കൊച്ചി: പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്‍കിയത് കൈവെട്ടു കേസിലെ പ്രതി ഭീമന്റവിട ജാഫര്‍. കണ്ണൂരില്‍ അറസ്റ്റിലായ ജാഫറിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് ശ്രീനിവാസന് വധക്കേസിലെ പങ്കാളിത്തം വ്യക്തമായത്. ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐക്ക് കില്ലര്‍ സ്ക്വാഡുകളുണ്ടെന്നും ജാഫര്‍ മൊഴി നല്കി.
പിഎഫ്ഐയുടെ മുഖ്യപരിശീലകനായ ജാഫര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികള്‍ക്കാണ് ആയുധ പരിശീലനം നല്‍കിയത്. പിഎഫ്ഐ ആസ്ഥാനമായ മഞ്ചേരിയിലെ ഗ്രീന്വാലിയിലായിരുന്നു ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധ പരിശീലകനായി താനെത്തിയിരുന്നെന്നും ഇയാള്‍ സമ്മതിച്ചു. കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ ജാഫര്‍ 10 ദിവസമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്. വിശദമായ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.
പിഎഫ്ഐക്ക് കില്ലര്‍ സ്ക്വാഡുകളുണ്ടെന്നും അവര്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പിഎഫ്ഐ ഭീകരന്റെ വെളിപ്പെടുത്തല്‍. 2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസന് (45) കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിലെ കടയ്ക്കുള്ളിലിട്ടാണ് അദ്ദേഹത്തെ അക്രമികള്‍ വെട്ടിക്കൊന്നത്.
ഗ്രീന്‍വാലി പോലുള്ള പിഎഫ്ഐ കേന്ദ്രങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാന പോലീസിനോട് എന്‍ഐഎ നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാനം അതിനു തയാറായിരുന്നില്ല. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന പോലീസിന്റെ സംരക്ഷണമുണ്ടായിരുന്നുവെന്നതിന്റെ സൂചനകളാണ് ഭീമന്റവിട ജാഫറിന്റെ മൊഴിയില്‍ നിന്നു വ്യക്തമാകുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകരില്‍ ഒരാളായിരുന്ന, നേരത്തേ അറസ്റ്റിലായ മുഹമ്മദ് മുബാറക്കുമായി ചേര്‍ന്ന് ജാഫര്‍ നടത്തിയ നീക്കങ്ങളും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
പിഎഫ്ഐയുടെ പ്രാദേശിക ക്രിമിനല്‍ സംഘങ്ങളായ ഏരിയ-ഡിവിഷണല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്ന ഗ്രൂപ്പിനു നേതൃത്വമേകിയതും ജാഫറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: