യമ -നിയമങ്ങളില്‍ അടുത്തത് നിയമങ്ങള്‍:
ഒന്നാമത്തേത് ശൗചം. ശൗചമെന്നാല്‍ ശുചിത്വം തന്നെ. ബാഹ്യവും ആന്തരികവുമായ ശുചിത്വം. പൊതുവെ ബാഹ്യമായ ശുചിത്വം മലയാളികളുടെ സ്വഭാവമാണ് എന്ന് പറയപ്പെടുന്നു. സ്വന്തം ശരീരം മാത്രമല്ല, പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് സാമൂഹ്യജീവിതത്തിന് അനിവാര്യമാണ്. ഇതും പൗരധര്‍മ്മത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഭാരതസര്‍ക്കാര്‍ ശുചിത്വമിഷന് നടപ്പിലാക്കുകയും രാജ്യമാസകലം ശുചിത്വത്തിന്റെ ശീലം വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുള്ളത്. ഒരുപക്ഷേ, ആധുനിക കാലഘട്ടത്തില്‍ ഇത്രയും ശുചിത്വബോധം കാണിച്ചത് ഇപ്പോഴാണ് എന്നു പറയേണ്ടിവരും. ആന്തരികമായ ശുചിത്വം പാലിക്കാന്‍ ജപങ്ങളും അനുഷ്ഠാനങ്ങളും പുരാണപാരായണവും സഹായിക്കും. മനോബുദ്ധികളെ ശുദ്ധമായി സൂക്ഷിക്കുന്നത് സാമൂഹ്യജീവിതം സുഖകരമാക്കിത്തീര്ക്കുന്നു. ദുഷ്ചിന്തകളെ അകറ്റിനിര്‍ത്തുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യുമല്ലോ.
നിയമങ്ങളില്‍ രണ്ടാമത്തേത് സന്തോഷം. തൃപ്തി എന്ന വാക്കാണ് മലയാളത്തില്‍ അര്‍ത്ഥമാക്കുന്നത്. ‘പത്തുകിട്ടുകില്‍ നൂറ് മതിയെന്നും നൂറാകില്‍ സഹസ്രം മതിയെന്നും’തൃപ്തിയാകാ മനസ്സിനെക്കുറിച്ച് പൂന്താനത്തിന്റെ വരികള്‍ സുപ്രസിദ്ധമാണല്ലോ. ഒന്നുകൊണ്ടും തൃപ്തി വരാതെ ആര്‍ത്തിപൂണ്ട് പാഞ്ഞുനടക്കുന്ന മനുഷ്യന് വാസ്തവത്തില്‍ തനിക്ക് കരഗതമായ സുഖജീവിതം ആസ്വദിക്കാന്‍ കഴിയാതെ ആയുസ്സൊടുങ്ങാന്‍ ഇടയാക്കുന്നു. ജീവിക്കാനുള്ള പാച്ചിലില്‍ ജീവിക്കാന്‍ മറന്നുപോകുന്ന അവസ്ഥയിലാണ് എല്ലാവരും. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക എന്നത് കഴിവുകേടാണ് എന്നാണ് പൊതുവെ സമൂഹത്തിലെ കാഴ്ചപ്പാട്. ശാശ്വതമായ അറിവിനെക്കുറിച്ച് ചിന്തിച്ചിരുന്ന ഹിന്ദുസമൂഹത്തിന്റെ മനോഭാവം ബാഹ്യശക്തികളുടെ തുടര്‍ച്ചയായ കടന്നുകയറ്റത്തില്‍ ഏതാണ്ട് നഷ്ടപ്പെട്ടു പോയി. വിദ്യാഭ്യാസമെന്നാല്‍ ഉദരപൂരണത്തിനു സഹായിക്കുന്നത് എന്നും ജീവിതമെന്നാല്‍ പോരാട്ടമാണെന്നും നമ്മള് ഗ്രഹിച്ചുവെച്ചിരിക്കുന്നു. ‘ഞാനാദ്യം എനിക്കാദ്യം’ എന്ന പാച്ചിലില്‍ തൃപ്തിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മറന്നുപോയിരിക്കുന്നു. ആശയ്ക്ക് കടിഞ്ഞാണ്‍ നഷ്ടപ്പെടുന്നിടത്ത് പ്രശ്നം ആരംഭിക്കുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നത് ഗുരുതരമായ കഴിവുകേടായി വിലയിരുത്തപ്പെടുന്നു. ഇതില്‍ നിന്നും മോചനം നേടി കരഗതമായ നേട്ടങ്ങളില്‍ തൃപ്തിപ്പെടുന്ന ശീലം വളര്‍ത്തുന്നതുതന്നെയാണ് സന്തോഷം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: