കോട്ടയം: ഓയില്‍ പെയിന്റിങ്ങിലൂടെ മനുഷ്യ ശരീരത്തിന്റെ അഭൗമ സൗന്ദര്യം വരച്ചിട്ട വിഖ്യാത ചിത്രകാരി രുഗ്മിണി വര്‍മ്മ ശതാഭിഷേക നിറവില്‍. ഭാരതീയ ചിത്രകലയെ ലോകത്തിന് മുന്നില്‍ അനാവൃതമാക്കിയ രാജാ രവിവര്‍മ്മയുടെ ഇളമുറക്കാരിയാണ് തിരുവിതാംകൂര്‍ മഹാറാണിയും ആറ്റിങ്ങല്‍ മൂത്ത തമ്പുരാനുമായ ഭരണിതിരുനാള്‍ രുഗ്മിണി ബായി തമ്പുരാന്‍.
തിരുവിതാംകൂറിന്റെ അവസാന മഹാറാണി പൂരാടം തിരുനാള്‍ സേതുലക്ഷ്മി ബായിയുടെ മകള്‍ ഉത്രം തിരുനാള്‍ ലളിതാംബ ബായിയുടെ മകളായി 1940 ഫെബ്രുവരി 15 ന് ജനനം. ഇന്നും ചിത്രരചനയില്‍ സജീവം. പ്രാര്‍ത്ഥനാനിരതമായ ജീവിതത്തിലിപ്പോള്‍ വരയ്‌ക്കുന്നതേറെയും ഈശ്വര ചിത്രങ്ങള്‍. ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ രണ്ടാമത്തെ മകനൊപ്പം താമസം. ശതാഭിഷേകത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍ ക്ലബ്ബില്‍ കുടുംബാംഗങ്ങള്‍ മാത്രം ഒത്തുചേര്‍ന്നുള്ള ലളിതമായ ആഘോഷം ഇന്ന് നടക്കും.
കൊട്ടാരത്തിന്റെ ചുമരുകളെ അലങ്കരിച്ചിരുന്ന രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് പുറമെ, മുത്തശ്ശി മഹാറാണി സേതുലക്ഷ്മീ ഭായി തമ്പുരാട്ടി യൂറോപ്പിലെ പ്രധാന ആര്‍ട്ട് ഗാലറികളില്‍ നിന്ന് വരുത്തിയ വാര്‍ഷിക കാറ്റലോഗുകളില്‍ നിറഞ്ഞുനിന്ന പ്രസിദ്ധ ചിത്രകാരന്മാരുടെ ഉദാത്ത സൃഷ്ടികളിലും കുഞ്ഞു രുഗ്മിണി ആകൃഷ്ടയായി. ആറാം പിറന്നാളിന് അമ്മാവന്‍ സമ്മാനമായി നല്കിയത് ബോംബെയില്‍ നിന്ന് വരുത്തിയ പെയിന്റിങ് കിറ്റ്. ബാല്യത്തില്‍ തുടങ്ങിയ ചിത്രരചനാ സപര്യ ഇന്നും തുടരുന്നു. ആ യാത്രയില്‍ സുവര്‍ണ മുഹൂര്‍ത്തങ്ങളും ഏറെ.
1976 ല്‍ ലണ്ടണിലെ ഇന്ത്യാ ഹൗസില്‍ നടന്ന രുഗ്മിണിയുടെ ചിത്രപ്രദര്‍ശനത്തില്‍ മുഖ്യാതിഥിയായി എത്തിയത് ഭാരതത്തിന്റെ അവസാന വൈസ്രോയിയും ആദ്യ ഗവര്‍ണര്‍ ജനറലുമായ മൗണ്ട്ബാറ്റന്‍ പ്രഭു. സേതുലക്ഷ്മീ ബായിയുടെ കൊച്ചുമകള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു അതെന്ന് രുഗ്മിണി വര്‍മ്മ പറഞ്ഞിട്ടുണ്ട്. 1970ല്‍ ബെംഗളൂരുവില്‍ ആയിരുന്നു ആദ്യ ചിത്രപ്രദര്‍ശനം. 1973ല്‍ നടന്ന രണ്ടാമത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് കര്‍ണാടക ഗവര്‍ണര്‍ മോഹന്‍ലാല്‍ സുഖാദിയ. 1974ല്‍ ദല്‍ഹി ലളിത കലാ അക്കാദമിയിലായിരുന്നു മൂന്നാമത്തെ എക്‌സിബിഷന്‍, ഉദ്ഘാടകന്‍ അന്നത്തെ രാഷ്‌ട്രപതി വി.വി. ഗിരി.
ഗ്രീക്ക് പുരാണ കഥാപാത്രങ്ങളുടെ സ്വാധീനം രുഗ്മിണിയുടെ വരകളില്‍ പ്രകടമാണ്. മാതൃത്വം തുളുമ്പുന്ന ഒട്ടേറെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. ശരീരത്തിന്റെ ത്രിമാനതലവും ചര്‍മകാന്തിയുമാണ് ചിത്രരചനയില്‍ പ്രചോദനം. 1988ല്‍ ഇളയ മകന്‍ രഞ്ജിത്ത് മരിച്ചതോടെ രുഗ്മിണിയുടെ ജീവിതം പൂജാമുറിയില്‍ മാത്രമായി ഒതുങ്ങി. ക്ഷേത്രദര്‍ശനത്തിലായിരുന്നു ആശ്വാസം. നീണ്ട ഇടവേളയ്‌ക്ക് ശേഷം വരയിലേക്ക് മടങ്ങി. 2017ല്‍ ബെംഗളൂരുവില്‍ ഗീതാഞ്ജലി മിയാനിയുടെ ഗ്യാലറി ജിയില്‍ രുഗ്മിണിയുടെ ‘ഒപ്പുലന്‍സ് ആന്‍ഡ് എറ്റേണിറ്റി’ ചിത്രപ്രദര്‍ശനം നടന്നു. വിളക്കേന്തിയ വനിത, അമ്മയും കുഞ്ഞും, രാവണനില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ജഡായു, യശോദയും കൃഷ്ണനും, വിശ്വാമിത്രനും മേനകയും, നായര്‍ പെണ്‍കുട്ടികള്‍, നളദമയന്തി, മോഹിനി, രഹസ്യത്തിന്റെ ഇടനാഴി, പ്രതീക്ഷ സീരിസില്‍ ഉള്‍പ്പെടുന്ന മോഹസാക്ഷി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍. വരച്ചവ ഏറെയും വന്‍ തുകയ്‌ക്ക് വിറ്റുപോയി.
ചിത്രരചനയില്‍ മാത്രമല്ല, ഭരതനാട്യം, മോഹിനിയാട്ടം, കഥക് എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചു. രാജാ രവിവര്‍മ്മയെക്കുറിച്ച് ഹിഡണ്‍ ട്രൂത്ത് എന്ന ഗ്രന്ഥവും രചിച്ചു. രാജാ രവിവര്‍മ്മ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാണ്. ഭര്‍ത്താവ് പരേതനായ ദേവിപ്രസാദ് വര്‍മ്മ. മക്കള്‍: ലോകോത്തര പെന്‍സില്‍ ആര്‍ട്ടിസ്റ്റ് ജയ് വര്‍മ്മ, വേണുഗോപാല്‍ വര്‍മ്മ (ഓസ്‌ട്രേലിയ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: