തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയം കോണ്‍ഗ്രസ്സിന്റെ വോട്ട് വാങ്ങി; കണക്കുകള്‍ സത്യം പറയുമെന്ന് വി.വി. രാജേഷ്

Published by

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡി മുന്നണി കൂട്ടുകെട്ടാണ് കോര്‍പ്പറേഷനിലെ വെള്ളാറിലും ഒറ്റശ്ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാടും വിജയിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. രണ്ടിടങ്ങളിലും കോണ്‍ഗ്രസ്സിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇവിടെ ബിജെപി വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു. വോട്ട് സിപിഎമ്മിനു മറിച്ചു നല്‍കിയതിലൂടെ ആത്മഹത്യാപരമായ സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടതെന്ന് രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളാറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 703 വോട്ടാണ് കോണ്‍ഗ്രസിന് കിട്ടിയതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ 544 വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാല്‍ ബിജെപിയുടെ 1629 വോട്ട് 1694 ആയി വര്‍ദ്ധിച്ചു. ഒറ്റശ്ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 263 വോട്ട് വെറും 72 ആയി കുറഞ്ഞു. ബിജെപിക്ക് 394 ല്‍ നിന്നും 486 ആയി. കോണ്‍ഗ്രസിന് കുറഞ്ഞ വോട്ടുകള്‍ എല്‍ഡിഎഫിലേക്കാണ് പോയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും വോട്ട് സിപിഎമ്മിന് നല്‍കുകയുമാണ് ചെയ്തത്.

ബിജെപിക്കെതിരെ ഇന്ത്യമുന്നണിയുടെ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത്. ഈ പരീക്ഷണം പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഇതോടെ കേരളത്തിലെ രാഷ്‌ട്രീയ ചിത്രം വ്യക്തമായിരിക്കുന്നു. ഒരു ഭാഗത്ത് സിപിഎമ്മും കോണ്‍ഗ്രസ്സും ചേരുന്ന ഇന്ത്യാമുന്നണിയും മറുഭാഗത്ത് ബിജെപിയുമായിട്ടാണ് മത്സരം നടക്കുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക