വയനാട്ടില്‍ വീട്ടുമുറ്റത്ത് കയറി കര്‍ഷകനെ കൊന്ന ആന കാടുകയറി. ആനയെക്കണ്ടെത്താനുള്ള ശ്രമം ഇന്നലെ വൃഥാവിലായി. ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ഫലത്തില്‍ നിഷ്ഫലമാവുകയും ചെയ്തു. അതിര്‍ത്തി നോക്കിയല്ല ആന കേരളത്തിലെത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട കാട്ടാനയാണ് ശനിയാഴ്ച രാവിലെ മാനന്തവാടിയില്‍ ഇറങ്ങി പടമല ചാലിഗദ്ദ പനിച്ചിയില്‍ അജീഷെന്ന 47 കാരനെ കൊന്നത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇടപെട്ട ഉദ്യോഗസ്ഥര്‍ 10ലക്ഷം സഹായധനവും ഭാര്യയ്‌ക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കടങ്ങള്‍ എഴുതിത്തള്ളുമെന്നും കൂടുതല്‍ സഹായത്തിന് ശുപാര്‍ശ ചെയ്യാമെന്ന ഉറപ്പുമാണ് ജനരോഷം ശമിപ്പിച്ചത്.
വയനാടിനെ വിറപ്പിച്ച തണ്ണീര്‍കൊമ്പന്‍ ഇറങ്ങിയിട്ട് ഒരു മാസം തികയും മുമ്പാണ് രണ്ടാമത്തെ ആനയും ഇറങ്ങിയത്. തണ്ണീര്‍കൊമ്പന്‍ മയക്കുവെടിയേറ്റ് മരണപ്പെട്ടിരുന്നു. എന്നിട്ടും കേരള വനംവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല എന്നുവേണം കരുതാന്‍. വനം മന്ത്രി നാട്ടിലിരുന്ന് വാചകമടിക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. വനംമന്ത്രിക്ക് പണി എന്താണെന്നാണ് അറിയേണ്ടത്. അമിതമായി വിമര്‍ശിച്ച് വനംവകുപ്പിന്റെ ആത്മവീര്യം തകര്‍ക്കരുതെന്നാണ് മന്ത്രി കോഴിക്കോട്ടിരുന്ന് പ്രസ്താവിച്ചത്. ആനയുടെ സിഗ്നല്‍ ലഭിക്കാന്‍ വൈകിയെന്നും വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങള്‍ക്ക് സംവിധാനമില്ലെന്നുമാണ് മന്ത്രിയുടെ ന്യായം.
കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്നു മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗവും തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ അഞ്ചുലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടാനാണ് തീരുമാനം. ഹാസന്‍ ജില്ലയിലെ ബേലൂര്‍, ആലൂര്‍, സകലേശ്പൂര്‍ റേഞ്ചുകളില്‍നിന്നായി കര്‍ണാടക വനംവകുപ്പ് അടുത്തിടെ പിടികൂടി റേഡിയോ കോളര്‍ പിടിപ്പിച്ച് കേരള അതിര്‍ത്തി വനത്തിലേക്കു വിട്ടത് 5 കാട്ടാനകളെയാണത്രെ. ഇനി 4 കാട്ടാനകളെ കൂടി മയക്കുവെടിവച്ച് പിടികൂടി കാടുകടത്താന്‍ വനംവകുപ്പു പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നവംബര്‍ 23 നു തുടങ്ങിയ പ്രത്യേക ദൗത്യത്തിലൂടെയാണ് ഇത്രയധികം ആനകളെ കര്‍ണാടക വനംവകുപ്പു പിടികൂടിയത്. കുട്ടയിലെ ആനപ്പന്തിയില്‍നിന്ന് 9 കുങ്കിയാനകളെ എത്തിച്ചാണു ദൗത്യം. തണ്ണീര്‍ക്കൊമ്പനെയും ബേലൂര്‍ മഖ്‌നയെയും ഈ ‘സ്‌പെഷല്‍ െ്രെഡവി’ലാണ് കര്‍ണാടക പിടികൂടിയത്. തണ്ണീര്‍ക്കൊമ്പനെ കേരള അതിര്‍ത്തിയോടു ചേര്‍ന്നു ബന്ദിപ്പൂര്‍ വനത്തിലും ബേലൂര്‍ മഖ്‌നയെ കേരള അതിര്‍ത്തിയോടു ചേര്‍ന്നു മൂലഹൊള്ളയിലും തുറന്നുവിടുകയും അവ ജനവാസമേഖലയിലെത്തുകയും ചെയ്തു. 1987 മുതല്‍ 2021 വരെ 87 കാട്ടാനകളെ കാടുകയറ്റിയതായി കര്‍ണാടക വനപാലകര്‍ സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞ 5 വര്‍ഷമായി ഹാസന്‍ ജില്ലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 65 പേരെ കാട്ടാന കൊന്നു. തുടര്‍ന്നാണു ജനവാസകേന്ദ്രങ്ങളില്‍ സ്ഥിരമായെത്തുന്ന എല്ലാ കാട്ടാനകളെയും പിടികൂടി റേഡിയോ കോളര്‍ പിടിപ്പിച്ചു കാട്ടിലേക്കു വിടാന്‍ തീരുമാനമായത്. ജനവാസകേന്ദ്രങ്ങളിലിറങ്ങി ശീലമായ കാട്ടാനകള്‍ അധികകാലം കാട്ടില്‍ തുടരില്ലെന്നും തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കര്‍ണാടക വനംവകുപ്പ് കാടുകയറ്റുന്ന കടുവകളും കരടികളുമുണ്ടാക്കുന്ന ഭീഷണി വേറെ. വേനല്‍ക്കാലമായതോടെ ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോള വനങ്ങളില്‍നിന്നു വന്യജീവികള്‍ വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ പലായനം തുടങ്ങിയിട്ടുമുണ്ട്.
കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതു ശരിയല്ല. അവ സ്വാഭാവിക പാതകളിലൂടെയാണു സഞ്ചരിക്കുന്നത്. ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോളെ വന്യജീവിസങ്കേതങ്ങളുമായി വയനാട് വന്യജീവി സങ്കേതം അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഭക്ഷണവും വെള്ളവും തേടി കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും മൃഗങ്ങള്‍ സ്വതന്ത്രമായി സഞ്ചരിക്കുക പതിവാണ്. കാട്ടിലെ അവസ്ഥയെന്താണ്. എന്തുകൊണ്ടാണ് മൃഗങ്ങള്‍ നാട്ടിലെത്തുന്നത്. ഇതുനോക്കാന്‍ സംവിധാനമുണ്ടോ? നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ കേന്ദ്രം അനുവാദം നല്‍കുന്നില്ലെന്ന് പറയുന്ന മന്ത്രി അടിസ്ഥാന പ്രശ്‌നങ്ങളല്ലെ നോക്കേണ്ടത്. ഇതിനായി കേന്ദ്രം അനുവദിച്ച പണം എന്തുചെയ്തു എന്നു കൂടി പറയാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. ആനചത്താലും ആളു ചത്താലും ഒരു കുലുക്കവുമില്ലാത്ത മന്ത്രി നാടിനു തന്നെ നാണക്കേടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: