ചെന്നൈ: വിഖ്യാത മലയാളി സംഗീതജ്ഞ ഗിരിജ അടിയോടിക്ക് ചെന്നൈയില്‍ അന്തരിച്ചു. 82 വയസായിരുന്നു. ഉറ്റവരെ തേടി അധികൃതര്‍ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം കാത്തതിന് ശേഷം ഇന്നലെ ചെന്നൈ കോര്‍പറേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപത്തുള്ള സെമിത്തേരിയില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു. നാഡീസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് പത്ത് ദിവസം മുമ്പാണ് ഗിരിജയെ ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗിരിജ അടിയോടി മഞ്ചേരി താഴേക്കാട്ടുമനയിലാണ് ജനിച്ചത്. വിദേശത്തും സ്വദേശത്തുമായി നിരവധി സംഗീത നൃത്ത പരിപാടികളില്‍ പങ്കെടുത്ത് പ്രശസ്തായായി. ബന്ധുക്കളും നിരവധി ശിഷ്യഗണങ്ങളും ഉണ്ടെങ്കിലും അവസാന കാലത്ത് ഡ്രൈവറും മുമ്പ് പഠിപ്പിച്ചിരുന്ന ഒരു കുട്ടിയുടെ അച്ഛനുും മാത്രമാണ് സഹായത്തിന് ഗിരിജയ്‌ക്ക് ഉണ്ടായിരുന്നത്. മദ്രാസ് മ്യൂസിക് കോളേജ് മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗിരിജ ദുബായ് കാരാമയില്‍ സ്വരലയ എന്ന പേരില്‍ സംഗീത, നൃത്ത വിദ്യാലയം നടത്തിയിരുന്നു. 15 വര്‍ഷം മുമ്പ് ഇത് മകള്‍ക്ക് നല്‍കി ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. കല്‍പാക്കത്ത് വാടക വീട്ടിലാണ് ഒടുവില്‍ താമസിച്ചിരുന്നത്.
മലബാര്‍ പോലീസില്‍ ഉദ്യോഗസ്ഥനായിരുന്നു ഗിരിജയുടെ ഭര്‍ത്താവ്. അദ്ദേഹം നേരത്തെ അന്തരിച്ചു. ഒരു മകനുംമകളുമുണ്ട്. മകള്‍ കുടുംബ സമേതം ദുബായിയിലാണ്. മരണവിവരം അറിയിക്കുന്നതിന് മകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ചെന്നൈ നോര്‍ക്ക റൂട്ട്‌സ് സ്‌പെഷല്‍ ഓഫീസര്‍ അനു പി. ചാക്കോ അറിയിച്ചു.
ലോക മലയാളി കൗണ്‍സില്‍ പ്രതിനിധികളുടെ സഹായത്തോടെ ബന്ധുക്കള്‍ക്കായി അന്വേഷണം നടത്തി വരികയാണ്. ബന്ധുക്കള്‍ ആരും എത്താത്തതിനാല്‍ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: