കിളിമാനൂര്‍: നാഷണല്‍ പീരിയോഡിക്കല്‍ ദിനത്തിന്റെ ഭാഗമായി 118 മൂലകങ്ങളെ ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ച് കഴിവ് തെളിയിച്ച് വീല്‍ ചെയറില്‍ കഴിയുന്ന ഭദ്രാദേവി (13) എന്ന മിടുക്കി നാഷണല്‍ ബ്രെയിന്‍ ഹാക്കേഴ്സ് പട്ടികയില്‍ ഇടം നേടി ശ്രദ്ധേയമാകുന്നു.
ഒരു മിനിട്ടും 20 സെക്കന്റും കൊണ്ട് 118 മൂലകങ്ങളുടെ പേരും വിശദീകരണവും നല്‍കിയാണ് ഈ എട്ടാം ക്ലാസുകാരി ദേശീയ തലത്തില്‍ ഇടം നേടിയ 60 പേരില്‍ ഒരാളായത്. യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം ആണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ 45 വയസുള്ള രക്ഷിതാക്കള്‍ വരെ ഉള്‍പ്പെട്ടിരുന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, യുകെ, നൈജീരിയ, ഒമാന്‍ തുടങ്ങി ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു.
ഓരോ മൂലകത്തിനും അതിന്റേതായ പ്രത്യേക പേരും ചിഹ്നവും അറ്റോമിക് നമ്പരും ഉണ്ട്. ഓരോന്നും അവയുടെ ഗുണങ്ങളെ അടിസ്ഥാനമാക്കി വരികളിലും നിരകളിലും ക്രമീകരിച്ചിരിക്കുന്നു. ഇതിനെയാണ് ആവര്‍ത്തനപ്പട്ടിക(പീരിയോടിക് ടേബിള്‍) എന്നു വിളിക്കുന്നത്. മൂലകങ്ങള്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസ്സിലാക്കാന്‍ പീരിയോഡിക് ടേബിള്‍ ശാസ്ത്രജ്ഞരെയും വിദ്യാര്‍ഥികളെയും സഹായിക്കുന്നു. ഇത് ഓര്‍ത്തു വയ്ക്കുക എന്നത് ഏറെ ശ്രമകരമാണ്. ഇവിടെയാണ് ഭദ്രാദേവി വിജയിച്ചത്.
മെമ്മറി ട്രെയിനറും മെമ്മറിയില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഹോള്‍ഡറും നാഷണല്‍ മെമ്മറി അത്ലറ്റുമായ കടയ്ക്കല്‍ ശാന്തി സത്യന് അനിത് സൂര്യയുടെ കീഴിലാണ് ഭദ്രാദേവി പരിശീലനം നേടിയത്. ജന്മനാ അരയ്ക്ക് താഴെ പൂര്‍ണമായും തളര്‍ന്ന നിലയിലാണ് ഭദ്രാദേവി. ഇതിനോടകം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഇളമ്പ ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ ചെമ്പൂര് മുദാക്കല്‍ കുന്നുവിള പുത്തന്‍വീട്ടില്‍ മുകുന്ദന്‍പിള്ള-മായ ദമ്പതികളുടെ മകളുമാണ് ഭദ്രാദേവി.
ദിവസവും 200 രൂപയോളം ചെലവിട്ടാണ് കുട്ടിയെ സ്കൂളില്‍ എത്തിക്കുന്നത്. കൂലിപ്പണിക്കാരനായ മുകുന്ദപിള്ളയ്ക്ക് താങ്ങാവുന്നതിലപ്പുറമാണ് കുട്ടിയുടെ ചികിത്സാ പഠനചെലവുകള്‍. ഒരു ദിവസം പോലും മുടങ്ങാതെ കുട്ടിയെ സ്കൂളില്‍ എത്തിക്കുന്ന കാര്യത്തില്‍ അച്ഛനും അമ്മയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നാലുസെന്റിലെ ചെറിയ വീട്ടില്‍ കഴിയുന്ന ഭദ്രയ്ക്ക് ഐടിഐയില്‍ പഠിക്കുന്ന ശങ്കര്‍ മഹാദേവന്, നാലാം ക്ലാസുകാരന് കാശിനാഥന് എന്നിവരും കൂടെപിറപ്പുകളായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: