ബെംഗളൂരു: എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. ഉച്ചകഴിഞ്ഞ് 2.30ന് കേസ് പരിഗണിക്കും.
അതേസമയം മാസപ്പടി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ). വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്ഐഒ. കര്‍ണാടക ഹൈക്കോടതിയിലാണ് എസ്എഫ്ഐഒ ഇതു വെളിപ്പെടുത്തിയത്.
2021 ജനുവരിയിലാണ് ചട്ടവിരുദ്ധ ഇടപാടില്‍ അന്വേഷണം തുടങ്ങിയത്. അതിന്റെ ഭാഗമായി എക്സാലോജിക്കിന്റെ ഉടമ വീണ വിജയനില്‍ നിന്ന് 2022 ജൂലൈ 22ന് നേരിട്ടു മൊഴിയെടുത്തു. ബെംഗളൂരു ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. അന്ന് വീണ വിജയനു പിഴ ഇട്ടിരുന്നു. അതേ വര്‍ഷം നവംബറിലാണ് എക്സാലോജിക് പൂട്ടിയതെന്നും എസ്എഫ്ഐഒ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികളാണ് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇന്ട്രിം സെറ്റില്‍മെന്റ് ബോ
ര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. മൂന്നു വര്‍ഷം മുമ്പ് വീണയുടെ എക്സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു ലഭിച്ച പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങുമ്പോള്‍ പല തവണ വീണയുടെ കമ്പനിയെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയം കേരളത്തില്‍ ചര്‍ച്ചയായത് ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ്.
ആദ്യം ബെംഗളൂരു ആര്‍ഒസി അന്വേഷണമായിരുന്നു. അന്നെല്ലാം പല തവണ വീണയുടെ കമ്പനിക്ക് സമന്‍സ് അയച്ചു, വിശദീകരണങ്ങള്‍ തേടി. അതിനൊന്നും വീണ വ്യക്തമായി മറുപടി നല്‍കിയില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്നാണ് വീണ പറഞ്ഞത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയതുള്‍പ്പെടെയുള്ള ഇടപാടുകളിലാണ് എസ്എഫ്ഐഒ അന്വേഷണം.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ എക്സാലോജിക് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ വീണയ്ക്ക് തിരിച്ചടിയേറ്റു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: