Categories: Kerala

അമിതഭാരവുമായി എത്തുന്ന ചരക്ക് ലോറികൾക്ക് ഇനി എട്ടിന്റെ പണി; ലൈസൻസ് ഉൾപ്പെടെ റദ്ദാക്കും

Published by

കോഴിക്കോട്: അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയാകുന്ന സാഹചര്യത്തിൽ അമിത ഭാരം കയറ്റി വരുനന്ന ചരക്ക് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച് കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗൺസിൽ. ജില്ലയിലെ ക്വാറികൾ, ക്രഷർ യൂണിറ്റുകൾ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ചരക്ക് ഉൾപ്പെടെ കയറ്റി വരുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാർബിൾ എന്നീ ചരക്കുകൾ കയറ്റി വരുന്ന ലോറികളും നിയമലംഘനം നടത്തുന്നതായി കണ്ടെത്തി.

ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കുന്നുണ്ട്. ഇത് കൂടുതൽ കടുപ്പിക്കാനാണ് യോഗത്തിൽ തീരുമാനം. ചുരത്തിൽ ഉൾപ്പടെ അമിതഭാരം കയറ്റിയ ലോറികൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ പരിശോധന കർശനമാക്കണമെന്നും ലോറികളിലെ അനുവദിച്ചതിൽ കൂടുതൽ ഭാരം കയറ്റുന്നത് സംബന്ധിച്ച് വേ ബ്രിഡ്ജ് ഉൾപ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്തുവാൻ ജിയോളജി, പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാനും കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ മാതൃകയിൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. റോഡ് അപകടങ്ങൾ തടയുന്നതിനും അപകട മരണങ്ങൾ കുറയ്‌ക്കുന്നതിനുമായി ജില്ലാതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക