Categories: Kerala

അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകണം; സപ്ലൈകോയിലെ പുതിയ നിരക്കുകൾ പുറത്തുവിട്ട്‌ ഭക്ഷ്യവകുപ്പ്

Published by

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ‌ പുതിയ നിരക്കുകൾ പുറത്തുവിട്ട്‌ ഭക്ഷ്യവകുപ്പ്. ഓരോ സാധനങ്ങളുടെയും വിപണിവിലയിൽ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ്‌ തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നൽകിയ പുതിയ വിലയ്‌ക്കാകും മാവേലി സ്റ്റോറുകളിൽ ഇനി സബ്‌സിഡി സാധനങ്ങൾ ലഭിക്കുക.

പുതിയ നിരക്ക്‌ അനുസരിച്ച്‌ 13 ഇനം സാധനങ്ങളിൽ എറ്റവും വിലകൂടിയത് മുളകിനാണ്. 37.50 രൂപയ്‌ക്ക്‌ ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകേണ്ടിവരും. 44.50 രൂപയാണ് വർധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി. വൻപയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വൻകടല കിലോയ്‌ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്‌ക്ക് 6 രൂപയും വെളിച്ചെണ്ണയ്‌ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികൾക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്.

25 രൂപയ്‌ക്ക് കിട്ടിയിരുന്ന അരി ഇനങ്ങൾ വാങ്ങാൻ 30 രൂപ വരെ ഇനി നൽകണം. പച്ചരിക്ക് മൂന്ന് രൂപ കൂടിയപ്പോൾ മല്ലിക്ക്‌ 50 പൈസ കുറഞ്ഞു. മല്ലിവില കണക്കാക്കിയപ്പോൾ പിശക് പറ്റിയോ എന്ന കാര്യം ഭക്ഷ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഉഴുന്ന്, പയർ ഇനങ്ങൾ മാത്രമാണ് നിലവിൽ മാവേലി സ്റ്റോറുകളിൽ സ്റ്റോക്ക് ഉള്ളത്. സാധനങ്ങൾ പുതിയ സ്റ്റോക്ക് വരുമ്പോൾ മാത്രമേ പുതിയ വില പ്രാബല്യത്തിൽ ആകൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക