Categories: Kerala

രാജസ്ഥാനില്‍ 17,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റെയില്‍, റോഡ് ശൃംഖല രാജസ്ഥാനിലെ പല ജില്ലകളുമായി ബന്ധപ്പിക്കും

Published by

ന്യൂദല്‍ഹി : ‘വികസിത് ഭാരത് വികസിത് രാജസ്ഥാന്‍’ പദ്ധതിക്ക് കീഴില്‍ രാജസ്ഥാനില്‍ 17,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. റോഡ്, റെയില്‍വേ, സൗരോര്‍ജ്ജം, വൈദ്യുതി പ്രസരണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെ സുപ്രധാന മേഖലകളിലെ പദ്ധതികളാണിത്. രാജസ്ഥാനിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അതിവേഗം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഉദ്ഘാടനവും ചെയ്ത പദ്ധതികള്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍, റോഡ് ശൃംഖല രാജസ്ഥാനിലെ പല ജില്ലകളുമായി ബന്ധപ്പിക്കും. 10 വര്‍ഷം മുമ്പ് രാജ്യത്ത് നിരാശയുടെ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് യുപിഎ ഭരണകാലത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യം വലിയ സ്വപ്നങ്ങള്‍ കാണുകയും വലിയ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. വികസിത ഇന്ത്യ എന്നത് വെറുമൊരു വാക്കല്ലെന്നും ഓരോ കുടുംബത്തിന്റെയും ജീവിതം സമ്പന്നമാക്കാനുള്ള പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിയാത്മക നയങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് വൈദ്യുതിയില്ലാത്തതിനാല്‍ മണിക്കൂറുകളോളം പവര്‍കട്ടായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം മറികടക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും പ്രത്യേക നയങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സൗരോര്‍ജ്ജ മേഖലയില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തിലാണ് രാജ്യം ഇന്ന് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കാന്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഈ വിഭാഗങ്ങള്‍ക്കായി നിരവധി നടപടികള്‍ സ്വീകരിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കായി കൈക്കൊള്ളുന്ന നടപടികളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വജനപക്ഷപാതവും കുടുംബാധിപത്യവുമാണ് കോണ്‍ഗ്രസിനുളളത്. മോദിയെ കരിവാരിത്തേയ്‌ക്കുക എന്ന ഒറ്റ അജണ്ട മാത്രമേ കോണ്‍ഗ്രസിനുളളൂ. മോദിയുടെ മുദ്രാവാക്യമായതിനാല്‍ കോണ്‍ഗ്രസുകാര്‍ വികസിത് ഭാരതിന്റെ പേര് പോലും പറയുന്നില്ല, ‘മെയ്ഡ് ഇന്‍ ഇന്ത്യ’, ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നിവയെ അവര്‍ പിന്തുണയ്‌ക്കുന്നില്ല. കാരണം മോദിയാണ് അതിനെ പിന്തുണയ്‌ക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by