Categories: Football

പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് ആശ്വാസം; എഫ് എ കപ്പില്‍ മുന്നോട്ട്

Published by

ബിര്‍മിങ്ഹാം: പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്കും ടീം പരിശീലകന്‍ മൗറീഷിയോ പൊച്ചെട്ടീനോയ്‌ക്കും തല്‍ക്കാലം ആശ്വസിക്കാം. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ആസ്റ്റണ്‍ വില്ലയെ അവരുടെ സ്വന്തം വില്ല പാര്‍ക്കില്‍ തകര്‍ത്തുകൊണ്ട് ചെല്‍സി എഫ് എ കപ്പ് നാലാം റൗണ്ട് കടന്നു. 3-1ന്റെ മികച്ച വിജയത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെയും പ്രീമിയര്‍ ലീഗ് ടീമുകളെയും ഞെട്ടിച്ചിരിക്കുകയാണ് ചെല്‍സി.

അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ മികച്ചൊരു ഫ്രീക്കിക്ക് ഗോളായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. കളിയുടെ രണ്ടാം പകുതിയില്‍ മത്സരത്തിന് 54 മിനിറ്റെത്തിയപ്പോള്‍ ലഭിച്ച ഫ്രീക്കിക്ക് 30 വാര അകലെ നിന്ന് അതിമനോഹരമായി താരം വലയിലെത്തിക്കുകയായിരുന്നു. അതും സ്വന്തം നാട്ടുകാരനായ ഒന്നാന്തരം ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ കീഴടക്കിക്കൊണ്ട്.

സീസണില്‍ വല്ലാതെ മങ്ങിപ്പോയതിന്റെ യാതൊരു വിഷമതകളും പ്രകടിപ്പിക്കാതെ ഒരു ചാമ്പ്യന്‍ ടീം എന്ന പോലെയാണ് വില്ല പാര്‍ക്കില്‍ ഇന്നലെ ചെല്‍സി കളിച്ചത്. തുടക്കം മുതലേ പൊച്ചെട്ടീനോയുടെ ടീം കളത്തില്‍ നടത്തിയ നീക്കങ്ങളില്‍ സീസണില്‍ കുതിച്ചുപൊന്തിനില്‍ക്കുന്ന ആസ്റ്റണ്‍ പട പതറി. 11-ാം മിനിറ്റില്‍ കോണോര്‍ ഗാല്ലഘെറിലൂടെ ചെല്‍സി ആദ്യ ഗോള്‍ കണ്ടെത്തി. ഞെട്ടിപ്പിക്കുന്നൊരു നീക്കത്തിലൂടെ ചെല്‍സി ടീം നടത്തിയ ഫിനിഷിങ് കണ്ട് സീസണില്‍ തോറ്റുതൊപ്പിയിട്ട് കിടക്കുന്ന ടീമാണോ ഇതെന്ന് സംശയം തോന്നിപ്പിക്കുന്ന ഗോളായിരുന്നു അത്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ 23 കളികള്‍ കളിച്ച ടീം 10 എണ്ണത്തിലും തോറ്റു. ഒമ്പത് വിജയവുമായി പട്ടികയില്‍ 11-ാം സ്ഥാനത്താണ് ചെല്‍സി.

ആദ്യ ഗോള്‍ പിറന്ന് ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം അടുത്ത ഗോള്‍. താരങ്ങള്‍ തമ്മിലുള്ള കണക്ടിങ് ഗെയിമിന്റെ ചാരുത ഒരിക്കല്‍ കൂടി അറിയിച്ചുകൊണ്ടുള്ള ഗോളായിരുന്നു അത്. പിന്നില്‍ നിന്നും പന്തുമായി മുന്നിലേക്കെത്തിയ ചെല്‍സി വലത് ഡിഫെന്‍ഡര്‍ മാലോ ഗസ്‌റ്റോ നല്‍കിയ പിഴവറ്റ ക്രോസ്. അതിലേക്ക് പറഞ്ഞുവച്ചെന്ന പോലെ എത്തിയ നിക്കോളാസ് ജാക്ക്‌സണിന്റെ ഹെഡ്ഡര്‍. ഇതും കൂടിയായതോടെ ചെല്‍സി തിരിച്ചുവരവിന്റെ പാതയിലെത്തിയ ലക്ഷണം വ്യക്തമായി. പക്ഷെ കഴിഞ്ഞില്ല മത്സരം ഇനിയും കിടക്കുന്നു, ടീമിന് സ്ഥിരത പുലര്‍ത്താനാകുമോയെന്ന് തെളിയിക്കണം.
90+1ാം മിനിറ്റില്‍ ആസ്റ്റണ്‍ വില്ല നേടിയ ആശ്വാസ ഗോളും വളരെ മികച്ചതായിരുന്നു. ജേക്കബ് റംസിയുടെ തന്ത്രപരമായ അസിസ്റ്റില്‍ മൂസ ഡയബി ഗോള്‍ നേടുകായയിരുന്നു.
ഗംഭീര വിജയത്തോടെ ചെല്‍സി എഫ് എ കപ്പില്‍ അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു. ഇതിലും തോറ്റെങ്കില്‍ പൊച്ചെട്ടീനോയുടെ കസേര വരെ തെറിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീണ്ടേനെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by