തിരുവനന്തപുരം: മദ്യപാനികളുടെയും ആഭാസന്മാരുടെയും വിഹാരകേന്ദ്രമായി തിരുവനന്തപുരം ശംഖുംമുഖം കടല്‍ത്തീരം. ശംഖുംമുഖം മണ്ഡപത്തിന് സമീപം കടല്‍ത്തിട്ടയോട് ചേര്‍ന്നുള്ള തീരത്താണ് ഇവര്‍ തമ്പടിക്കുന്നത്. രാത്രിയായാല്‍ നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങൾ തീരത്ത് മദ്യക്കുപ്പികളും ആഹാരവുമായി ചേക്കേറും. പിന്നീട് പരസ്യം മദ്യപാനവും ആക്രോശവുമാണ്.
ചിതറിക്കിടക്കുന്ന ആഹാരാവശിഷ്ടങ്ങളും പൊട്ടിക്കിടക്കുന്ന മദ്യക്കുപ്പികളും തീരത്തെങ്ങും കാണാനാകും. മദ്യക്കുപ്പികള്‍ പൊട്ടി ചിതറിക്കിടക്കുന്നത് ശംഖുംമുഖം തീരത്ത് കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തുന്നവരെ നിരാശരാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എത്ര വികൃതമായി മാറുന്നു എന്നതിന് ഉദാഹരണമാണ് തീരം. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവര്‍ മദ്യലഹരിയില്‍ പരസ്പരം പോരടിക്കുന്നതും അസഭ്യം വിളിക്കുന്നതും കുറവല്ല.
വലിയതുറ പോലീസിന്റെ പരിശോധന ഈ ഭാഗത്ത് ഉണ്ടാകാറുണ്ടെങ്കിലും പോലീസ് സംഘം നീങ്ങുന്നതോടെ ഇവര്‍ വീണ്ടും ഇവിടെ തമ്പടിക്കും. അതുകൊണ്ടുതന്നെ സ്ഥിരമായ ഒരു പോലീസ് എയ്ഡ്‌പോസ്റ്റ് പോലുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായാല്‍ മാത്രമേ സാമൂഹ്യവിരുദ്ധ ശല്യത്തിന് അറുതി വരുത്താന്‍ സാധിക്കുകയുള്ളൂ.
പരസ്യ മദ്യപാനം തീരത്തുള്ളവര്‍ ചോദ്യം ചെയ്താല്‍ അസഭ്യവര്‍ഷവും ഭീഷണിയുമാണ് ഫലം. പുറത്തുനിന്ന് എത്തുന്നവരാണ് തീരം കേന്ദ്രമാക്കി മദ്യപാനവും മറ്റും നടത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തീരത്ത് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും നേരം പുലരുന്നതോടുകൂടി കാറ്റില്‍ പറന്നു നടക്കുന്നത് സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ വിഷമിപ്പിക്കുന്നു.
മദ്യപാനികള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സമയങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാകണമെന്നും പോലീസ് അടിയന്തരമായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും ശംഖുംമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫ്രിന്‍ ഫ്രെഡി പറഞ്ഞു. സാമൂഹ്യവിരുദ്ധ ശല്യത്തിന് പിടിക്കപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാല്‍ മാത്രമേ തുടര്‍ന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
പ്രശാന്ത് നികുഞ്ജം
പ്രതികരിക്കാൻ ഇവിടെ എഴുതുക: