Categories: Kerala

എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കണമെന്ന് അജിത് പവാര്‍ പക്ഷം; ആവശ്യം തള്ളി ശശീന്ദ്രന്‍

Published by

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. ശരദ് പവാറിന്റെ കൂടെയാണെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വഹിക്കുന്ന സ്ഥാനം രാജിവെച്ചതിന് ശേഷമാണ് എകെ ശശീന്ദ്രന്‍ അക്കാര്യം പറയേണ്ടത്. നോട്ടീസ് നല്‍കും. പാര്‍ട്ടിയുടെ ഭാഗമായി വന്നില്ലെങ്കില്‍ അയോഗ്യരാക്കേണ്ട നടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിലൂടെ അറിയിക്കും.’ എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് എന്‍എ മുഹമ്മദ് കുട്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജി ആവശ്യം തള്ളിയ എ.കെ ശശീന്ദ്രന്‍ ഉത്തരവ് ശരിയായി വായിക്കാത്തവര്‍ ആണ് രാജി ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നാഗാലാന്‍ഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബാധകമെന്നും പ്രതികരിച്ചു. യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണ്. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ എന്‍സിപിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത്പക്ഷത്തേക്ക് പോയി. പിന്നാലെ കേരള ഘടകം ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന് അധികാര മോഹമാണെന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേരളത്തില്‍ എന്‍സിപി ഇടതുമുന്നണിക്കൊപ്പം തുടരും. ബിജെപിക്കൊപ്പം പോകില്ലെന്നും അറിയിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by