ലഖ്‌നൗ: പലായനം പൂര്‍ണമാകുന്നു. രാഹുല്‍ അമേഠി വിട്ടതിന് പിന്നാലെ റായ്ബറേലി ഉപേക്ഷിച്ച് അമ്മ സോണിയയും. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇനി മത്സരം നല്ലതാകില്ലെന്ന തിരിച്ചറിവില്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് ചേക്കേറാന്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം. ഇന്നലെ ജയ്പൂരില്‍ മക്കള്‍ രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ പക്കലുള്ള ഏക സീറ്റാണ് റായ്ബറേലി. സോണിയ രാജ്യസഭയിലേക്ക് പോകുന്നതോടെ ആ സീറ്റും നഷ്ടമാകുമെന്ന് ഉറപ്പായി. ഇതോടെ നെഹ്രു കുടുംബ മുക്ത ഉത്തര്‍പ്രദേശ് എന്നത് സംഭവിക്കാനുള്ള സാധ്യതകളെപ്പറ്റിയാണ് ദേശീയ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്നത്.
1951-52 മുതല്‍ യുപിയില്‍ നെഹ്രു കുടുംബം മത്സരരംഗത്തുണ്ട്. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു യുപിയിലെ ഫൂല്‍പൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനായിരുന്നു ഇന്ദിരയ്‌ക്ക് താല്പര്യം. അച്ഛന്‍ ഫിറോസ് ഗണ്ഡി പ്രതിനിധാനം ചെയ്തിരുന്ന അമേഠിയില്‍ നിന്ന് സഞ്ജയും രാജീവും മത്സരിച്ചു വിജയിച്ചിട്ടുണ്ട്. സോണിയ ഭര്‍ത്താവിന്റെ അമേഠിയിലും ഭര്‍തൃമാതാവ് ഇന്ദിരയുടെ റായ്ബറേലിയിലും മത്സരിച്ചു വിജയിച്ചു. രാഹുല്‍ അമേഠിയില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചുവന്നെങ്കിലും 2019ല്‍ സ്മൃതി ഇറാനിയോട് ദയനീയമായി തോറ്റതോടെയാണ് നെഹ്രു കുടുംബത്തിന് യുപിയിലെ കഷ്ടകാലം തുടങ്ങുന്നത്. ഏഴു പതിറ്റാണ്ടായി നെഹ്രു കുടുംബം കൈവശം വയ്‌ക്കുന്ന പരമ്പരാഗത സീറ്റുകളില്‍ നിന്നെല്ലാം ജനം അവരെ കൈയൊഴിയുകയാണ്.
പാരമ്പര്യം പറഞ്ഞ് ഗ്രാമീണ ജനതയെ പറ്റിച്ച് ഈ സീറ്റുകള്‍ കാലാകാലങ്ങളായി ഇവര്‍ കൈവശംവയ്‌ക്കുകയായിരുന്നു. അമേഠിയില്‍ രാഹുല്‍ തോറ്റതോടെയാണ് ആ മണ്ഡലം വികസനമെന്തെന്ന് അറിയാന്‍ തുടങ്ങിയത്. ഇത്തവണ റായ്ബറേലിയില്‍ സോണിയയും പരാജയം ഉറപ്പാക്കിയെന്നാണ് രാജ്യസഭ വഴി നീങ്ങാനുള്ള ശ്രമം തെളിയിക്കുന്നത്. രാഹുല്‍ അമേഠിയില്‍ വീണ്ടും മത്സരിക്കുമെന്നും റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും പുതിയ യുപിയില്‍ നെഹ്രു കുടുംബത്തിന് സുരക്ഷിത മണ്ഡലങ്ങളില്ല എന്നതാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: