Categories: Kerala

സപ്ലൈകോ സബ്‌സിഡി കുറച്ചു; അരിയും പഞ്ചസാരയും ഉള്‍പ്പെടെ 13 ഇന സാധനങ്ങള്‍ക്ക് വില കൂടും

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. സബ്​സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന്​ മന്ത്രിസഭായോഗം അംഗീകാരം നൽകി. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു.

നിലവില്‍ സര്‍ക്കാരും സപ്ലൈകോയും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.  ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്ക് വില കൂടും.

വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്‌ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവിൽ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയിൽ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.

സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ 6 മാസത്തിലേറെയായി പല സാധനങ്ങളും വിൽപനശാലകളിൽ ഇല്ല.

2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by