ന്യൂദല്‍ഹി: കേരളത്തെ കടമെടുത്തു മുടിക്കാന്‍ തീരുമാനിച്ചുറച്ച് പിണറായി സര്‍ക്കാര്‍. 26,226 കോടി രൂപ കൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു.
2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1.62 ലക്ഷം കോടിയായിരുന്നു. എട്ടുവര്‍ഷം കൊണ്ട് 4.29 കോടിയായി ഉയര്‍ത്തിയ ‘സാമ്പത്തിക നേട്ടമാണ്’ തോമസ് ഐസക്കും കെ.എന്‍. ബാലഗോപാലും കേരളത്തിനു സമ്മാനിച്ചത്. എന്നിട്ടും മതിയാകാതെ പിണറായിയും സംഘവും നാണമൊന്നുമില്ലാതെയാണ് കൂടുതല്‍ കടമെടുക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുന്നെന്ന ഗുരുതര ആരോപണവും ചീഫ് സെക്രട്ടറി വി. വേണു വഴി ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്. അനിയന്ത്രിതമായ കടമെടുപ്പും നികുതി പിരിവിലെ പരാജയവും പ്രതിസന്ധിയിലാക്കിയ കേരളത്തിന്റെ സമ്പദ്ഘടനയെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളി വിടാനാണ് ഇടതു സര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് തികഞ്ഞ പരാജയമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേരളത്തോട് ഒരുവിധത്തിലുമുള്ള അയിത്തവും കേന്ദ്രത്തിനില്ലെന്ന് പാര്‍ലമെന്റില്‍ കണക്കുകള്‍ സഹിതം കേന്ദ്ര ധനമന്ത്രി വിശദീകരിച്ചതിനുശേഷവും സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ പിണറായി സര്‍ക്കാരിന്റേത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നു തെളിഞ്ഞു. എന്‍ഡിഎ ഭരണകാലത്ത് കേരളത്തിനുള്ള നികുതി വിഹിതത്തില്‍ 224 ശതമാനം വര്‍ധനയും ഗ്രാന്റുകളും സഹായങ്ങളുമായി 458 ശതമാനം അധിക തുക നല്കിയതും കേന്ദ്രധനമന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: