആറ്റുകാലമ്മയെ കണ്ടത്. മധുരയിലെ അമ്മന്‍, കൊടുങ്ങല്ലൂരമ്മ, ചോറ്റാനിക്കര ദേവി, മലയാലപ്പുഴ ഭഗവതി, ചേര്‍ത്തല കാര്‍ത്ത്യായിനി, കുമാരനല്ലൂര്‍ ഭഗവതി എന്നീ ദേവതമാരും ആറ്റുകാലമ്മയുടേയും, മധുരയമ്മന്റേയും പ്രതിബിംബങ്ങള്‍ തന്നെയെന്നാണ് പരക്കേയുള്ള വിശ്വാസം.
ഇത്തരം സങ്കല്പത്തിനും വിശ്വാസത്തിനുമുള്ള തെളിവുകളാണ് പ്രാചീന ചെന്തമിഴ് കൃതിയായ ചിലപ്പതികാരത്തിലുള്ളത്. ചിലമ്പു മോഷ്ടിച്ച് വിറ്റതുമായി ബന്ധപ്പെട്ട കണ്ണകിയുടെ പ്രതിരൂപമാണ് കലിയുഗവരദായിനിയായ ആറ്റുകാലമ്മ. ചിലപ്പതികാരം തമിഴ്സാഹിത്യ കൃതിയാണ് എങ്കിലും അതിന്റെ ഉള്ളടക്കം വായിച്ചാല്‍ അതിലെ പരാമര്‍ശങ്ങളെല്ലാം തന്നെ കേരളത്തില്‍ നടന്നതായിട്ടാണ് കാണുന്നത്. ഇതുമൂലം കണ്ണകിയുടെ യാത്രയും അവസാനം കൊടുങ്ങല്ലൂരമ്മയായ രൂപം പ്രാപിക്കുന്നതും യാത്രയില്‍ കണ്ടതും കേട്ടതും പരാമര്‍ശവിഷയമായിരിക്കുന്ന കാര്യങ്ങളും പക്ഷിലതാദികളുമെല്ലാം തന്നെ തനികേരളീയമാണ്.
ചിലപ്പതികാരം രചിച്ച ഇളങ്കോ അടികള്‍ വാസ്തവത്തില്‍ അനുജനുവേണ്ടി കൊടുങ്ങല്ലൂര്‍ രാജസിംഹാസനം ഒഴിഞ്ഞു കൊടുത്തതാണ്. തനിക്ക് എഴുതി രസിക്കാം. ഭരിക്കാം. അനുജന് എഴുതിരസിക്കാന്‍ പറ്റില്ല. അതുംകണ്ട് ഭരണ ചുമതല അനുജന് നല്കാന്വേണ്ടി സ്ഥാന ത്യാഗം ചെയ്തയാളായിരുന്നു ഇളങ്കോഅടികള്‍. ഇങ്ങനെയൊരു ത്യാഗം ചെയ്തതുമൂലം അനുജന് ചേര രാജ്യത്തിന്റെ തലസ്ഥാനമായ തിരുവഞ്ചിക്കുളത്ത് രാജാവായി ചേരന് ചെക്കുട്ടവന്‍ എന്ന പേരില്‍. ആദ്യകാല ചേരരാജാക്കന്മാരില് (ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനു മിടയില്‍) ഏറ്റവും പ്രമുഖനും പ്രശസ്തനും പ്രബലനുമായിരുന്നു ചേരന് ചെങ്കുട്ടുവന്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉല്‍ഭവവും വളര്‍ച്ചയുമെല്ലാം ഈ ചേരന് ചെങ്കുട്ടുവനോടൊപ്പമായിരുന്നുവെന്ന് കാണാം ചരിത്ര പേജ് മറിക്കുമ്പോള്‍.
വ്യവസായികളും സിനിമമേഖലയിലെ പ്രമുഖരുമൊക്കെ പൊങ്കാല നിവേദ്യമായി ശര്‍ക്കരപ്പായസം നിവേദിക്കുന്നത് കാര്യസിദ്ധിക്കുവേണ്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. 1960 കളില്‍ ഈ ലേഖകന്‍ തിരുവനന്തപുരത്ത് സ്ഥിരവാസിയായി എത്തിയപ്പോള്‍ മുതല്‍ ഇക്കാര്യം സസൂക്ഷ്മം പഠിച്ചുവരികയാണ്. 1960-85 കാലത്ത് വളരെ കുറച്ചുപേര്‍ മാത്രമാണ് പൊങ്കാല സമര്‍പ്പിച്ചിരുന്നത്.
2000 മാണ്ടോടെ പൊങ്കാല സമര്‍പ്പണം ഒരു ‘സ്റ്റാറ്റസ് അടയാളം’ പോലുമായി. അറുപതുകളില്‍ പൊങ്കാല ഇടുന്നതിന് വീട്ടിലെ സഹായികളേയോ ആയമാരേയോ അന്ന് കുടുംബനാഥമാര് നിയോഗിച്ചിരുന്നത്. കാലം കുറേ കഴിഞ്ഞതോടെ കുടുംബനാഥകര്‍ നേരിട്ട് പങ്കെടുത്തുവന്നു. ഇപ്പോള്‍ ഇതും മാറി. എത്ര ബുദ്ധിമുട്ടിയാലും എത്ര യാത്രചെയ്താലും പൊങ്കാലയിടാന്‍ എത്തുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. വഴിപാട് നേര്ന്നവരുടെ അഭീഷ്ടം ദേവി സാധിച്ചുകൊടുത്തതുമൂലമാണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് എന്ന് സാരം.
ഡോ: ഡയനാ ജെനറ്റിനെപ്പോലെ കാര്യങ്ങള്‍ നേടി വിജയിച്ചവര്‍ ലക്ഷക്കണക്കിന് ഉണ്ട് നമ്മുടെ നാട്ടില്‍. അനുഭവങ്ങളും കാര്യസിദ്ധിയും തന്നെയാണീ വര്‍ദ്ധനവിനും കാരണം. ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ദൈവാധീനത്തിന്റെ ഫലമാണ് എന്ന് തീര്‍ച്ചയായും വിശ്വസിക്കണം എന്ന നിലയിലായി കഴിഞ്ഞിരിക്കുന്നു. പൊങ്കാല മഹാമഹത്തിന് കലിയുഗവരദായിനി അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: